തിരുവനന്തപുരം - കേരളത്തില്‍ പ്ലസ്ടു (സയന്‍സ്) പഠനത്തിനുശേഷം ജര്‍മ്മനിയില്‍ നഴ്‌സിംഗ് ബിരുദ കോഴ്‌സുകള്‍ക്കു ചേരാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിനു തുടക്കമായി.
കേരളത്തില്‍ നിന്നുളള തൊഴില്‍കുടിയേറ്റത്തില്‍ വലിയ വഴിത്തിരിവാകും പ്രോഗ്രാമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം കരാറില്‍ ഒപ്പിടുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും, ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ വില്‍ഹെമും ഓണ്‍ലൈനായി കാരാറില്‍ ഒപ്പിട്ടു. പദ്ധതിവഴി കേരളത്തില്‍ സയന്‍സ് വിഭാഗത്തില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ജര്‍മ്മനിയില്‍ നഴ്‌സിങ് ബിരുദ പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ ബി2 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനവുമായി ഇത്തരമൊരു കരാറെന്നും ഈ വര്‍ഷാവസാനത്തോടെ ആദ്യബാച്ചിനെ തിരഞ്ഞെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹരികൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു.
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പദ്ധതിയായ ട്രിപ്പിള്‍ വിന്‍ മാതൃകയില്‍ നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷനും സംയുക്തമായാണ് ട്രെയിനി പ്രോഗ്രാമും സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, റിക്രൂട്ട്‌മെന്റ് വിഭാഗം പ്രതിനിധികള്‍, ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി പ്രതിനിധി ലിജു ജോര്‍ജ്ജ് എന്നിവരും സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്