Sorry, you need to enable JavaScript to visit this website.

മോഡി അബുദാബിയിലെത്തി, ഊഷ്മള സ്വീകരണം

ദുബായ്- പ്രധാനമന്ത്രി നരേന്ദ്രമോഡി അബുദാബിയിലെത്തി. പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് പ്രധാനമന്ത്രിയെ വിമാനതാവളത്തിൽ സ്വീകരിച്ചു. അബുദാബിയിൽ ബി.എ.പി.എസ് ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് മോഡി എത്തിയത്. അബുദാബിയിൽ നാളെയാണ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം.

ക്ഷേത്രത്തിന്‍റെ വിശദാംശങ്ങള്‍

ബൊച്ചൻവാസി അക്ഷർ പുരുഷോത്തം സ്വാമി നാരായണൻ സൻസ്ത(ബി.എ.പി.എസ്) നിർമ്മിക്കുന്ന ക്ഷേത്രത്തിന് 32.92 മീറ്റർ ഉയരവും 54.86 മീറ്റർ വീതിയും 79.86 മീറ്റർ നീളവുമുണ്ട്. ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്ക്ക് സമീപമുള്ള അബു മുറൈഖയിലെ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിക്കുന്നത്. ഗൾഫിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാ മന്ദിരമായിരിക്കും ഇത്. 

1997-ൽ പ്രമുഖ സ്വാമി മഹാരാജിന്റെ യു.എ.ഇ യാത്രയ്ക്കിടെ, അബുദാബിയിൽ രാജ്യങ്ങളെയും സംസ്‌കാരങ്ങളെയും മതങ്ങളെയും കൂടുതൽ അടുപ്പിക്കുന്ന മന്ദിർ വിഭാവനം ചെയ്തതോടെയാണ് ഹിന്ദു മന്ദിറിന്റെ തുടക്കം. 

 

2015 ഓഗസ്റ്റിൽ ഹിന്ദു മന്ദിർ നിർമ്മിക്കുന്നതിന് സ്ഥലം നൽകാനുള്ള തീരുമാനം യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മന്ദിരത്തിനായി ഭൂമി സമ്മാനിച്ചത്. 

2018 ഫെബ്രുവരി 10-ന് ബി.എ.പി.എസ് പ്രതിനിധികൾ ഷെയ്ഖ് മുഹമ്മദിനെയും ഇന്ത്യൻ പ്രധാനമന്ത്രിയെയും സന്ദർശിച്ചു. ഇതിൽ ഇന്ത്യയും യുഎഇയും ധാരണാപത്രം ഒപ്പുവെക്കുകയും മനുഷ്യത്വവും ഐക്യവും ഒന്നിക്കുന്ന ഒരു പുണ്യസ്ഥലമായി മന്ദിർ മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2018 ഫെബ്രുവരി 11-ന് മന്ദിരത്തിന്റെ ആദ്യ ശിലാപ്രതിഷ്ഠാ പ്രാർത്ഥന നടന്നു. 

2019 ഏപ്രിൽ 20 ന്, ബി.എ.പി.എസിന്റെ ആത്മീയ നേതാവായ മഹന്ത് സ്വാമി മഹാരാജിന്റെ സാന്നിധ്യത്തിൽ, ഇന്ത്യയിൽ നിന്നും യു.എ.ഇയിൽ നിന്നുമുള്ള അതിഥികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ശിലാസ്ഥാപന ചടങ്ങ് നടത്തി. 2019 ഡിസംബറിൽ മന്ദിരത്തിന്റെ നിർമ്മാണം ആരംഭിച്ചു. നിർമ്മാണത്തിനായി ടൺ കണക്കിന് പിങ്ക് മണൽക്കല്ലുകൾ വടക്കൻ രാജസ്ഥാനിൽ നിന്നാണ് അബുദാബിയിലേക്ക് കൊണ്ടുവന്നത്. ചുട്ടുപൊള്ളുന്ന വേനൽക്കാല താപനിലയെ ചെറുക്കാനുള്ള കഴിവ് പരിഗണിച്ചാണ് ഉത്തരേന്ത്യൻ സംസ്ഥാനത്ത് നിന്നുള്ള ഈടുനിൽക്കുന്ന കല്ലുകൾ തിരഞ്ഞെടുത്തത്. ഇറ്റലിയിൽ നിന്നുള്ള മാർബിളാണ് മന്ദിറിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. സമ്പൂർണ്ണ ഡിജിറ്റൽ മോഡലിംഗും സീസ്മിക് സിമുലേഷനും നടത്തിയ ആദ്യത്തെ ഹിന്ദു പരമ്പരാഗത മന്ദിറാണിത്. 

 

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രമാണിത്. രണ്ടു താഴികക്കുടങ്ങൾ, ഏഴ് ശിഖരങ്ങൾ (യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകം), 402 തൂണുകൾ തുടങ്ങിയവ ഇതിൽ അടങ്ങിയിരിക്കുന്നു. ഇന്ത്യയിലെ വിദഗ്ധരായ കരകൗശല വിദഗ്ധർ കൊത്തിയെടുത്ത 25,000-ലധികം കല്ലുകൾ കൊണ്ടാണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. രാമായണം, ശിവപുരാണം, ഭാഗവതം, മഹാഭാരതം, ജഗന്നാഥൻ, സ്വാമിനാരായണൻ, വെങ്കിടേശ്വരൻ, അയ്യപ്പൻ എന്നിവരുടെ കഥകൾ ചിത്രീകരിക്കുന്ന  കൊത്തുപണികളുമുണ്ട്.

സന്ദർശക കേന്ദ്രം, പ്രാർത്ഥനാ ഹാളുകൾ, പ്രദർശനങ്ങൾ, പഠന മേഖലകൾ, കുട്ടികൾക്കുള്ള കായിക മേഖല, തീമാറ്റിക് ഗാർഡനുകൾ, വാട്ടർ ഫീച്ചറുകൾ, ഫുഡ് കോർട്ട്, പുസ്തകശാല എന്നിവയുമുണ്ട്. ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് നദികളുടെ ഉത്ഭവത്തെ പ്രതിനിധീകരിക്കുന്ന വെള്ളച്ചാട്ടവുമുണ്ട്. 

Latest News