Sorry, you need to enable JavaScript to visit this website.

നിര്‍ത്തിയിട്ട വാഹനം ഉയര്‍ന്ന് പൊങ്ങി കത്തിയമര്‍ന്നു, കെട്ടിടം നിലം പൊത്താറായി, വീടിന്റെ മേല്‍ക്കൂരകള്‍ തകര്‍ന്നു, ഭീകര കാഴ്ചകള്‍

കൊച്ചി - ആരെയും നടുക്കുന്ന രീതിയിലുള്ള കാഴ്ചകളാണ് തൃപ്പൂണിത്തുറയിലെ പടക്ക സംഭരണ ശാലയില്‍ നടന്ന ഉഗ്ര സ്‌ഫോട്‌നത്തിലുണ്ടായത്. പുതിയകാവ് വടക്കുംപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്കാണ് ഇന്ന് രാവിലെ തീപിടിച്ചത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിരുന്നു. പടക്ക സംഭരണ ശാലയിലേക്ക് പടക്കവുമായി എത്തിയ വാഹനം ഉഗ്ര സ്‌ഫോടനത്തില്‍ ആകാശത്തേക്ക് ഉയര്‍ന്ന് പൊങ്ങിയ ശേഷം താഴെ വീണ് ഒന്നാകെ പൊട്ടിച്ചിതറുകുകയും കത്തിയമരുകെയും ചെയ്തു. വാഹനത്തിന്റെ ഷാസി മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. പടക്ക സംഭരണ ശാല നില്‍ക്കുന്ന ബഹുനില കെട്ടിടത്തിന്റെ ചുമരുകളെല്ലാം വിണ്ടു കീറി തകര്‍ന്നു. ഇതിന്റെ അടിത്തറ വരെ ഇളകി.  ഏത് നിമിഷവും നിലം പതിക്കുമെന്ന സ്ഥിതിയിലാണ്. ഇവിടേക്ക് ആളുകള്‍ പ്രവേശിക്കുന്നതിന് പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമീപത്തെ വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു വീണു. 25 ഓളം വീടുകള്‍ക്കാണ് കേടുപാടുകള്‍ പറ്റിയത്. ആയുസിന്റെ ബലത്തിലാണ് പലരും മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. രണ്ടു കിലോ മീറ്റര്‍ അകലേക്ക് വരെ സ്‌ഫോടനത്തിന്റെ ആഘാതമുണ്ടായി. പടക്ക സംഭരണ ശാലയ്ക്ക് സമീപമുള്ള മാവ് അടക്കമുള്ള വൃക്ഷങ്ങള്‍ കരിഞ്ഞു പോയി. സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് ഓടിക്കൂടിയവര്‍ ഇവിടുത്തെ കാഴ്ചകള്‍ കണ്ട് ഞെട്ടിത്തരിച്ചുപോയി. വലിയ ബോംബ് ആക്രമണം നടന്ന രീതിയിലായിരുന്നു ഇവിടുത്തെ സ്ഥിതിഗതികള്‍.
സ്‌ഫോടനം നടന്ന പടക്ക സംഭരണശാലയില്‍ പടക്കം സംഭരിക്കാന്‍ അനുമതിയില്ലായിരുന്നുവെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭരണശാല നില്‍ക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌ഫോടന വസ്തുക്കളുമായി എത്തിയ രണ്ട് പേരാണ് കസ്റ്റഡിയില്‍ ഉള്ളത്.

 

Latest News