മക്ക- പുതുക്കിയ നിർദേശമനുസരിച്ച് മക്കയിൽ പ്രവർത്തിക്കുന്ന പെട്രോൾ സ്റ്റേഷനുകളിൽ ഇന്നു മുതൽ പരിശോധനയാരംഭിക്കുകയും നിയമ ലംഘനങ്ങൾക്ക് പിഴയീടാക്കുകയും ചെയ്യും.പുതുക്കിയ മാനദണ്ഡപ്രകാരം നിയമ ലംഘനത്തിന്റെ തോതനുസരിച്ച് പെട്രോൾ സ്റ്റേഷൻ അടച്ചു പൂട്ടുന്നതുൾപടെ മുൻസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് ഒൻപതിനം നിയമ ലംഘനങ്ങളും പെട്രോൾ സ്റ്റേഷനുമായി ബന്ധപ്പെട്ട് 30 ഇനം നിയമലംഘനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
പെട്രോളിയം ഉൽപന്നങ്ങൾ വിൽക്കുന്നതിനു ലൈസൻസ് ഇല്ലാതിരിക്കുക, സൗദിയിൽ വിൽക്കുന്നതിനുള്ള വിവിധയിനം പെട്രോളിയം ഉൽപന്നങ്ങൾക്കുണ്ടായിരിക്കേണ്ട ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതോ മായം ചേർന്നതോ ആയ ഉൽപന്നങ്ങൾ വിൽക്കുന്ന സ്റ്റേഷനുകൾക്ക് 10000 റിയാലും, പെട്രോൾ സ്റ്റേഷനുകളോടനുബന്ധിച്ച് നിർണിത വലുപ്പത്തിൽ കുറയാത്ത വാഹന സർവ്വീസ് സ്റ്റേഷനുകളും ഗ്രോസറികളും ഹോട്ടലുകളും കോഫീ ഔട്ട്ലെറ്റുകളും മസ്ജിദുമില്ലാത്തതിന് 5000 റിയാലും പിഴ ചുമത്തും. നിയമ ലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും മക്ക മുനിസിപ്പാലിറ്റി മുന്നറിയിപ്പു നൽകി.