കൊണ്ടോട്ടി- ഹജ്ജ് തീര്‍ഥാടനത്തിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനക്കൂലി കുറക്കുന്നതിനുള്ള ഇടപെടലുകളും സമ്മര്‍ദ്ദങ്ങളും തുടരാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടേയും ജനപ്രതിനിധികളുടേയും ഇടപെടലിനെ തുടര്‍ന്ന് നേരത്തെയുള്ള നിരക്കില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ തയ്യാറായത് ആശ്വാസകരമാണ്. തുടര്‍ന്നും നിരക്ക് കുറച്ച് കേരളത്തിലെ മറ്റു എംബാര്‍ക്കേഷന്‍ പോയിന്റുകളിലേതിനു തുല്യമാക്കാന്‍ ഇടപെടലുകള്‍ തുടരും.
നിരക്ക് കുറക്കുന്നതില്‍ ഇടപെടലുകള്‍ നടത്തിയതില്‍ സംസ്ഥാന സര്‍ക്കാറിനെ കമ്മിറ്റി യോഗം അഭിനന്ദിച്ചു. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഈ വര്‍ഷത്തെ തീര്‍ഥാടനത്തിനു പുറപ്പെടുന്നവരുടെ യാത്രയും അനുബന്ധ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായും കാര്യക്ഷമമായും പൂര്‍ത്തിയാക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഹജ്ജിന് അവസരം ലഭിച്ചവരുടെ പണം അടക്കല്‍, രേഖകളുടെ സമര്‍പ്പണം, ട്രെയ്‌നിങ്ങ് ക്ലാസുകള്‍, ഹജ്ജ് ക്യാമ്പ് മുന്നൊരുക്കങ്ങള്‍ തുടങ്ങി യാത്ര പുറപ്പെടുന്നത് വരെയുള്ള വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണ സംബന്ധമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്.
തെരഞ്ഞെടുക്കപ്പട്ടവര്‍ക്ക് പാസ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതിന് കോഴിക്കോട് ഹജ്ജ് ഹൗസിലൊരുക്കിയ ക്രമീകരണങ്ങള്‍ക്ക് പുറമെ കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും കോഴിക്കോട് പുതിയറ റീജണല്‍ ഓഫീസിലും പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതുവരെ 15,140 പേരാണ് രേഖകള്‍ സമര്‍പ്പിച്ചത്. പണം അടക്കാനുള്ള സമയ പരിധി 15 വരെ നീട്ടിയതിനാല്‍ ശേഷിക്കുന്നവര്‍ അടുത്ത ദിവസങ്ങളില്‍ രേഖകള്‍ സമര്‍പ്പിക്കും. അവധി ദിനങ്ങളായിരുന്ന ശനിയും ഞായറും ഹജ്ജ് ഹൗസ്, കോഴിക്കോട് പുതിയറ, എറണാകുളം കളമശ്ശേരി, കണ്ണൂര്‍ കലക്ട്രേറ്റ് ഹാള്‍ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.