റിയാദ് - സുഗമമായ ഗതാഗത്തിനും റോഡുകള്‍ സുരക്ഷിതമാക്കാനും സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതായി പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കല്‍, പ്രതികരണ സമയവും പ്രവര്‍ത്തനക്ഷമതയും മെച്ചപ്പെടുത്തല്‍, സുരക്ഷാ സംവിധാനങ്ങള്‍ തമ്മില്‍ പൊരുത്തവും സംയോജനവും കൈവരിക്കല്‍, സാമൂഹിക പങ്കാളിത്തം, സമൂഹത്തിലെ അംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള നല്ല ഇടപെടല്‍ എന്നിവയിലൂടെ സുരക്ഷിതമായ സ്മാര്‍ട്ട് സിറ്റി എന്ന ആശയം നടപ്പിലാക്കുന്നതിനുള്ള ഭാവി ഓപ്ഷനാണ് സാങ്കേതികവിദ്യയുടെ ഉപയോഗമെന്ന് റിയാദില്‍ ഗ്ലോബല്‍ സ്മാര്‍ട്ട് സിറ്റി ഫോറത്തില്‍ 'സുരക്ഷിതമായ തെരുവുകളും സുഗമമായ ട്രാഫിക്കും: സ്മാര്‍ട്ട് സിറ്റികള്‍ക്ക് എങ്ങിനെ തിരക്ക് കൈകാര്യം ചെയ്യാനും റോഡ് ഉപയോക്താക്കളെ സംരക്ഷിക്കാനും കഴിയും' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സെഷനില്‍ പങ്കെടത്ത് പൊതുസുരക്ഷാ വകുപ്പ് മേധാവി പറഞ്ഞു.
ക്രൗഡ് മാനേജ്‌മെന്റ്, ക്രിമിനല്‍ ഇന്റലിജന്‍സ്, ക്രിമിനല്‍ സംഭവങ്ങള്‍ മുന്‍കൂട്ടി കാണല്‍, വെര്‍ച്വല്‍ സെക്യൂരിറ്റി ഗേറ്റുകള്‍ സജീവമാക്കല്‍, പെരുമാറ്റങ്ങള്‍ തിരിച്ചറിയല്‍, ട്രാഫിക് നിയന്ത്രിക്കല്‍ എന്നിവയിലൂടെ സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കുന്നതില്‍ പങ്കാളികളാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട സമ്പ്രദായങ്ങള്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി വിശദീകരിച്ചു.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, വീഡിയോ വിശകലന സംവിധാനങ്ങള്‍, സാങ്കേതിക സംവിധാനങ്ങള്‍, ബിഗ് ഡാറ്റ, ഇ-പോര്‍ട്ടലുകള്‍, കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററുകള്‍, സുരക്ഷാ സജ്ജീകരണങ്ങള്‍, സ്മാര്‍ട്ട് സെക്യൂരിറ്റി പട്രോളിംഗ് എന്നിവയിലൂടെ സ്മാര്‍ട്ട് സിറ്റി എന്ന ആശയം കൈവരിക്കാന്‍ ആഭ്യന്തര മന്ത്രാലയം പ്രവര്‍ത്തിക്കുന്നതായി പൊതുസുരക്ഷാ വകുപ്പ് മേധാവി പറഞ്ഞു.