Sorry, you need to enable JavaScript to visit this website.

തൃപ്പൂണിത്തുറ സ്‌ഫോടനം : വെടിക്കെട്ട് കരാറുകാരന്റെ ഗോഡൗണില്‍ നിന്ന് ഉഗ്ര ശേഷിയുള്ള പടക്കവും കഞ്ചാവും കണ്ടെത്തി

തിരുവനന്തപുരം - തൃപ്പൂണിത്തുറ സ്‌ഫോടനവുമായി ബന്ധപ്പെട്ട് വെടിക്കെട്ട്  കരാറുകാരന്റെ തിരുവനന്തപുരത്തെ പോത്തന്‍കോട് ശാസ്തവട്ടം ഗോഡൗണില്‍ പോലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് ഉഗ്ര ശേഷിയുള്ള പടക്കങ്ങളും കഞ്ചാവും കണ്ടെത്തി. ശാസ്തവട്ടം സ്വദേശി ആദര്‍ശാണ് പടക്കം പൊട്ടിക്കുന്നതിന് കരാര്‍ എടുത്തത്. പൊട്ടിത്തെറിയില്‍ ആദര്‍ശിന് ഗുരുതര പരുക്ക് പറ്റിയതിനെ തുടര്‍ന്ന ചികിത്സയിലാണ്. 
പോത്തന്‍കോട് പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പൊട്ടിത്തെറി നടന്നയുടന്‍ ഗോഡൗണില്‍ നിന്ന് വലിയ തോതില്‍ സാധനങ്ങള്‍ മാറ്റിയതായി കണ്ടെത്തിയിരുന്നു. കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയിലായിരുന്നു. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി ഭാരവാഹികളെയാണ് കസ്റ്റഡിയിലെടുത്തത്. പടക്ക നിര്‍മ്മാണശാലയിലെ രണ്ടു ജീവനക്കാര്‍ നേരത്തെ കസ്റ്റഡിയിലായിരുന്നു.

ഇതിനിടെ, വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് കരാറുകാരില്‍ നിന്ന് നഷ്ട പരിഹാരം നല്‍കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. നഷ്ടം സംഭവിച്ചവരുടെ വിവരങ്ങള്‍ റവന്യൂ വിഭാഗം ശേഖരിച്ചുതുടങ്ങി. മുനിസിപ്പാലിറ്റി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലാണ് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. എഞ്ചിനീയറിംഗ് വിഭാഗം വീടുകളിലെത്തി നഷ്ടം പരിശോധിക്കും. അതിന് ശേഷമാകും തുക അനുവദിക്കുന്ന നടപടികളിലേക്ക് കടക്കുക. സംഭവത്തില്‍ എക്‌സ്‌പ്ലോസിവ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഹില്‍പാലസ് പൊലീസ് ആണ് കേസെടുത്തത്. ഭരണസമിതി, പടക്കം എത്തിച്ചവര്‍, ഉത്സവകമ്മിറ്റി എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തുത്. പടക്കം സൂക്ഷിക്കുന്നതിനും  വെടിക്കെട്ടിന് അനുമതിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

Latest News