കല്‍പറ്റ- വന്യമൃഗ ആക്രമണത്തില്‍ നിന്ന് മനുഷ്യരുടെ ജീവനും ജീവനോപാധികള്‍ക്കും സംരക്ഷണം നല്‍കുന്നതില്‍ അധികാരികള്‍ കാണിക്കുന്ന വീഴ്ചയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഫാര്‍മേഴ്സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച നടത്താന്‍ തീരുമാനിച്ച 'മനഃസാക്ഷി' ഹര്‍ത്താലിന് കെ. സി. വൈ. എം മാനന്തവാടി രൂപത ഘടകം പിന്തുണ പ്രഖ്യാപിച്ചു.
മനഃസാക്ഷിയില്ലാത്ത ഭരണകൂടത്തോടുള്ള പ്രതിഷേധമാണ് ഹര്‍ത്താലെന്ന് കെ. സി. വൈ. എം രൂപത സമിതി വിലയിരുത്തി. തെരഞ്ഞെടുപ്പു കാലങ്ങളില്‍ മാത്രം മനുഷ്യന് പ്രാധാന്യം കൊടുക്കുകയും മറ്റവസരങ്ങളില്‍ പുല്ലുവില കല്‍പ്പിക്കുകയുമാണ് ഭരണാധികാരികള്‍ ചെയ്യുന്നത്. ജനങ്ങള്‍ക്ക് പേടിയില്ലാതെ പുറത്തിറങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നടത്തുന്ന ഹര്‍ത്താല്‍ നിലനില്‍പ്പിനുവേണ്ടിയുള്ള സമരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജിഷിന്‍ മുണ്ടക്കാത്തടത്തില്‍, വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ടിജിന്‍ ജോസഫ് വെള്ളപ്ലാക്കില്‍, സെക്രട്ടറിമാരായ അമ്പിളി സണ്ണി, ഡെലിസ് സൈമണ്‍ വയലുങ്കല്‍, ട്രഷറര്‍ ജോബിന്‍ തുരുത്തേല്‍, കോ ഓര്‍ഡിനേറ്റര്‍ ജോബിന്‍ തടത്തില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ബെന്‍സി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്ന് ഫാര്‍മേഴ്സ് റിലീഫ് ഫോറം ജില്ലാ ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.