സി.പി.എമ്മിലെ എൻ.കെ അക്ബർ അടുത്തകാലത്ത് വായിച്ച ഒരു പുസ്തക പ്രകാരം അയോധ്യയിലെ വിവാദ ക്ഷേത്രക്കാര്യത്തിലെ കർസേവകരിൽ ഏതാണ്ട് എല്ലാ കോൺഗ്രസ് നേതാക്കളും പെടും. രാജീവ് ഗാന്ധിമുതൽ ഈ വിഷയത്തിൽ ആരും ഒഴിവില്ല. നെഹ്‌റു ലിസ്റ്റിലില്ലാത്തത് ഭാഗ്യം. പുതിയ പുതിയ ആളുകളെ സംഘികളാക്കുന്ന സേവനം അക്ബറിന്റെ പാർട്ടിക്കാർ മത്സരിച്ച് തുടരുന്നുണ്ട്. ആ വഴിക്കില്ലെന്ന് ഉറപ്പിച്ചു പറയുന്ന റവല്യൂഷനറി സോഷ്യലിസ്റ്റ് എൻ.കെ പ്രേമചന്ദ്രനെ മോഡിയുടെ വക റാഗി ലഡു തിന്നതിന്റെ പേരിൽ ബി.ജെ.പിയാക്കാനുള്ള മത്സരം ഇന്നലെയും അവരിൽ പലരും തുടർന്നു. ലഡു തിന്നുന്നതിന്റെ ഓരോരോ പൊല്ലാപ്പ് എന്നല്ലാതെ എന്ത് പറയാൻ. അടുത്തിടെ ബി.ജെ.പിയിലെത്തിയ അശോക് ചൗഹാനുമായി രമേശ് ചെന്നിത്തല കുറച്ച് ദിവസം മുമ്പ് മുംെബെയിൽ ചർച്ച നടത്തിയിരുന്നു. താമസിയാതെ ചെന്നിത്തലയും അവിടെ എത്തുമെന്ന് അക്ബറിന് സംശയമാണോ ഉറപ്പാണോ എന്നറിയില്ല. ബജറ്റ് പൊതു ചർച്ചയുടെ രണ്ടാം ദിനത്തിൽ ചർച്ച തുടങ്ങിവെച്ച സി.പി.എം അംഗം സി.എച്ച് കുഞ്ഞമ്പുമുതൽ ഇടതു പക്ഷത്തെ ഏതാണ്ട് എല്ലാവരും കോൺഗ്രസുകാരുടെ ബി.ജെപി അന്തർധാരക്ക് തെളിവു തിരഞ്ഞു. കോൺഗ്രസ്‌കാരെയെല്ലാം ബി.ജെ പിയാക്കിയാൽ കേരളത്തിൽ കാര്യങ്ങൾ എന്തെളുപ്പം. കോൺഗ്രസിലെ ചാണ്ടി ഉമ്മൻ തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ ഭരണകാല നേട്ടങ്ങൾ വീണ്ടും വീണ്ടും ഓർത്തെടുത്തു. കാസർകോട് മെഡിക്കൽ കോളേജിനായുള്ള എൻ.എ നെല്ലിക്കുന്നിന്റെ വാക് പോരാട്ടം ബജറ്റ് ചർച്ചയിലും തുടർന്നു. പൂർണ മതവിരുദ്ധതയുടെ കണ്ണിൽ കാര്യങ്ങൾ കാണുന്നതിന്റെ കുഴപ്പമാണ് സി.പി.എമ്മിനെന്ന് നജീബ് കാന്തപുരത്തിന്റെ നിരീക്ഷണം. വിശ്വാസവും, പരമത വിരോധവും രണ്ടാണ്. ഇക്കാര്യത്തിൽ തന്റെ നേതാവ് സാദിഖലി തങ്ങളാണ് ശരിയെന്ന് നജീബ്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പ്രിയ ഭർത്താവ് സി.പി.എമ്മിലെ സച്ചിൻ ദേവിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പേര് കേൾക്കുമ്പോൾ തന്നെ കലിയിളകും. ഇങ്ങനെയുണ്ടോ ഒരു പ്രതിപക്ഷ നേതാവ്. എല്ലാറ്റിനും സമരം, സമരം. എ.കെ ആന്റണി, കെ.കരുണാകരൻ... തുടങ്ങിയവരൊക്കെ ഇരുന്ന സീറ്റാണതെന്ന് ഓമപ്പെടുത്തലും. അവരുടെ കാലത്തൊക്കെ പ്രതിപക്ഷം എന്ത് നല്ല സഹകരണമായിരുന്നു. ഇന്നോ?... 2004ൽ കേരളത്തിൽ കുഞ്ഞാലിക്കുട്ടി വിരുദ്ധ പോരാട്ടം നടക്കുന്ന കാലത്ത് സുനാമി വന്നപ്പോൾ എല്ലാം സി.പി.എം പ്രതിപക്ഷം നിർത്തിവെച്ചില്ലെ എന്ന് സച്ചിന്റെ ചോദ്യം. ഇപ്പോഴോ ? അതിനിപ്പോൾ സുനാമിയൊന്നും ഇല്ലല്ലോ എന്ന് ആരും ചോദിച്ചു കേട്ടില്ല. പ്രതിപക്ഷത്തോടുള്ള സ്പീക്കർ ഷം സീറിന്റെ നിലപാടിനെതിരെ പ്രതിപക്ഷനേതാവ് സതീശൻ രൂക്ഷമായി പ്രതികരിച്ചിരുന്നു. അതിന്റെ തുടർ ചലനമാണോ എന്നറിയില്ല സ്പീക്കർ എ.എൻ ഷംസീർ വക പ്രതിപക്ഷ നേതാവിന് തലച്ചുമട് നിറയെ പ്രശംസ. സതീശന്റെ ഏറ്റവും പുതിയൊരു ഇടപെടൽ സഭാ നടപടികൾ പഠിക്കാനുള്ള അവസരമായി കൂടി പുതിയ അംഗങ്ങൾ കാണണം എന്ന് വരെ സ്പീക്കറുടെ ഉപദേശം. പ്രതിപക്ഷ നേതാവിന്റെ ഏറ്റവും പുതിയൊരു ക്രമപ്രശ്‌നമാണ് സ്പീക്കറെ സതീശനോട് ചേർത്ത് നിർത്തിയത്. ധനമന്ത്രി ബാലഗോപാലിന്റെ ചോദ്യോത്തര മറുപടിയിലെ അപാകതയായിരുന്നു വിഷയം. കിഫ്ബിയുടെ വാർഷിക റിപ്പോർട്ട് കാലാവധി തീർന്നശേഷം സഭയിൽ വയ്ക്കുമ്പോൾ ആവശ്യമായ വിശദീകരണം കൂടി ലഭ്യമാക്കേണ്ടതായിരുന്നു. കാലതാമസം ഇല്ലാതെ ബന്ധപ്പെട്ട രേഖകൾ സഭയിലെത്തിക്കാൻ ധനവകുപ്പ് ശ്രദ്ധിക്കണമെന്ന് സ്പീക്കറുടെ നിർദ്ദേശം. ധനമന്ത്രിയോടുള്ള 3099 ചോദ്യങ്ങളിൽ 256 മറുപടി ശേഷിക്കുന്നു. നടപ്പ് സമ്മേളനത്തിൽ 199 ചോദ്യങ്ങൾക്കും മറുപടി നൽകിയിട്ടില്ല. അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ സമയപരിധി ആനുകൂല്യം എടുക്കരുത്. ഇതിനു മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മന്ത്രിമാരിൽ പലരും സമയനിഷ്ഠ പാലിച്ച് തുടങ്ങി. മറ്റ് മന്ത്രിമാരുടെ മാതൃക ധനമന്ത്രി പിന്തുടരണമെന്നും സ്പീക്കർ റൂളിംഗ് നൽകി.
സപ്ലൈകോയിൽ ചില പ്രശ്‌നങ്ങൾ ഉണ്ടെന്ന് മന്ത്രി എ.ആർ അനിൽ സമ്മതിച്ചു. സപ്ലൈകോയെ സംരക്ഷിക്കും. നിലവിലെ പ്രതിസന്ധി താത്കാലികമാണ്. ചില്ലറവിൽപന മേഖലകളിലേക്ക് കുത്തകകൾ കടന്നുവരുന്നുണ്ട്. സപ്ലൈകോയെ തകർക്കുന്നത് ഭരണപക്ഷത്തെ മുൻ നിരയിലുള്ളവരെന്ന് കോൺഗ്രസിലെ ഷാഫി പറമ്പിൽ ഉറപ്പിച്ചു പറഞ്ഞു.
സഭ നിർത്തിവച്ച് സപ്ലൈകോ പ്രതിസന്ധി ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യം. പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ ഇറങ്ങിപ്പോക്ക്. അപരാഹ്ന സമ്മേളനം ചേർന്നാണ് സഭ നിയമ നിർമ്മാണത്തിലേക്ക് കടന്നത്.