കോഴിക്കോട് ലൈറ്റ് മെട്രോ ചർച്ചകൾ വീണ്ടും സജീവമാകുന്നു. കെഎംആർഎല്ലിന്റെ നേതൃത്വത്തിൽ മൊബിലിറ്റി പ്ലാൻ തയ്യാറാക്കാൻ കോഴിക്കോട്ട് ചേർന്ന് ഉന്നതതല യോഗത്തിൽ തീരുമാനമായി. മീഞ്ചന്ത-രാമനാട്ടുകര, ബീച്ച്-മെഡിക്കൽ കോളേജ് പാതകളാണ് ലൈറ്റ് മെട്രോയ്ക്കായി ആദ്യ ഘട്ടത്തിൽ പരിഗണിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ട പദ്ധതി പിന്നീട് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വീണ്ടും ചർച്ചയായിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്ത വരെയായിരുന്നു ആദ്യ ഘട്ടത്തിലെ നിർദ്ദേശമെങ്കിൽ നിലവിൽ മീഞ്ചന്ത-രാമനാട്ടുകര, ബീച്ച്-മെഡിക്കൽ കോളജ് പാതകളാണ് പരിഗണനയിൽ. സാമ്പത്തിക ബാധ്യത അടക്കമുളള കാരണങ്ങളായിരുന്നു ആദ്യ ഘട്ടത്തിൽ ലൈറ്റ് മെട്രോ ചർച്ചകളെ തല്ലിക്കെടുത്തിയത്. എന്നാൽ ഇത്തരം കാര്യങ്ങൾ ഇപ്പോൾ പരിഗണിക്കേണ്ടെന്നും ഡിപിആർ അടക്കം തയ്യാറാക്കി പദ്ധതിയുമായി മുന്നോട്ട് പോകാനുമാണ് കോഴിക്കോട് ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനം. കൊച്ചി മെട്രോയ്ക്കാണ് പദ്ധതി സംബന്ധിച്ച ഡിപിആർ തയ്യാറാക്കുന്നതടക്കം ചുമതല.
അനുദിനം രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കോഴിക്കോട് നഗരത്തിൽ മെട്രോ പോലുളള ബദൽ ഗതാഗത മാർഗ്ഗങ്ങൾ അനിവാര്യമെന്ന് യോഗം വിലയിരുത്തി.
ദിവസേന ഒരു ലക്ഷം വാഹനങ്ങളാണ് കോഴിക്കോട് നഗരത്തിൽ കടന്നു വരുന്നതെന്ന് ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ പറഞ്ഞു.
കഴിഞ്ഞ വർഷം മാത്രം 167 ജീവനുകളാണ് നഗരത്തിലെ റോഡുകളിൽ പൊലിഞ്ഞത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചർച്ചയിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, മേയർ ബീന ഫിലിപ്പ് തുടങ്ങിയവരും പങ്കെടുത്തു.