തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ 4.40നുള്ള വിമാനത്തിലാണ് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്ന് യാത്ര തിരിച്ചത്. യാത്രയയപ്പും മാധ്യമ ബഹളവുമൊന്നുമില്ലാതെ യാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല വിജയനുമുണ്ട്. തിങ്കളാഴ്ച പോകുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട്.
ആഗസ്റ്റ് 19ന് പുലര്‍ച്ചെ നിശ്ചയിച്ച യാത്രയാണ് പ്രളയ ദുരന്തം മൂലം മാറ്റിയത്. ഈ മാസം പകുതിയോടെ മുഖ്യമന്ത്രി തിരിച്ചെത്തും. അതു വരെ അടിയന്തര സാഹചര്യം വന്നാല്‍ മന്ത്രി സഭാ യോഗം വിളിച്ചു ചേര്‍ക്കാനുള്ള ചുമതല വ്യവസായ മന്ത്രി ഇ.പി. ജയരാജനായിരിക്കും.
മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടുന്നത്. പ്രമേഹം, നാഡീ സംബന്ധമായ പ്രശ്നങ്ങള്‍, ഹൃദ്രോഗം, അര്‍ബുദം എന്നിവക്കുള്ള ചികിത്സയില്‍ പ്രശസ്ത സ്ഥാപനമാണ് മയോ ക്ലിനിക്ക്.
യാത്രയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി ശനിയാഴ്ച ഗവര്‍ണറെ കണ്ടിരുന്നു. യാത്രസംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിക്കാനായിരുന്നു ഇത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പ്രളയബാധിതരുടെ പുനരധിവാസത്തിനുമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.