അബുദാബി - യു.എ.ഇയില്‍ പുതിയ ആഭ്യന്തര പേയ്‌മെന്റ് കാര്‍ഡ് അവതരിപ്പിച്ചു. ജയ്‌വാന്‍ എന്ന് പേരിട്ടതും ഇന്ത്യയുടെ ഡിജിറ്റല്‍ റുപേ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് സ്റ്റാക്കില്‍ നിര്‍മ്മിച്ചതുമായ പുതിയ കാര്‍ഡ് ചൊവ്വാഴ്ച യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേര്‍ന്ന് അവതരിപ്പിച്ചു. യു.എ.ഇ പ്രസിഡന്റിന് മോഡി ഒരു വ്യക്തിഗത കാര്‍ഡ് ചടങ്ങില്‍ സമ്മാനിച്ചു.
തല്‍ക്ഷണ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതുള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി ഉഭയകക്ഷി കരാറുകളില്‍ ചൊവ്വാഴ്ച ഒപ്പുവെച്ചതിനെ തുടര്‍ന്നാണ് ഈ ലോഞ്ച്.
എന്താണ് റുപേ?
റുപേ കാര്‍ഡ് എന്നത് മാസ്റ്റര്‍കാര്‍ഡ് അല്ലെങ്കില്‍ വിസയുടെ ഇന്ത്യന്‍ രൂപമാണ്. 750 ദശലക്ഷത്തിലധികം കാര്‍ഡുകള്‍ പ്രചാരത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുചെയ്തിരിക്കുന്ന ഇത് വളരെ സുരക്ഷിതമായ പേയ്‌മെന്റ് സംവിധാനമായി കണക്കാക്കപ്പെടുന്നു.
പരസ്പരബന്ധിതമായ ആഭ്യന്തര കാര്‍ഡ് സംവിധാനം എങ്ങനെ പണവിനിമയത്തിലെ അപകട സാധ്യതകള്‍ കുറക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള യാത്ര വര്‍ധിപ്പിക്കുമെന്നും മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
യു.എ.ഇ കാര്‍ഡുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കാം, ഇന്ത്യയില്‍ ഇഷ്യൂ ചെയ്യുന്ന റുപേ കാര്‍ഡുകള്‍ എമിറേറ്റുകളില്‍ ഉപയോഗിക്കാം. എല്ലാ ഇടപാടുകളും പ്രാദേശിക കറന്‍സികളില്‍ നടത്താം. ഇതാണ് പുതിയ സംവിധാനത്തിന്റെ ഗുണം.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തടസ്സങ്ങളില്ലാതെ അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ സുഗമമാക്കുന്നതിന് ഇന്ത്യയുടെ യു.പി.ഐയും യു.എ.ഇയുടെ 'ആനി' പേയ്‌മെന്റ് സംവിധാനങ്ങളും പരസ്പരം ബന്ധിപ്പിക്കുന്നതും പ്രഖ്യാപിച്ച മറ്റ് ചില ഉഭയകക്ഷി കരാറുകളില്‍ ഉള്‍പ്പെടുന്നു. സ്വീകര്‍ത്താവിന്റെ ഫോണ്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് ഉടനടി പണം കൈമാറാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സൗകര്യപ്രദമായ ഒരു ഫീച്ചര്‍ ആനി ഉള്‍ക്കൊള്ളുന്നു.
#WATCH | PM Modi and UAE President Sheikh Mohammed Bin Zayed Al Nahyan introduce UPI RuPay card service in Abu Dhabi. pic.twitter.com/uvIY0o1kIy
— ANI (@ANI) February 13, 2024