കോഴിക്കോട്- സ്വന്തം കുടുംബത്തിന്റെ സമർദ്ദം പോലും താങ്ങാനാകാത്ത ഇ.പി ജയരാജനെയാണ് കേരളത്തിന്റെ ചുമതല ഏൽപ്പിച്ച് പിണറായി വിജയൻ അമേരിക്കയിലേക്ക് പോയതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പ്രളയാനന്തര കേരളത്തിൽ ഭരണകൂടം അതീവ ജാഗ്രതയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കേണ്ടതുണ്ടെന്ന കാര്യത്തിൽ ആർക്കും രണ്ടഭിപ്രായമുണ്ടാവാനിടയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോവുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അഭാവത്തിൽ മന്ത്രിസഭക്കും ഭരണകൂടത്തിനും നേതൃത്വം നൽകാൻ കടന്നു വരുന്നത് ആ നിലക്കുള്ള ഒരാളായിരിക്കണമെന്നും ഫിറോസ് പറഞ്ഞു. ഇത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണ് എന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ പറഞ്ഞൊഴിയാനാവില്ല. സ്വന്തം കുടംബത്തിന്റെ സമ്മർദ്ദം പോലും അതിജയിക്കാനാവാത്ത ഇ പി ജയരാജന് മുഖ്യമന്ത്രിയുടെ ചുമതല നിർവഹിക്കാനാവുമെന്ന് പിണറായി ഭക്തുക്കൾ പോലും സമ്മതിക്കുമെന്ന് തോന്നുന്നില്ല. തോമസ് ഐസക്കിനെ പോലെയുള്ളവരൊക്കെ(താരതമ്യേനെ മെച്ചപ്പെട്ട) മന്ത്രിസഭയിലുണ്ടാവുമ്പോൾ അവരെയൊന്നും ചുമതല ഏൽപ്പിക്കാതിരിക്കുന്നത് 'പെർഫോർമൻസ്' ഭയന്നിട്ടാണോ? എന്നും അതോ 'കേരള പുനർനിർമ്മാണം' എന്നത് ഒട്ടും ആത്മാർത്ഥതയില്ലാത്ത വാചകക്കസർത്തു മാത്രമാണോ എന്നും ഫിറോസ് ചോദിച്ചു.