വോയ്‌സ് ഓഫ് ദിലീപ്:
' ജിദ്ദാ പ്രവാസികളുടെ കലാഭിനിവേശം പ്രശംസനീയം
ജിദ്ദ- പ്രശസ്ത നടൻ ദിലീപ് സ്വകാര്യസന്ദർശനത്തിനായി ഇന്നലെ ജിദ്ദയിലെത്തി. അസീസിയയിൽ കേളികൊട്ടുയർന്ന ഗുഡ്‌ഹോപ് ആർട്‌സ് അക്കാദമിയിലെ വിവിധ കലകളുടെ അധ്യയനവും അഭിനയ പാഠവുമായി കഴിയുന്ന വിദ്യാർഥികളുടേയും അധ്യാപകരുടേയും സേവനം പ്രവാസലോകത്തെ അഭിനന്ദനാർഹമായ സംരംഭമാണെന്ന് അവിടെ സന്ദർശനം നടത്തിയ ദിലീപ് അഭിപ്രായപ്പെട്ടു. ഗുഡ്‌ഹോപിലെ കലാവിദ്യാർഥികൾക്കാവശ്യമായ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. അരങ്ങിലേയും അണിയറയിലേയും നൂതനസംരംഭങ്ങളിലൂടെ കലയുടെ പുതിയ വെളിച്ചം ചൊരിയാനുള്ള എല്ലാ ശ്രമങ്ങളും പ്രോൽസാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും ദിലീപ് അഭിപ്രായപ്പെട്ടു.
എൻജിനീയർ ജുനൈസിന്റെ നേതൃത്വത്തിൽ ഗുഡ്‌ഹോപ് സാരഥികളും അധ്യാപകരും ദിലീപിനെ അക്കാദമിയിൽ സ്വീകരിച്ചു.
മദീനാ റോഡ് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഗ്രൗണ്ട് ഫ്‌ളോറിൽ പുതുതായി ആരംഭിക്കുന്ന 'ദേ പുട്ട്' എന്ന സംരംഭത്തിന്റെ പിന്നണിയിലുള്ള ദിലീപ്, ഈ സ്ഥാപനത്തിന്റെ പുരോഗതിയും വിലയിരുത്തി.
ഗുഡ്‌ഹോപ് ഇന്റർനാഷനൽ റസ്‌റ്റോറന്റ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ സാരഥ്യത്തിൽ ലുലു ഗ്രൗണ്ട് ഫ്‌ലോറിൽ തന്നെ ആരംഭിക്കുന്ന 'ആദാമിന്റെ ചായപീടിയ' യുടെ ഉദ്ഘാടനം 15 ന് വ്യാഴാഴ്ച അസർ നമസ്‌കാരശേഷം നടക്കുമെന്ന് എഞ്ചിനീയർ ജുനൈസ് അറിയിച്ചു.
കോഴിക്കോട് കുറ്റിച്ചിറ വിഭവങ്ങളുടെ സ്വാദിന്റെ പുനരാവിഷാകാരമെന്ന നിലയിൽ ടേസ്റ്റ് ഓഫ് കുറ്റിച്ചിറ എന്ന ബാനറിലാണ് 'ആദാമിന്റെ ചായപ്പീടിയ' അറിയപ്പെടുക.