അബുദാബി- ഒരിക്കൽ കൂടി തന്റെ കീഴിലുള്ള സർക്കാർ അധികാരത്തിലെത്തിയാൽ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അബുദാബിയിലെ ശൈഖ് സായിദ് സ്റ്റേഡിയത്തിൽ അഹ്‌ലൻ മോഡി പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോഡിയുടെ ഗ്യാരന്റി എന്നാൽ പൂർത്തീകരണത്തിന്റെ ഗ്യാരന്റി(മോഡി കി ഗാരന്റി യാനി ഗ്യാരണ്ടി പുര ഹോനെ കി ഗാരന്റി)യാണെന്നും മോഡി വ്യക്തമാക്കി. ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും വലിയ വ്യാപാര കക്ഷിയാണ് യു.എ.ഇ. ഏഴാമത്തെ വലിയ നിക്ഷേപകരും യു.എ.ഇയാണ്. മുൻകാലങ്ങളിൽ ഞങ്ങൾ എല്ലാ ദിശകളിലും ഞങ്ങളുടെ ബന്ധം പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും ഒരുമിച്ച് നടന്നു. അബുദാബിയിൽ ഒരു ക്ഷേത്രം പണിയാനുള്ള നിർദ്ദേശം ഞാൻ 2015 ൽ ശൈഖ് മുഹമ്മദ് ബിൻ സായിദിന് മുന്നിൽ അവതരിപ്പിച്ചപ്പോൾ അദ്ദേഹം ഉടൻ തന്നെ അക്കാര്യം അംഗീകരിച്ചു. ഇപ്പോൾ ആ മഹത്തായ ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള സമയമാണ്.
Overwhelmed by the affection at the #AhlanModi community programme in Abu Dhabi.https://t.co/dZJ5oPz73R
— Narendra Modi (@narendramodi) February 13, 2024
പ്രവാസികൾ ഇന്ത്യയുടെ അഭിമാനമാണ്. ഭാരതം നിങ്ങളിൽ അഭിമാനിക്കുന്നു എന്ന 140 കോടി ജനങ്ങളുടെ സന്ദേശം കൈമാറാൻ ഞാൻ ആഗ്രഹിക്കുന്നു. യു.എ.ഇ എനിക്ക് പരമോന്നത സിവിലിയൻ അവാർഡ് നൽകിയത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുവെന്നും മോഡി പറഞ്ഞു. ഈ ബഹുമതി എന്റേത് മാത്രമല്ല, കോടിക്കണക്കിന് ഇന്ത്യക്കാർക്കുള്ളതാണ്. ഞാൻ എന്റെ കുടുംബാംഗങ്ങളെ കാണാനാണ് വന്നത്. നിങ്ങൾ ജനിച്ച മണ്ണിന്റെ സുഗന്ധം ഞാൻ കൊണ്ടുവന്നിരിക്കുന്നു.
ഇന്ത്യൻ പ്രവാസികൾക്ക് നൽകിയ പിന്തുണയ്ക്ക് യു.എ.ഇ പ്രസിഡന്റിന് നന്ദി പറയുകയാണെന്നും മോഡി വ്യക്തമാക്കി. തന്റെ സഹോദരൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യക്കാരോട് കാണിക്കുന്ന സ്‌നേഹത്തിന് ഞാൻ ഏറെ നന്ദിയുള്ളവനാണ്. ഈ സ്‌റ്റേഡിയത്തിലെ ഓരോ ശ്വാസവും ഇന്ത്യ-യു.എ.ഇ സൗഹൃദം നീണാൾ വാഴട്ടെ എന്നാണ് പ്രഖ്യാപിക്കുന്നതെന്നും മോഡി പറഞ്ഞു.