ദുബായ്- കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചവര്‍ക്ക് ഓണ്‍ലൈനില്‍ പോലീസ് സര്‍ട്ടിഫിക്കറ്റ് നേടാമെന്ന് ദുബായ് പോലീസ് അറിയിച്ചു. കാറുകള്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവരേണ്ടതില്ല. പകരം കേടായ വാഹനത്തിന്റെ ഫോട്ടോ അയച്ചാല്‍ മതിയാകും.
സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷ ദുബായ് പോലീസ് ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി പൂര്‍ത്തിയാക്കാമെന്ന് ദുബായ് പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മന്‍സൂര്‍ അല്‍ ഖര്‍ഗൗയി അറിയിച്ചു.
സേവനം ഓട്ടോമേറ്റഡ് ആയതിനാല്‍, ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനങ്ങള്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരേണ്ടതില്ല. അവര്‍ ദുബായ് പോലീസിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയും സര്‍ട്ടിഫിക്കറ്റ് പാക്കേജ് സേവനത്തിനായി അപേക്ഷിക്കുകയും ചെയ്യാം. കേടായ വാഹനത്തിന്റെ ഫോട്ടോകള്‍ അറ്റാച്ചുചെയ്യുക. ഒന്നോ രണ്ടോ പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍, അവര്‍ക്ക് 95 ദിര്‍ഹം നിരക്കില്‍ സര്‍ട്ടിഫിക്കറ്റ് ഇലക്ട്രോണിക് ആയി ലഭിക്കും.
അബുദാബി നിവാസികള്‍ക്ക് അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളിലെ പോലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുകള്‍ സന്ദര്‍ശിച്ച് തങ്ങളുടെ വാഹനങ്ങളുടെ മഴ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും സര്‍ട്ടിഫിക്കറ്റുകള്‍ നേടാനും കഴിയും.