കല്‍പറ്റ- വടക്കേ വയനാട്ടിലെ പയ്യമ്പള്ളി ചാലിഗദ്ദയില്‍ കര്‍ഷകന്‍ അജീഷിന്റെ ജീവനെടുത്ത ബേലൂര്‍ മഖ്ന എന്ന മോഴയെ മയക്കുവെടിവെച്ച് പിടിക്കാനുള്ള വനസേനയുടെ ശ്രമം മൂന്നാം ദിവസവും വിഫലം. മയക്കുവെടി പ്രയോഗിക്കാന്‍ ഉതകുന്ന വിധത്തില്‍ തുറസായ സ്ഥലത്ത് ആന നിലയുറപ്പിക്കാത്തതാണ് ദൗത്യത്തിനു തടസമായത്. ആനയെ പിടിക്കാത്തതില്‍ ജനക്കൂട്ടം തിങ്കളാഴ്ചയും പ്രതിഷേധവുമായി രംഗത്തുവന്നു. വനം ഉദ്യോഗസ്ഥര്‍ സാഹചര്യം വിശദീകരിച്ചശേഷമാണ് ആളുകള്‍ ശാന്തരായത്.
ആനയെ പിടിക്കുന്നതിനു ശ്രമം ചൊവ്വാഴ്ച രാവിലെ പുന:രാരംഭിക്കും. മയക്കുവെടിവെച്ച് പിടിക്കുന്ന മുറയ്ക്ക് മോഴയെ പാര്‍പ്പിക്കുന്നതിന് മുത്തങ്ങ ഫോറസ്റ്റ് റേഞ്ച് ആസ്ഥാനത്ത് പന്തി സജ്ജമാക്കിവരികയാണ്.
വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചില്‍പ്പെട്ട മണ്ണുണ്ടി വനത്തിലാണ് തിങ്കളാഴ്ച രാവിലെ മോഴയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ ട്രാക്ക് ചെയ്ത വനസേന ആനയുടെ സമീപം വരെ എത്തിയെങ്കിലും മയക്കുവെടി പ്രയോഗിക്കാവുന്ന സാഹചര്യമായിരുന്നില്ല. നിബിഡ വനത്തിലാണ് ആന ഉണ്ടായിരുന്നത്. ഒരുതവണ നിറയൊഴിച്ചെങ്കിലും ആനയുടെ ദേഹത്ത് തറച്ചില്ല.
മണ്ണുണ്ടി വനത്തില്‍ പലയിടങ്ങളിലായി ചുറ്റിത്തിരിഞ്ഞ ആന ഉച്ചകഴിഞ്ഞ് ചതുപ്പുള്ള ഭാഗത്താണ് എത്തിയത്. വനത്തില്‍ തുറസായ ഇടങ്ങളുള്ള ചെമ്പകമൂല ഭാഗത്തേക്ക് വൈകുന്നേരം ആന നീങ്ങിയെങ്കിലും സമയം അതിക്രമിച്ചതിനാല്‍ ദൗത്യം തത്കാലത്തേക്ക് നിര്‍ത്തി വനസേന പിന്‍വാങ്ങി.
200 അംഗങ്ങള്‍ അടങ്ങുന്നതാണ് ബേലുര്‍ മഖ്നയെ പിടിക്കുന്നതിനു നിയോഗിച്ച ദൗത്യ സംഘം. നിലമ്പൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങില്‍നിന്നുള്ള ആര്‍. ആര്‍ ടീം അംഗങ്ങളും തിങ്കളാഴ്ച ദൗത്യ സംഘത്തില്‍ ചേര്‍ന്നു. നാല് വെറ്ററിനറി സര്‍ജന്‍മാരും നാല് കുംകിയാനകളും സംഘത്തിന്റെ ഭാഗമാണ്.
സി. സി. എഫ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ കെ. എസ്. ദീപയാണ് ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ലൊക്കേഷന്‍ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് വനസേന 10 സംഘങ്ങളായി തിരിഞ്ഞാണ് കാട്ടാന എത്തിച്ചേരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പകല്‍ നിരീക്ഷണം നടത്തിയത്.
മണ്ണുണ്ടി ഭാഗത്ത് ആനയുടെ ഏകദേശം 100 മീറ്റര്‍ അടുത്ത് ഒരു സംഘത്തിനു എത്താനായി.
കര്‍ണാടക വനം വകുപ്പ് മയക്കുവെടിവെച്ച് പിടിച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തില്‍ തുറന്നുവിട്ട മോഴയാണ് അജീഷിന്റെ ജീവനെടുത്തത്. ഈ ആനയുടെ സാന്നിധ്യം ജനുവരി അഞ്ചിന് വയനാട് വന്യജിവി സങ്കേതത്തിലെ മുത്തങ്ങ വനത്തില്‍ സ്ഥിരീകരിച്ചിരുന്നു. പിന്നീട് കര്‍ണാടകയിലെ ബന്ദിപ്പുര വനത്തിലേക്ക് മടങ്ങിയ ആന ഫെബ്രുവരി രണ്ടിന് സൗത്ത് വയനാട് വനം ഡിവിഷനിലെ പാതിരി വനത്തിലെത്തി. ഇക്കാര്യം അറിഞ്ഞ സംസ്ഥാന വനം ജീവനക്കാര്‍ മോഴയുടെ റേഡിയോ കോളര്‍ ഫ്രീക്വന്‍സി നിരന്തരം ആവശ്യപ്പെട്ടെങ്കിലും അജീഷ് ആക്രമണത്തിനു ഇരയായതിനു ശേഷമാണ് കര്‍ണാടക ലഭ്യമാക്കിയത്.
നേരത്തേ കുംകിയാനകളുടെ പ്രഹരത്തിനു ഇരയായ മോഴ ഭയപ്പാടിലാണ്. അതിനാല്‍ത്തന്നെ അക്രമാസക്തനുമാണ്. സമീപത്ത് എത്തുമ്പോള്‍ ആന പാഞ്ഞടുക്കാന്‍ സാധ്യത ഏറെയാണ്. ഇത് മുന്നില്‍ക്കണ്ടായിരുന്നു തിങ്കളാഴ്ച വനസേനയുടെ നീക്കം. ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനു അടുത്തുള്ള പ്രദേശങ്ങളില്‍ വനം, പോലീസ് പാര്‍ട്ടികള്‍ പട്രോളിംഗ് നടത്തുന്നുണ്ട്.