Sorry, you need to enable JavaScript to visit this website.

ഹജ് എംബാർക്കേഷൻ കേന്ദ്രം കണ്ണൂരിനും; മുഖ്യമന്ത്രിയുടെ ആവശ്യത്തിന് പിന്നിലെന്ത്? വിവാദം ഉയരുന്നു

തിരുവനന്തപുരം- കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനൊപ്പം ഉൽഘാടനം ചെയ്യാനിരിക്കുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെയും ഹജ് എംബാർക്കേഷൻ പോയിന്റായി പരിഗണിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യത്തെ അനുകൂലിച്ചും എതിർത്തും ആളുകൾ രംഗത്ത്. കരിപ്പൂരിനൊപ്പം കണ്ണൂരിനെയും ഹജ് എംബാർക്കേഷൻ പോയിന്റായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു. വലിയ വിമാനതാവളങ്ങൾക്ക് അനുമതി ലഭിച്ചിരിക്കെ, കേരളത്തിൽനിന്നുള്ള അടുത്ത ഹജ് എംബാർക്കേഷൻ പോയിന്റ് കരിപ്പൂർ ആകുമെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിലുള്ള മുഖ്യമന്ത്രിയുടെ ആവശ്യം പ്രതികൂലമായി ബാധിക്കുമെന്നാണ് എതിർക്കുന്നവരുടെ വിലയിരുത്തൽ. കരിപ്പൂരിൽ റൺവെ അറ്റകുറ്റപ്പണികൾക്കായി രണ്ടു വർഷം മുമ്പ് ഹജ് എംബാർക്കേഷൻ കേന്ദ്രം കൊച്ചിയിലേക്കു മാറ്റിയിരുന്നു. ഇതു പുനസ്ഥാപിക്കണമെന്നും പൂർണ തോതിൽ സർവീസ് തുടങ്ങാനിരിക്കുന്ന കണ്ണൂരിനെ കൂടി ഹജ് എംബാർക്കേഷൻ കേന്ദ്രമായി അംഗീകരിക്കണമെന്നുമാണ് പിണറായി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഇരുപത്തിയൊന്ന് ഹജ് എംബാർക്കേഷൻ പോയിന്റുകളാണ് ഇന്ത്യയിലുള്ളത്. കേരളത്തിൽനിന്നുള്ള എംബാർക്കേഷൻ പോയിന്റായി ഇപ്പോഴും അംഗീകരിച്ചിരിക്കുന്നത് കരിപ്പൂരിനെയാണ്. കൊച്ചിയിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും അത് താൽക്കാലിക സംവിധാനം എന്ന നിലയിൽ മാത്രമാണ്. ഈ സഹചര്യം നിലനിൽക്കെയാണ് കണ്ണൂരിനെ പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം. മുഖ്യമന്ത്രിയുടെ ആവശ്യം സദ്ദുദ്ദേശപരമല്ലെന്നും അങ്ങിനെയങ്കിൽ തിരുവനന്തപുരം വിമാനതാവളത്തെ കൂടി പരിഗണിക്കാൻ അദ്ദേഹം ആവശ്യപ്പെടുമായിരുന്നുവെന്നുമാണ് വിമർശകർ പറയുന്നത്.

എന്നാൽ കരിപ്പൂരിനൊപ്പം കണ്ണൂരിനെ കൂടി പരിഗണിക്കണമെന്ന ആവശ്യം നല്ലതാണെന്നും ഒന്നിലധികം വിമാനതാവളങ്ങളിൽ ഹജ് യാത്ര സാധ്യമാകുന്നത് തീർഥാടകർക്ക് സൗകര്യപ്രദമാകുമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. കാസർക്കോട്, കണ്ണൂർ വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവർക്ക് കണ്ണൂരിൽ എംബാർക്കേഷൻ പോയിന്റ് സ്ഥാപിക്കുന്നത് ഉപകാരപ്രദമാകുമെന്നും ഇവർ വാദിക്കുന്നു. അതേസമയം, കേരളത്തിൽനിന്നുള്ളവർക്കെല്ലാവർക്കും തുല്യദൂരമുള്ള കോഴിക്കോടാണ് ഹജ് യാത്രക്ക് ഏറെ സുഖപ്രദമാണെന്നാണ് അനുകൂലിക്കുന്നവർ പറയുന്നത്. മാത്രമല്ല, ഏറ്റവും കൂടുതൽ ഹജ് യാത്രക്കാരുള്ളത് മലപ്പുറം, കോഴിക്കോട് തുടങ്ങിയ മലബാർ മേഖലയിലുള്ളവരുമാണ്. ഈ സഹചര്യം നിലനിൽക്കെ കണ്ണൂരിനേക്കാൾ ഏറ്റവും ഫലപ്രദം കരിപ്പൂരാണെന്നും ഇവർ പറയുന്നു. 

മുബൈയാണ് ഇന്ത്യയിലെ ആദ്യത്തെ എംബാർക്കേഷൻ പോയിന്റ്. 1958 മുതൽ മുംബൈ എംബാർക്കേഷൻ പോയിന്റാണ്. പിന്നീട് രണ്ടാമത്തെ എംബാർക്കേഷൻ പോയിന്റ് വന്നത് 1983-ൽ ദൽഹിയിലാണ്. 1987-ൽ ചെന്നൈയും തൊട്ടടുത്ത വർഷം കൊൽക്കത്തയും എംബാർക്കേഷൻ പോയിന്റായി. ബംഗളൂരുവിൽനിന്ന് ഹജ് വിമാനങ്ങൾ പറക്കാൻ തുടങ്ങിയത് 1996 മുതലാണ്. ഇന്ത്യയിലെ ആറാമത്തെ ഹജ് എംബാർക്കേഷൻ പോയിന്റായി കരിപ്പൂരിനെ അംഗീകരിച്ചത് പതിനെട്ട് വർഷം മുമ്പ് 2000-ത്തിൽ ആയിരുന്നു. തുടർന്നാണ് അഹമ്മദാബാദ്, ഹൈദരാബാദ്, ശ്രീനഗർ, ലഖ്‌നൗ, നാഗ്പൂർ, ഗയ, പാറ്റ്‌ന, ജയ്പൂർ, ഔറാംഗബാദ്, ഗുവാഹത്തി, വരാണസി, ഇൻഡോർ, റാഞ്ചി, മംഗളൂരു, ഭോപാൽ, ഗോവ എന്നീ സ്ഥലങ്ങളിൽ എംബാർക്കേഷൻ പോയിന്റുകൾ അനുവദിച്ചത്. 

കരിപ്പൂർ വിമാനതാവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് ഏതാനും ആഴ്ച്ചകൾക്കുള്ളിൽ തുടങ്ങാനിരിക്കെ ഹജ് എംബാർക്കേഷൻ പോയിന്റ് സംബന്ധിച്ച തർക്കമായിരിക്കും ഇനി വരാനിരിക്കുന്നത്. ഇതിലേക്കുള്ള സൂചനയാണ് മുഖ്യമന്ത്രിയുടെ കത്തും വിവാദവും.
 

Latest News