Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ജയിലിലായ മുന്‍ പ്രവാസി മോചിതനായി, പിടിയിലായത് നടുവേദന മരുന്നുമായി

ജിദ്ദ-നിയന്ത്രിത ഇനത്തില്‍പ്പെട്ട മരുന്ന് കൈവശം വച്ചതിന്റെ പേരില്‍ പിടക്കപ്പെട്ട് മൂന്നാഴ്ചയോളമായി ജയിലില്‍ കഴിഞ്ഞിരുന്ന  മുന്‍ പ്രവാസിയായ മലയാളി ഉംറ തീര്‍ഥാടകന്‍ മോചിതനായി.
തിരൂര്‍ സ്വദേശിയായ ഇദ്ദേഹം കൈവശം വെച്ചിരുന്ന മരുന്ന് പരിശോധനക്കു വിധേയമാക്കിയതിനു ശേഷം വിട്ടയക്കുകയായിരുന്നു. ഭാര്യക്ക് നടുവേദനക്കായി നാട്ടില്‍ നിന്നു വാങ്ങിയ മരുന്നാണ് കൈവശം ഉണ്ടായിരുന്നത്. ഇതു തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ നാര്‍കോട്ടിക് വിഭാഗത്തിന്റെ പിടിയിലായപ്പോള്‍ ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല. ഇതാണ് ജയിലിലാകാന്‍ ഇടയാക്കിയത്.
അപ്രതീക്ഷിതമായുണ്ടായ ജയില്‍ വാസം മാനസികമായി ഏറെ പ്രയാസം ഉണ്ടാക്കിയെങ്കിലും മോചനം സാധ്യമായതില്‍ ഏറെ സന്തോഷമുണ്ടെന്ന്  62 കാരനായ അദ്ദേഹം മലയാളം ന്യൂസിനോട് പറഞ്ഞു.
റാസല്‍ ഖൈമയില്‍ 30 വര്‍ഷവും നാലു വര്‍ഷം ഒമാനിലും ബേക്കറികളില്‍ ജോലി ചെയ്ത ശേഷം ഏഴു വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. നാട്ടിലെത്തിയ ശേഷം ചപ്പാത്തി കമ്പനിയില്‍ ജോലി നോക്കുകയാണ്. ഇതിനിടെയാണ് ഉംറ നിര്‍വഹിക്കാനായി രണ്ടു പെണ്‍മക്കളോളും ഭാര്യയോടുമൊപ്പം സൗദിയിലെത്തിയത്. അബഹയിലുള്ള രണ്ട് ആണ്‍മക്കളുടെ അടുത്തു വന്ന ശേഷം ഉംറ ഗ്രൂപ്പിന്റെ ബസില്‍ മക്കയിലേക്ക് പോകുമ്പോഴാണ് അല്‍ബാഹയില്‍ വെച്ച് പിടിക്കപ്പെടുകയും ജിയിലാവുകയും ചെയ്തത്. ജീവിതത്തില്‍ ഇന്നുവരെ ക്രിമിനല്‍ കേസുകളില്‍ അകപ്പെടുകയോ പോലീസ് സ്‌റ്റേഷനില്‍ കയറുകയോ ചെയ്തിട്ടില്ലാത്ത തനിക്ക് ഇത്തരമൊരു അനുഭവം ആദ്യമാണെന്നും അതില്‍നിന്നു മോചനം സാധ്യമായതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ധുക്കളും മറ്റും മരുന്നിന്റെ സത്യാവസ്ഥ തെളിയിക്കുന്നതിന് രേഖകള്‍ ശരിയാക്കുന്നതിനുള്ള നെട്ടത്തിലായിരുന്നു. അതിനിടെ ഒട്ടും പ്രതീക്ഷിക്കാതിരിക്കെ നിങ്ങള്‍ക്കു പോകാം എന്നു ജയില്‍ അധികൃതര്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്നും അവര്‍ കാണച്ചു തന്ന വഴിയിലൂടെ പുറത്തെത്തിയപ്പോള്‍ അമ്പരന്നു പോയെന്നും അദ്ദേഹം പറഞ്ഞു. തന്റെ മോചനം സാധ്യമാക്കുന്നതിനു വേണ്ടി നാര്‍കോട്ടിക് വിഭാഗത്തിലും പോലീസ സ്‌റ്റേഷനിലും സഹായിയായി പ്രവര്‍ത്തിച്ച  കെ.എം.സി.സി സൗദി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയും അല്‍ബാഹ കമ്മിറ്റി പ്രസിഡന്റുമായ സയ്യിദ് അലി അരീക്കര അടക്കമുള്ളവരോട് ഏറെ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരത്തോടെ മോചിതനായ ഇദ്ദേഹം ഇപ്പോള്‍ സയ്യിദ് അലിയുടെ താമസ സ്ഥലത്താണുള്ളത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അബഹയിലുള്ള കുടുംബത്തോടൊപ്പം ചേരുമെന്നും അതിനുശേഷം കുടുംബവുമൊന്നിച്ച് ഉംറ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഉംറക്കുശേഷം നാട്ടിലേക്കു മടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


നിയന്ത്രിത മരുന്ന് കൈവശം വച്ചതിന് പിടിയിലായി ജയിലില്‍ കഴിഞ്ഞിരുന്ന തിരൂര്‍ ഓമച്ചപ്പുഴ സ്വദേശിയായ യുവാവും കഴിഞ്ഞ ദിവസം മോചിതനായിരുന്നു. 22 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് അദ്ദേഹം മോചിപ്പിക്കപ്പെട്ടത്. ഇദ്ദേഹവും അബഹയില്‍നിന്ന് ഉംറക്കായി ഉംറ ഗ്രൂപ്പിനൊപ്പം ബസില്‍ ബോകുമ്പോഴായിരുന്നു പിടിക്കപ്പെട്ടത്. അബഹ മഖ്‌വയില്‍  മെക്കാനിക്കായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിനും പിടിക്കപ്പെടുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം താന്‍ കഴിക്കുന്ന മരുന്നാണെന്ന് തെളിയിക്കാന്‍ വേണ്ട രേഖകളില്ലാതെ വന്നതാണ് വിനയായത്.
സംശയത്തിന്റെ പേരില്‍ ഇത്തരം മരുന്നുകളുടെ പേരില്‍ പടിക്കപ്പെടുന്നവരുടെ ശിക്ഷാ നടപടികളില്‍ ഇളവ് വരുത്തിയെന്നതിന്റെ സൂചനകൂടിയാണ് ഇരുവരുടേയും മോചനമെന്ന്് വേണം വിലയിരുത്താനെന്ന് സെയ്ദ് അലി അഭിപ്രായപ്പെട്ടു. ഇങ്ങനെ പിടിക്കപ്പെടുന്നവരുടെ കൈയില്‍നിന്ന് ശേഖരിക്കുന്ന മരുന്ന് ഇവിടെ ലാബില്‍ പരിശോധനക്കു വിധേയമാക്കുകയും ദോഷകരമല്ലെന്ന് ബോധ്യപ്പെടുകയും ചെയ്താലും മോചനം സാധ്യമാകുന്നുണ്ട. നേരത്തെയുള്ള നിര്‍ദേസാനുസരണം മരുന്നിന്റെ ആവശ്യകത തെളിയിക്കുന്നതിന് ഡോക്ടറുടെ സീലോടു കൂടിയ കുറിപ്പടിയും അതു ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പോലീസ് ഡിപ്പാര്‍്ട്ടുമെന്റ്, ആഭ്യന്തര, വിദേശ മന്ത്രാലയം, എംബസി എന്നിവിടങ്ങളിലെ സാക്ഷ്യപ്പെടുത്തലോടെ പ്രോസിക്യൂഷന്‍ മുന്‍പാകെ ഹാജരാക്കി തെളിയിക്കപ്പെട്ടാല്‍ മാത്രമാണ് മോചനം സാധ്യമാകാറുള്ളത്. എന്നാല്‍  ഇവര്‍ രണ്ടുപേരുടെ കേസിലും ഇതുണ്ടാവാതെയാണ് മോചനം്.
അതിനിടെ അഞ്ചു ദിവസം മുന്‍പ് സംശയിക്കപ്പെടുന്ന മരുന്ന് കൈവശം വെച്ചതിന്റെ പേരില്‍ പിടിക്കപ്പെട്ട മറ്റൊരു മലയാളി കൂടി നിലവില്‍ അല്‍ബാഹ ജയിലിലുണ്ട്. താമസ സ്ഥലം പരിശോധിച്ചാണ് ഇദ്ദേഹത്തെ പിടികൂടിയത്. റേഡിയേറ്റര്‍ മെക്കായി  ദീര്‍ഘകാലമായി അല്‍ബാഹയില്‍ ജോലി ചെയ്യുന്ന ആളാണ് ഇദ്ദേഹം. കാണാതായതിനെത്തുടര്‍ന്നു സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹം നാര്‍കോട്ടിക് വിഭാഗത്തിന്റെ പിടിയിലാണെന്ന വിവരം ലഭിച്ചത്.
മയക്കുമരുന്ന് നിയന്ത്രണം ലക്ഷ്യമിട്ട് വ്യാപക പരിശോധനയാണ് സൗദിയിലെങ്ങും അധികൃതര്‍ നടത്തിവരുന്നത്. അതിനാല്‍ സൗദിയില്‍ നിരോധിച്ചതും നിയന്ത്രിച്ചതുമായ മരുന്നുകള്‍ നാട്ടില്‍നിന്നു കൊണ്ടുവന്ന് കഴിക്കുന്നവര്‍ എവിടെ പോകുമ്പോഴും ഡോക്ടറുടെ സീലോടുകൂടിയ കുറിപ്പടിയും മതിയായ രേഖകളും സൂക്ഷിച്ചിരിക്കണം. അതല്ലെങ്കില്‍ ഏതു നിമിഷവും പിടിക്കപ്പെടാനും ജയിലില്‍ അകപ്പെടാനും ഇടയാക്കിയേക്കും.

 

Latest News