Sorry, you need to enable JavaScript to visit this website.

സൗദിയും ഇന്ത്യയും തമ്മിലുള്ള പുതിയ കരാറിന് അംഗീകാരം; ഡിജിറ്റൈസേഷനിൽ സഹകരിക്കും

റിയാദ് - ഡിജിറ്റൈസേഷൻ, ഇലക്‌ട്രോണിക് നിർമാണ മേഖലയിൽ പരസ്പര സഹകരണത്തിന് സൗദി കമ്മ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രാലയവും ഇന്ത്യയിലെ ഇലക്‌ട്രോണിക്‌സ് ആന്റ് ഐ.ടി മന്ത്രാലയവും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകരിച്ചു. നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന മേഖലയിൽ പരസ്പര സഹകരണത്തിന് നോർവേയുമായി ധാരണാപത്രം ഒപ്പുവെക്കാൻ നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹിനെയും ശാസ്ത്ര, വിദ്യാഭ്യാസ മേഖലലകളിൽ പരസ്പര സഹകരണത്തിന് എത്യോപ്യ, എരിത്രിയ, ബുറുണ്ടി, ടാൻസാനിയ, ഘാന, റുവാണ്ട, ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങളുമായി ധാരണാപത്രങ്ങൾ ഒപ്പുവെക്കാൻ വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽബുനയ്യാനെയും മന്ത്രിസഭ ചുമതലപ്പെടുത്തി. വിവരം നൽകുന്നവർ, സാക്ഷികൾ, വിദഗ്ധർ, ഇരകൾ എന്നിവരുടെ സംരക്ഷണത്തിനുള്ള നിയമവും മന്ത്രിസഭ അംഗീകരിച്ചു. 
ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ഉടനടി സമ്പൂർണ വെടിനിർത്തൽ നടപ്പാക്കണമെന്നും റിലീഫ് വസ്തുക്കൾ പ്രവേശിപ്പിക്കാൻ ബാധകമാക്കിയ നിയന്ത്രണങ്ങൾ എടുത്തുകളയണമെന്നും 1967 ജൂൺ നാലിലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരത്തിന് നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. വിഷൻ 2030 ലക്ഷ്യങ്ങൾക്കനുസൃതമായി സൈനിക വ്യവസായ മേഖലക്ക് സർക്കാർ നൽകുന്ന പിന്തുണയും, സൈനിക വ്യവസായ മേഖലയിൽ ദേശീയ ശേഷികൾ മെച്ചപ്പെടുത്താനും വികസിപ്പിക്കാനുമുള്ള ഗവൺമെന്റിന്റെ ശ്രമവും പ്രതിഫലിപ്പിക്കുന്ന നിലക്ക് റിയാദിൽ സമാപിച്ച വേൾഡ് ഡിഫൻസ് ഷോ കൈവരിച്ച നേട്ടങ്ങളെ മന്ത്രിസഭായോഗം പ്രശംസിച്ചു.
 

Latest News