തിരുവനന്തപുരം- എസ്എന്‍സി ലാവലിന്‍ കേസില്‍ ശിക്ഷ ഇളവു ചെയ്യണമെന്നു ആവശ്യപ്പെട്ട് ആറര വര്‍ഷമായി കോടതി കയറി ഇറങ്ങുന്ന റിട്ട. കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ കസ്തൂരിരങ്ക അയ്യര്‍ (82) അന്തരിച്ചു. ഇദ്ദേഹം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയില്‍ തീര്‍പ്പാകാതെ ഇപ്പോഴും നില്‍ക്കുന്നു.38 തവണയിലേറെയായി സുപ്രീം കോടതി കേസ് മാറ്റിവയ്ക്കുകയാണ്. കേസില്‍ ശിക്ഷിക്കപ്പെട്ട ആളാണ് കസ്തൂരിരങ്ക അയ്യര്‍. ഇന്നലെ രാത്രി കരമന നാഗമയ്യാ സ്ട്രീറ്റിലെ വസതിയില്‍ വച്ചാണ് മരണത്തിനു കീഴടങ്ങിയത്.
'എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ'- എന്നായിരുന്നു കേസില്‍ 2017ല്‍ ശിക്ഷ വിധിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത്. ശിക്ഷിക്കപ്പെടുമ്പോള്‍ തന്നെ അദ്ദേഹത്തെ പ്രായത്തിന്റെ അവശതകള്‍ അലട്ടിയിരുന്നു.
കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ കുറ്റവിമുക്തരായി. എന്നാല്‍ അയ്യരടക്കം മൂന്ന് പേര്‍ ശിക്ഷിക്കപ്പെട്ടു. പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തങ്ങള്‍ക്കും ശിക്ഷാ ഇളവു നല്‍കണമെന്നു ആവശ്യപ്പെട്ട് അയ്യരടക്കമുള്ളവര്‍ ഇതില്‍ കക്ഷി ചേര്‍ന്നു. രണ്ട് ഹര്‍ജികളും നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.തങ്കമാണ് കസ്തൂരിരങ്ക അയ്യരുടെ ഭാര്യ. മക്കള്‍: ജ്യോതി, ഡോ. പ്രീതി, ഡോ. മായ. മരുമക്കള്‍: രാമസ്വാമി, ഡോ. പ്രശാന്ത്, ഡോ. രമേഷ്. സംസ്‌കാരം ഇന്ന്.