എടപ്പാള്‍ - നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി കഴിയുന്ന കിടപ്പുരോഗികള്‍ക്ക് കാരുണ്യത്തിന്റെ കരങ്ങളുമായി കടന്നുവരുന്ന രണ്ടു പേര്‍ക്ക് സ്‌നേഹാദരം. വട്ടംകുളം കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ കീഴിലെ പാലിയേറ്റീവ് നേഴ്‌സ് എം.പി അജിതക്കും, ഡ്രൈവര്‍ ഷറഫുദ്ദീനും ആണ് സേവന തല്‍പരത മുന്‍നിര്‍ത്തി ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചത് .പോയ കാലത്തെ ജീവിതത്തിലെ വസന്തകാലം ഓര്‍ത്ത് എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടപ്പിലായ രോഗികള്‍ക്ക് മുന്നില്‍ ശുശ്രൂഷയുടെയും, സാന്ത്വനത്തിന്റെയും കരങ്ങളുമായാണ് ഇരുവരും കടന്നു ചെല്ലുന്നത് .രണ്ടുപേരും ജോലിക്കാര്‍ ആണെങ്കിലും ജോലിയും ശമ്പളവും എന്നതിനപ്പുറം ഇവരുടെ സേവന തല്‍പരതയെ മാനിച്ചാണ് ആദരവ് സംഘടിപ്പിച്ചത്. രാവിലെ മുതല്‍ വൈകുന്നേരം വരെ കിടപ്പുരോഗികള്‍ക്ക് അരികിലെത്തി അവരെ പരിചരിക്കുമ്പോള്‍ ഇവരുടെ മുഖത്ത് സേവനത്തിന്റെ നിഴലാട്ടം ആണ് .ഇതുതന്നെയാണ് ഇവര്‍ കടന്നു ചെല്ലുന്ന ഓരോ വീടുകളിലും പ്രതിഫലിക്കുന്നതും. ഇരുവരെയും പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനത്തില്‍ വച്ചാണ് ആദരിച്ചത് എന്നതും എടുത്തു പറയേണ്ടതാണ്. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .എ. നജീബ് ഉദ്ഘാടനം ചെയ്തു .ഉപഹാര സമര്‍പ്പണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ .ഷീജ അധ്യക്ഷത വഹിച്ചു .മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫസല്‍ മുഹമ്മദ് ,ഗ്രാമപഞ്ചായത്ത് അംഗം ദിലീപ് എരുവപ്ര, സൈക്കോളജിസ്റ്റ് ഡോക്ടര്‍ എന്‍ . അനൂപ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് പ്രശാന്തിയില്‍, ടി. പി ശാന്ത ,പി .രജിത, പി. മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു.