തിരുവനന്തപുരം- പ്രളയ ദുരിതം പരിഗണിച്ച് കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അധികമായി അനുവദിച്ച 89,540 ടണ്‍ അരി സൗജന്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടു. അരിവില ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് വെട്ടിക്കുറക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ 1.18 ലക്ഷം ടണ്‍ അരിയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്നാണ് 89,540 ടണ്‍ അരി ഭക്ഷ്യ മന്ത്രാലയം അധികമായി അനുവദിച്ചത്. ഇതിന്റെ വില ഇപ്പോള്‍ ഈടാക്കുന്നില്ലെങ്കിലും കേരളത്തിന് അനുവദിക്കുന്ന ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നോ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുള്ള മറ്റു പദ്ധതികളില്‍ നിന്നോ വെട്ടിക്കുറക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. മറ്റു ഫണ്ടുകളില്‍ നിന്ന് തുക വെട്ടിക്കുറക്കുന്ന നിലവിലെ ദുരിതബാധിത സാഹചര്യത്തില്‍ സംസ്ഥാനത്തിന് പ്രയാസമുണ്ടാക്കും എന്നതിനാലാണ് ഈ അരി സൗജന്യമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.