കല്‍പറ്റ- പ്രതിപക്ഷ പാര്‍ട്ടികളെ ഇല്ലാതാക്കാനാണ് ബി. ജെ. പി ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക ആരോഗ്യമന്ത്രിയുമായ ദിനേശ് ഗുണ്ടുറാവു. കെ. പി. സി. സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും നയിക്കുന്ന 'സമരാഗ്നി' ജനകീയ പ്രക്ഷോഭയാത്രയ്ക്കു കല്‍പറ്റയില്‍ വയനാട് ഡി. സി. സി നല്‍കിയ സ്വീകരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ. ഡി, സി. ബി. ഐ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിങ്ങനെ ഭരണഘടനാസ്ഥാപനങ്ങളെ ഉപയോഗിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികളെ ഇല്ലാതാക്കാന്‍ ബി. ജെ. പി ശ്രമിക്കുന്നത്. ബി. ജെ. പി അധികാരത്തിലെത്താത്ത സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കവും നടന്നുവരികയാണ്. ദക്ഷിണേന്ത്യയില്‍ ബി. ജെ. പി ഭരണമില്ലാത്ത അഞ്ച് സംസ്ഥാനങ്ങളില്‍ കേരളത്തെ മാത്രമാണ് ഇതില്‍നിന്നും ഒഴിവാക്കിയത്.
രാജ്യത്ത് ജനാധിപത്യം അനുദിനം ക്ഷയിക്കുകയാണ്. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതായി. കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, കായികതാരങ്ങള്‍ എന്നിങ്ങനെ എല്ലാവരും സര്‍ക്കാരിനെതിരെ സമരത്തിലാണ്. കോര്‍പറേറ്റുകളുടെ കോടിക്കണക്കിന് രൂപ എഴുതിത്തള്ളുന്ന കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരുടെ പ്രതിഷേധങ്ങളെ അവഗണിക്കുകയാണ്.
വയനാട്ടിലെ മനുഷ്യ- മൃഗ സംഘര്‍ത്തിന്റെ പരിഹാരത്തിന് കേരള, കര്‍ണാടക സര്‍ക്കാരുകള്‍ യോജിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡി. സി. സി പ്രസിഡന്റ് എന്‍. ഡി. അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ വിശ്വനാഥപെരുമാള്‍, അഡ്വ. ടി. സിദ്ദീഖ് എം. എല്‍. എ, വി. പി. സജീന്ദ്രന്‍, എന്‍. സുബ്രഹ്‌മണ്യന്‍, ജെബി മേത്തര്‍, എ. പി.അനില്‍കുമാര്‍ എം. എല്‍. എ, ഐ. സി. ബാലകൃഷ്ണന്‍ എം. എല്‍. എ, അഡ്വ. കെ. ജയന്ത്, ജ്യോതികുമാര്‍ ചാമക്കാല, പി. എ.സലിം, ബി. ആര്‍. എം. ഷഫീര്‍, കെ. കെ. അഹമ്മദ്ഹാജി, അഡ്വ. പി. എം. നിയാസ്, ഡോ. പി. സരിന്‍, കെ. എല്‍. പൗലോസ്, പി. കെ. ജയലക്ഷ്മി, കെ. കെ. വിശ്വനാഥന്‍, പി. പി. ആലി, കെ. ഇ. വിനയന്‍, വി. എ. മജീദ്, ബി. സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
സ്വീകരണത്തില്‍ നൂറുകണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.