മറ്റൊരു വിഷയം കൂടി ഇവിടെ പരാമർശിക്കാതിരിക്കാനാവില്ല. ചരിത്രപരമായി വനത്തെ ആശ്രയിച്ചുകഴിയുന്നവർക്ക് ഭൂമിയുടെ മേൽ അവകാശം നിഷേധിക്കപ്പെടുന്നു എന്നതാണത്. പല പല കാരണങ്ങളാൽ അവർ നിരന്തരമായി കുടിയിറക്കപ്പെടുന്നു. ഗോത്രവർഗക്കാരടക്കമുള്ള, വനവുമായി പൊക്കിൾക്കൊടിബന്ധമുള്ള മനുഷ്യരോടുള്ള ചരിത്രപരമായ നീതിനിഷേധം വനത്തോടും മൃഗങ്ങളോടുമുള്ള നീതിനിഷേധം കൂടിയാണിത്. വികസനത്തിന്റെ പേരിൽ നടക്കുന്ന വൻതോതിലുള്ള വനനാശം, കുടിയേറ്റം, തുടർന്നുള്ള സംഘർഷങ്ങൾ, സാംസ്‌കാരിക നാശം, പട്ടിണി എന്നിവയും മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ കാരണങ്ങളാണ്.
പലവട്ടം ഈ പംക്തിയിലെഴുതിയ വിഷയംതന്നെ വീണ്ടും ആവർത്തിക്കേണ്ടിവരികയാണ്. കേരളത്തിൽ വർദ്ധിച്ചുവരുന്ന മനുഷ്യ - വന്യമൃഗ സംഘർഷം തന്നെയാണ് വിഷയം. കഴിഞ്ഞ ദിവസം മാനന്തവാടി നഗരത്തിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ ബേലൂർ മഗ്ഖന എന്ന മോഴയാനയുടെ ആക്രമണത്തിൽ കർഷകനും ട്രാക്ടർ ഡ്രൈവറുമായ പനച്ചിയിൽ അജീഷാ ദാരുണമായി കൊല്ലപ്പെട്ട സംഭവം ഈ സംഘർഷം എത്രമാത്രം രൂക്ഷമായിരിക്കുന്നു എന്നതിനു തെളിവാണ്. അതിനു തൊട്ടടുത്ത ദിവസമായിരുന്നു തണ്ണീർ കൊമ്പനെന്ന ആനയെ ഈ പരിസരത്തു തന്നെ മയക്കുവെടിവെച്ച് പിടിച്ചതും അത് പിന്നീട് ദാരുണമായി ചെരിഞ്ഞതും. ആനകൾക്കു പുറമെ കടുവ, പുലി, കാട്ടുപന്നി തുടങ്ങി നിരവധി വന്യമൃഗങ്ങൾ കാടിറങ്ങി വരുന്നു. നിരവധി ജീവനുകൾ ഇതിനകം നഷ്ടപ്പെട്ടു. സ്വന്തം വീട്ടിൽ ജീവിക്കാനും പുരയിടത്തിൽ കൃഷി ചെയ്യാനുമാവാതെ ആത്മഹത്യവരെയുണ്ടായി.
കാർഷികമേഖലയിലെ നഷ്ടം കോടികളുടേതാണ്. ഒരു കാര്യം ഉറപ്പാണ്. ഇപ്പോഴുണ്ടായ രണ്ടു സംഭവങ്ങളിലും കേരള-കർണ്ണാടക വനംവകുപ്പുകൾക്ക് വീഴ്ചകളുണ്ടായിട്ടുണ്ട്. രണ്ടു ആനകളും കർണാടക സർക്കാർ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചവയാണ്. എന്നാൽ അതുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങൾ കേരളത്തെ കൃത്യമായി അറിയിച്ചില്ലെന്ന പരാതിയുണ്ട്. മറുവശത്ത് തണ്ണീർ കൊമ്പനെ മയക്കുവെടി വെച്ചതിൽ കേരള വനംവകുപ്പിനു വീഴ്ച പറ്റിയിട്ടുണ്ടെന്ന് മന്ത്രിതന്നെ പരോക്ഷമായി സമ്മതിക്കുന്നുണ്ട്. ബേലൂർ മഗ്ഖനയുടെ കാര്യത്തിലും അതുതന്നെയാണ് അവസ്ഥ. തണ്ണീർ കൊമ്പനൊപ്പം റേഡിയോ കോളർ ഘടിപ്പിച്ച ഒരാനകൂടി എത്തിയിട്ടുണ്ടെന്ന് അന്നേ വനംവകുപ്പ് സ്ഥാരീകരിച്ചിരുന്നു. സംഭവം നടന്നയന്ന് പുലർച്ചെ മുതൽ ആന ജനവാസ സ്ഥലത്തുമായിരുന്നു. എന്നിട്ടും ആവശ്യമായ മുന്നറിയിപ്പുകളും നടപടികളുമെടുത്ത് ദുരന്തം തടയാൻ വകുപ്പിനായില്ല എന്നതിനെ വീഴ്ച എന്നല്ലാതെ മറ്റെന്താണ് വിളിക്കുക? സംഭവം നടന്ന് ഏറെ സമയം കഴിഞ്ഞാണ് വനം വകുപ്പിന്റെയോ മറ്റ് ഉത്തരവാദപ്പെട്ട വകുപ്പുകളിലെയോ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയതെന്നും ആരോപണമുണ്ട്. അതിനാൽ തന്നെ അതുമായി ബന്ധപ്പെട്ടുണ്ടായ ജനകീയ പ്രതിഷേധത്തെ കുറ്റപ്പെടുത്താനാവില്ല.
വന്യമൃഗങ്ങൾ കാടിറങ്ങി വരാനും മനുഷ്യ - വന്യമൃഗ സംരക്ഷണം രൂക്ഷമാകാനും അടിസ്ഥാന കാരണം മനുഷ്യന്റെ പ്രവർത്തനങ്ങൾ തന്നെയാണെന്നതിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല. ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന ദശകങ്ങളിൽ ഇന്ത്യയിലെ വനമേഖലയിലേക്ക് മനുഷ്യർ കടന്നുകയറി 30-40 ശതമാനം വനശ്രേണി നശിപ്പിച്ചതു മുതലാണ് ഈ പ്രക്രിയ ആരംഭിക്കുന്നത് എന്നു പറയാം. എന്തായാലും ഏറെ ചർച്ച ചെയ്യപ്പെട്ട അത്തരം വിഷയങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നതിൽ വലിയ കാര്യമൊന്നുമില്ല. എന്തായാലും അക്കാര്യം ബോധ്യപ്പെട്ടിന്റെ ഭാഗമായാണ് 1972ലെ വന്യജീവി സംരക്ഷണ നിയമവും 1980ലെ വനസംരക്ഷണ നിയമവും ഉണ്ടാകുന്നത്. പക്ഷെ അപ്പോഴേക്കും ആകെയുണ്ടായിരുന്ന വനഭൂമിയുടെ വലിയൊരു
ഭാഗവും വനമല്ലാതായിക്കഴിഞ്ഞിരുന്നു. സംഘർഷം രൂക്ഷമാകാനും ആരംഭിച്ചു. അതിന്റെ തുടർച്ചയായാണ് മനുഷ്യനെ വന്യജീവിമേഖലകളിൽനിന്ന് മാറ്റുക എന്ന് പ്രകൃതിവാദികളും വന്യജീവികളെ കൊന്നുതള്ളുക എന്ന് വികസനവാദികളും ആക്രോശിക്കാൻ ആരംഭിച്ചത്. രണ്ടും ശരിയായ നിലപാടുകളല്ല. പ്രായോഗികവുമല്ല.
സംഘർഷം ലഘൂകരിക്കാൻ ഹ്രസ്വകാല - ദീർഘകാല നടപടികളെടുക്കുകയും സഹവർത്തിത്വ സാധ്യതകൾ അന്വേഷിക്കുകയുമാണ് വേണ്ടത്. വനനിയമങ്ങൾ ഏറെക്കുറെ കർശനായതോടെ മൃഗങ്ങളുടെ എണ്ണം കൂടിയതും ഏകവിള തോട്ടങ്ങൾ വികസിപ്പിച്ചതുവഴി വനത്തിന്റെ വൈവിധ്യം നഷ്ടപ്പെട്ടതും തീറ്റയും കുടിവെള്ളവും ഇണചേരാനുള്ള അവസരങ്ങളും കിട്ടാത്തതും സഞ്ചാരപാതാശോഷണവും കാലാവസ്ഥാവ്യതിയാനമുണ്ടാക്കിയ പ്രശ്‌നങ്ങളും വനത്തോട് ചേർന്ന് കൃഷിയിടങ്ങൾ ധാരാളമായതുമൊക്കെ വന്യമൃഗങ്ങൾ കാടിറങ്ങാൻ കാരണമാണ്. ഇവയൊന്നും പെട്ടെന്ന് പരിഹരിക്കാനാവുന്നതല്ല. അതുവരെ മനുഷ്യന്റെ ജീവൻ സംരക്ഷിക്കാതിരിക്കാനും ആവുകയില്ല. സാക്ഷാൽ മാധവ് ഗാഡ്ഗിൽ തന്നെ പന്നികളെ കൊല്ലാനും തിന്നാനും കർഷകർക്ക് അനുമതി നൽകണമെന്നു ആവശ്യപ്പെട്ടല്ലോ. അത്തരത്തിലുള്ള തീരുമാനങ്ങളും നിയമഭേദഗതികളുമൊക്കെ താൽക്കാലികമായി സ്വീകരിക്കേണ്ടിവരും. പക്ഷെ അതിന്റെ പേരിൽ എല്ലാ മൃഗങ്ങളേയും കൊന്നൊടുക്കണമെന്നതുപോലുള്ള തീവ്രനിലപാടുകളിലേക്ക് എത്താനും പാടില്ല. ഐക്യരാഷ്ട്രസഭയുടെ മൃഗങ്ങളുടെ അവകാശ പ്രഖ്യാപനം അംഗീകരിച്ചിട്ടുള്ള നാടാണ് ഇന്ത്യ എന്നു മറക്കരുതല്ലോ.
വൈദ്യുത വേലികൾ സ്ഥാപിച്ച് വന്യജീവികളെ പൂർണ്ണമായും തടയാമെങ്കിലും അത് സുരക്ഷിതമായ ദീർഘകാല പദ്ധതിയാണെന്നു പറയാനാകില്ല. കാടിന്റെ തൊട്ടടുത്ത് ഇപ്പോഴുള്ളതുപോലുള്ള രീതിയിൽ കൃഷി ചെയ്യാതിരിക്കുക, ഭക്ഷ്യയോഗ്യമല്ലാത്ത വിളകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കാവു്നനതാണ്. എന്നാൽ കർഷകരുടെ ജീവിതമാർഗ്ഗമായതിനാൽ അവർക്ക് മറ്റു മാർഗ്ഗങ്ങൾ ഒരുക്കാതെ ഇതെങ്ങിനെ സാധ്യമാകും? മാത്രമല്ല മാംസഭോജികളായ മൃഗങ്ങളുടെ വിഷയത്തിൽ ഇത് പ്രായോഗികവുമല്ലല്ലോ.
ഈ ദുരിതം നേരിടുന്നവരിൽ ഭൂരിപക്ഷവും ആദിവാസികളും കർഷക തൊഴിലാളികളും ദരിദ്ര കർഷകരുമാണെന്നതും മറക്കാനാകില്ലല്ലോ. വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യരുടെ ജീവൻ സംരക്ഷിക്കാൻ ഭരണഘടനയുടെ 21 വകുപ്പ് പ്രകാരം സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് കഴിഞ്ഞ വർഷം മുംബൈ ഹൈക്കോടതി വിധിച്ചതും ഓർക്കാവുന്നതാണ്. കർഷകർക്കും ആദിവാസികൾക്കും വനത്തിനടുത്ത് ജീവിക്കുന്നവർക്കും സ്വയം സന്നദ്ധ പുനരധിവാസപദ്ധതി നിലവിലുണ്ട്. പദ്ധതിപ്രകാരം ആളുകൾക്ക് വനംവകുപ്പിന്റെ മറ്റു പുനരധിവാസപദ്ധതികൾ സ്വീകരിക്കാതെ ഒരു കുടുംബത്തിന് 15 ലക്ഷംരൂപ കൈപ്പറ്റി താമസിക്കുന്നയിടത്തുനിന്ന് ഒഴിഞ്ഞുപോവുകയോ അല്ലെങ്കിൽ വനംവകുപ്പ് പുനരധിവസിപ്പിക്കുന്ന സ്ഥലത്തേക്ക് മാറിത്താമസിക്കുകയോ ചെയ്യാവുന്നതാണ്. എന്നാൽ വനങ്ങളോട് ഇഴുകിച്ചേർന്ന് ജീവിക്കുന്നവർക്ക് അതിനു സാധ്യമാകുമോ, പുതിയ സ്ഥലങ്ങളിൽ അവരുടെ ജീവിതം എങ്ങനെയായിരിക്കും, ആദിവാസികളെ സംബന്ധിച്ചിടത്തോളം വനാവകാശനിയമത്തിന്റെ ലംഘനമല്ലേ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. ആകപ്പാടെ സങ്കീർണ്ണമാണ് വിഷയം എന്നർത്ഥം.
വനമേഖലകളിലെ സാങ്കേതിക വിദ്യകളുടെ ലഭ്യത, പരമ്പരാഗതമായ തർക്കങ്ങളുടെ പരിഹാരം, അവകാശങ്ങളുടെ ലഭ്യത, വനസംരക്ഷണ-വന്യജീവി സംരക്ഷണത്തിലെ കൂടുതൽ കാര്യക്ഷമമായ പങ്കാളിത്തം, സുസ്ഥിരമായ വിഭവവിനിയോഗ മാർഗങ്ങൾ അവലംബിക്കൽ, നൂതനമായ മൊബൈൽ വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സ്ഥിരനിരീക്ഷണ മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കേണ്ടതുണ്ട്. വനവുമായി ചേർന്ന് ജീവിക്കുന്ന മനുഷരെകൂടി ഉൾപ്പെടുത്തി പ്രശ്‌നബാധിതമേഖലകളിൽ തുടർച്ചയായ പങ്കാളിത്തനിരീക്ഷണ സംവിധാനം ഏർപ്പെടുത്തണം. ഇവർക്ക് സാങ്കേതിക പരിശീലനവും ഇൻസെന്റീവും നൽകണം.
ഇതിനായി വനമേഖലകളിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പു സംവിധാനത്തെ തന്നെ ഉപയോഗിക്കാവുന്നതാണ്. വന്യജീവികളെ കൈകാര്യം ചെയ്യുന്നതിനു സാങ്കേതിക സൗകര്യങ്ങളും, ആവാസശാസ്ത്രപരമായ പരിജ്ഞാനവും നൽകണം. ഓരോ ജീവിയുടെയും സ്വഭാവസവിശേഷതകളും തദ്ദേശീയമായ ആവാസവ്യവസ്ഥാ പ്രത്യേകതകളും ഉൾപ്പെടുത്തിയായിരിക്കണം പരിഹാരമാർഗങ്ങൾ അവലംബിക്കേണ്ടത്. ഇത്തരത്തിലുള്ള വന്യജീവികളുടെ കണക്കെടുപ്പുകളും ദീർഘകാലാടിസ്ഥാനത്തിലുള്ള നിരീക്ഷണങ്ങളും അനിവാര്യമാണ്. നീർച്ചാലുകൾ, മുറിഞ്ഞുപോയ ആനത്താരകൾ എന്നിവ ആവാസവ്യവസ്ഥ പുനഃസ്ഥാപനത്തിലൂടെ സമ്പുഷ്ടമാക്കണം. ഏകവിള പ്ലാന്റേഷൻ മേഖലകളിൽ വന്യജീവന് അനുയോജ്യമായ സ്ഥലങ്ങളിൽ, പ്രത്യേകിച്ചും മലമുടികളിലും പുഴയോരങ്ങളിലും ആവാസശാസ്ത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ ആവാസവ്യവസ്ഥാ പുനഃസ്ഥാപനം അനിവാര്യമാണ്.
മറ്റൊരു വിഷയം കൂടി ഇവിടെ പരാമർശിക്കാതിരിക്കാനാവില്ല. ചരിത്രപരമായി വനത്തെ ആശ്രയിച്ചുകഴിയുന്നവർക്ക് ഭൂമിയുടെ മേൽ അവകാശം നിഷേധിക്കപ്പെടുന്നു എന്നതാണത്. പല പല കാരണങ്ങളാൽ അവർ നിരന്തരമായി കുടിയിറക്കപ്പെടുന്നു. ഗോത്രവർഗക്കാരടക്കമുള്ള, വനവുമായി പൊക്കിൾക്കൊടിബന്ധമുള്ള മനുഷ്യരോടുള്ള ചരിത്രപരമായ നീതിനിഷേധം വനത്തോടും മൃഗങ്ങളോടുമുള്ള നീതിനിഷേധം കൂടിയാണിത്. വികസനത്തിന്റെ പേരിൽ നടക്കുന്ന വൻതോതിലുള്ള വനനാശം, കുടിയേറ്റം, തുടർന്നുള്ള സംഘർഷങ്ങൾ, സാംസ്‌കാരിക നാശം, പട്ടിണി എന്നിവയും മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ കാരണങ്ങളാണ്. വനാശ്രിതമനുഷ്യരുടെ അവകാശങ്ങൾ രാജ്യത്ത് പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് ഗോദവർമൻ തിരുമുൽപ്പാട് കേസിൽ (1995) കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട് എന്നതും ഓർക്കാവുന്നതാണ്.