Sorry, you need to enable JavaScript to visit this website.

VIDEO സൗദിയില്‍ വെര്‍ച്വല്‍ പോലീസ് സ്റ്റേഷനുകള്‍ വരുന്നു

റിയാദ് അരീനയില്‍ സംഘടിപ്പിച്ച ദ്വിദിന ഗ്ലോബല്‍ സ്മാര്‍ട്ട് സിറ്റി ഫോറത്തില്‍ ആഭ്യന്തര മന്ത്രാലയ പവലിയനില്‍ പൊതുസുരക്ഷാ വകുപ്പ് പ്രദര്‍ശിപ്പിച്ച വെര്‍ച്വല്‍ പോലീസ് സ്റ്റേഷന്‍ മാതൃക.

റിയാദ് - ജീവിത ഗുണനിലവാരം ഉയര്‍ത്താനും ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ശ്രമിച്ച് നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ വെമ്പല്‍ കാണിക്കുന്ന സൗദിയില്‍ വൈകാതെ വെര്‍ച്വല്‍ പോലീസ് സ്റ്റേഷനുകള്‍ യാഥാര്‍ഥ്യമാകും. ആധുനിക സാങ്കേതികവിദ്യാ പരിഹാരമെന്ന നിലയിൽ ആരംഭിക്കാന്‍ പദ്ധതിയിടുന്ന വെര്‍ച്വല്‍ പോലീസ് സ്റ്റേഷന്‍ മാതൃക ഗ്ലോബല്‍ സ്മാര്‍ട്ട് സിറ്റി ഫോറത്തില്‍ ആഭ്യന്തര മന്ത്രാലയ പവലിയനില്‍ പൊതുസുരക്ഷാ വകുപ്പ് പ്രദര്‍ശിപ്പിച്ചു.

പരാതി സമര്‍പ്പിക്കാനും മൊഴികള്‍ കേള്‍ക്കാനും പരാതികള്‍ അപ്‌ഡേറ്റ് ചെയ്യാനും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനുമായി സംസാരിക്കാനും ഉപയോക്താക്കളെ സഹായിക്കുന്ന ഐക്കണുകള്‍ അടങ്ങിയ സ്‌ക്രീന്‍ വെര്‍ച്വല്‍ പോലീസ് സ്റ്റേഷനിലുണ്ട്. ജീവിത നിലവാരം മെച്ചപ്പെടുത്തല്‍, പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കല്‍, വ്യാപ്തിയും സുരക്ഷാ കവറേജും വിപുലീകരിക്കല്‍, ചെലവ് കുറക്കല്‍ എന്നീ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വെര്‍ച്വല്‍ പോലീസ് സ്റ്റേഷന്‍ സഹായിക്കുന്നു. ഒരു പരമ്പരാഗത പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് വ്യക്തിക്ക് ആവശ്യമായ എല്ലാ സേവനങ്ങളും വെര്‍ച്വല്‍ പോലീസ് സ്റ്റേഷനും വെര്‍ച്വല്‍ ഇന്ററാക്ടീവ് പോലീസ് ഉദ്യോഗസ്ഥനും നല്‍കുന്നു.

നിരവധി ഭാഷകളില്‍ സംവദിക്കുന്ന വെര്‍ച്വല്‍ പോലീസ് സ്റ്റേഷന്‍ സംവിധാനത്തില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനുമായി സംസാരിക്കാനും സാധിക്കും. പൊതുസ്ഥലങ്ങളിലും ഷോപ്പിംഗ് മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും, പോലീസ് സ്റ്റേഷനുകളുടെ പരിധിക്ക് പുറത്ത് പുതുതായി സ്ഥാപിക്കുന്ന ഡിസ്ട്രിക്ടുകളിലും വൈകാതെ സ്ഥാപിക്കുന്ന വെര്‍ച്വല്‍ പോലീസ് സ്റ്റേഷനുകളിലൂടെ പോലീസ് സ്റ്റേഷനുകളില്‍ പോകുന്നതിനും ക്യൂ നില്‍ക്കുന്നതിനുമുള്ള പ്രയത്‌നവും സമയവും ലാഭിക്കാന്‍ ലക്ഷ്യമിടുന്നു.

സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഈ വര്‍ഷം തന്നെ ഏതാനും വെര്‍ച്വല്‍ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. വെര്‍ച്വല്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന വീഡിയോയും പൊതുസുരക്ഷാ വകുപ്പ് പുറത്തുവിട്ടു. ആഭ്യന്തര, മുനിസിപ്പല്‍ മന്ത്രാലയങ്ങളുമായി സഹകരിച്ച് സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് റിയാദ് അരീനയില്‍ ദ്വിദിന ഗ്ലോബല്‍ സ്മാര്‍ട്ട് സിറ്റി ഫോറം സംഘടിപ്പിച്ചത്. 40 രാജ്യങ്ങളില്‍ നിന്നുള്ള 80 പ്രതിനിധികളും വിദഗ്ധരും ഫോറത്തില്‍ പ്രസംഗിച്ചു.


 

 

 

Latest News