Sorry, you need to enable JavaScript to visit this website.

VIDEO - ഇസ്‌ലാം വ്യാപിച്ചത് ആയുധത്തിലൂടെയാണെന്നത് ശത്രുക്കളുടെ പ്രചാരണം- ആലങ്കോട് ലീലാകൃഷ്ണൻ

കോഴിക്കോട്- യൂറോപ്യൻ നവോത്ഥാനം വരെ ലോകത്ത് ഇസ്‌ലാം വ്യാപിച്ചത് ജ്ഞാനത്തിലൂടെയാണെന്നും മറിച്ച് ആയുധത്തിലൂടെയാണെന്നത് ഇസ്‌ലാമിന്റെ ശത്രുക്കളുടെ പ്രചാരണം മാത്രമാണെന്നും സാഹിത്യകാരനും യുവ കലാ സാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ. ഡോ. ടി.വി കോയക്കുട്ടി ഫാറൂഖി രചിച്ച മാനവ കലണ്ടർ സമഗ്ര പഠനം എന്ന ഗ്രന്ഥം എഴുത്തുകാരൻ എ.പി കുഞ്ഞാമുവിന് നല്കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്വേഷണ തൃഷ്ണയുള്ളവരുടെ കണ്ണ് തുറപ്പിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. പക്ഷേ ചെറുപ്പകാലങ്ങളിൽ, ഞങ്ങളുടെ മുസ്ലിം സുഹൃത്തുക്കളൊക്കെ മുസ്ഹഫ് ഞങ്ങൾക്ക് കാണിച്ചു തരാറില്ലായിരുന്നു. കാരണം ഞാനൊക്കെ അത് കണ്ടാൽ എന്റെയൊക്കെ കണ്ണ് പൊട്ടി പോകുമെന്ന ഭയം കൊണ്ടായിരുന്നത്. എന്നാൽ മുതിർന്നപ്പോൾ  ആദ്യമായി സി.എൻ. അഹമ്മദ് മൗലവിയുടെ ഖുർആൻ പരിഭാഷ തേടി പിടിച്ച് വായിച്ചപ്പോൾ അതെന്റെ കണ്ണ് തുറപ്പിക്കുകയായിരുന്നു.

ഇതേ പോലെ ഖുർആനിന്റെ പിൻബലത്തിൽ, ശാസ്ത്രീയമായി ഇന്ന് നമ്മൾ പിന്തുടരുന്ന ക്രിസ്തു കലണ്ടറിനെ പോലെ തന്നെയുള്ള ഒരു  ചന്ദ്രമാസ കലണ്ടർ സാധ്യമാണെന്നത് തന്റെ ഗുരുവായ അലി മണിക്ഫാന്റെ കലണ്ടറിനെ അവലംബമാക്കി പത്തുവർഷം കൊണ്ട് നടത്തിയ പഠനത്തിലൂടെ, കോയക്കുട്ടി ഫാറൂഖി കേരളത്തിന് മുൻപിൽ വ്യക്തമാക്കുന്നതാണ് ഈ ഗ്രന്ഥമെന്നാണ് വായനയിൽ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടി ചേർത്തു. പ്രഫ. മുഹമ്മദ് ഹസ്സൻ അധ്യക്ഷത വഹിച്ചു. അലി മണിക്ഫാൻ, എഞ്ചിനീയർ മമ്മദ് കോയ, എ.പി കുഞ്ഞാമു, ഡോ. സഹദ്ബിൻ അലി, അബ്ദുൾ ഹഫീദ് നദ്‌വി, ഡോ. പി. അബ്ദുൾ കരീം, ഡോ. വി.കെ. മുഹമ്മദ് സുബൈർ, ഡോ. ടി. പി. കോയക്കുട്ടി ഫാറൂഖി, അബ്ദുശുക്കൂർ താളത്തിൽ, മുസ്തഫ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ഫാറൂഖ് കോളേജ് കേന്ദ്രമായ  ലൈറ്റ് ഹൗസ് ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 

Latest News