റിയാദ് - സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതികള്‍ക്കുള്ള കരാറുകള്‍ നേടിയെടുക്കാന്‍ പരസ്പരം ഒത്തുകളിച്ച് ടെണ്ടറുകള്‍ സമര്‍പ്പിച്ചതിന് രണ്ടു സ്വകാര്യ കമ്പനികള്‍ക്ക് 31 ലക്ഷത്തിലേറെ റിയാല്‍ പിഴ ചുമത്താനുള്ള ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷനു കീഴിലെ പ്രത്യേക കമ്മിറ്റിയുടെ തീരുമാനം റിയാദ് അപ്പീല്‍ കോടതി ശരിവെച്ചു. സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമിടയില്‍ ആരോഗ്യകരമായ മത്സരം ഉറപ്പുവരുത്തുകയും കുത്തകവല്‍ക്കരണം അടക്കമുള്ള നിഷേധാത്മക പ്രവണതകള്‍ തടയുകയും ചെയ്യുന്ന കോംപറ്റീഷന്‍ നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ വിശദമായ അന്വേഷണം നടത്തുകയും നിയമ ലംഘനം നടത്തിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് സ്ഥാപനങ്ങള്‍ക്കെതിരായ കേസ് ശിക്ഷകള്‍ പ്രഖ്യാപിക്കാന്‍ പ്രത്യേക കമ്മിറ്റിക്ക് കൈമാറുകയുമായിരുന്നു.
കേസ് പരിശോധിച്ച പ്രത്യേക കമ്മിറ്റി സ്ഥാപനങ്ങളില്‍ ഒന്നിന് 19,15,000 റിയാലും രണ്ടാമത്തെ സ്ഥാപനത്തിന് 12,33,000 റിയാലും പിഴ ചുമത്തി. ഇതിനെതിരെ കമ്പനികള്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ കമ്പനികള്‍ക്ക് പിഴ ചുമത്താനുള്ള ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ കമ്മിറ്റി വിധി അപ്പീല്‍ കോടതി ശരിവെക്കുകയും വിധി അന്തിമമായി മാറുകയുമായിരുന്നു.