മലപ്പുറം- തിരൂരിലെ അക്ഷയ കേന്ദ്രത്തില്‍ സൈബര്‍ ഹാക്കിങ്ങിനെ തുടര്‍ന്ന് ആധാര്‍ വിവരങ്ങള്‍ വ്യാപകമായി ചോര്‍ന്നു. ഇവ ഉപയോഗിച്ച് വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചതായി കണ്ടെത്തി. ഹാക്കിങ് നടത്തിയത് ചാര പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു.
തിരൂര്‍ ആലിങ്ങലിലെ അക്ഷയകേന്ദ്രത്തിലാണ് ഹാക്കിംഗ് നടന്നത്. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കേന്ദ്രം അധികൃതര്‍ ജില്ല സൈബര്‍ ക്രൈമില്‍ പരാതി നല്‍കി.
38 ആധാര്‍ കാര്‍ഡുകളുടെ അത് ഉപയോഗിച്ച് വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. അക്ഷയകേന്ദ്രത്തിലെ ആധാര്‍ സംവിധാനത്തിലാണ് നുഴഞ്ഞു കയറ്റം ഉണ്ടായത്. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശത്തുനിന്നാണ് ഹാക്കിങ് നടത്തിയതെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ വിലാസമോ രേഖകളോ ഇല്ലാത്തവര്‍ക്ക് വേണ്ടിയാകും ഇത് ചെയ്തതെന്നാണ് സൂചന.
ആലിങ്ങലിലെ അക്ഷയ സെന്ററിലെ ആധാര്‍ മെഷീനില്‍ നിന്ന് എന്റോള്‍ ചെയ്ത 38 എന്‍ട്രികള്‍ ഇത്തരത്തിലുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ ആധാര്‍ കാര്‍ഡുകള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജനുവരി 12നാണ് സംഭവം.
ഇവിടുത്തെ അക്ഷയ സെന്ററിലേക്ക് ഡല്‍ഹിയില്‍നിന്ന് യു.ഐ.ഡി അഡ്മിന്‍ ആണെന്ന് പരിചയപ്പെടുത്തിയ ആളുടെ ഫോണ്‍കോള്‍ വന്നു. അക്ഷയയിലെ ആധാര്‍ മെഷീന്‍ 10,000 എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയതിനാല്‍ വെരിഫിക്കേഷന്‍ ആവശ്യമാണെന്ന് പറഞ്ഞാണ് വിളിച്ചത്. തുടര്‍ന്ന് എനിഡെസ്‌ക് എന്ന സോഫ്റ്റ് വെയര്‍ കണക്ട് ചെയ്യാന്‍ നിര്‍ദേശിക്കുകയും ഇതോടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയായെന്നും പറഞ്ഞു. തുടര്‍ന്ന് പരിശോധനയുടെ ഭാഗമായി ഒരാളുടെ എന്റോള്‍മെന്റ് നടത്താന്‍ ആവശ്യപ്പെട്ടു. ഇത് ചെയ്തതോടെ അഡ്മിനാണെന്ന് പരിചയപ്പെടുത്തിയ ആള്‍ എല്ലാം ശരിയായെന്നും ജോലി തുടരാനും പറഞ്ഞ് എനിഡെസ്‌ക് കണക്ഷന്‍ വിച്ഛേദിക്കുകയായിരുന്നു.
ഈ സമയത്തിനിടെ തിരൂരിലെ അക്ഷയ സെന്ററിലെ ആധാര്‍ മെഷീനിലേക്ക് തട്ടിപ്പുകാര്‍ ആവശ്യമുള്ള ഡാറ്റ കയറ്റി വിട്ടെന്നാണ് സംശയിക്കുന്നത്. ഓരോ ആധാര്‍ എന്റോള്‍മെന്റും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വിശദമായ പരിശോധനയിലൂടെയാണ് കടന്നുപോവുക. ഈ പരിശോധനയിലൂടെയെല്ലാം ഇവ കടന്നുപോവുകയും അന്തിമ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി 25 നാണ് തട്ടിപ്പ് പുറത്തായത്.
പരിശോധനയില്‍ ഇവ അപ്ലോഡ് ചെയ്യതത് തിരൂര്‍ ആലിങ്ങലിലെ ആധാര്‍ മെഷീനില്‍ നിന്നാണെങ്കിലും വിരലുകളും കണ്ണും ഉള്‍പ്പെടെയുള്ള പകര്‍ത്തലുകളുടെ ലൊക്കേഷന്‍ പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ആലിങ്ങല്‍ അക്ഷയ ഉടമ ഹാരിസ് തിരൂര്‍ സി.ഐക്കും പരാതി നല്‍കി.