Sorry, you need to enable JavaScript to visit this website.

നിയമസഭയിൽ ആര് പ്രസംഗിക്കണമെന്ന് പാർട്ടി തീരുമാനിക്കും- കോടിയേരി

തിരുവനന്തപുരം- നിയമസഭയിൽ സി.പി.എം പ്രതിനിധികളായി ആരൊക്കെ ചർച്ചയിൽ പ്രസംഗിക്കണമെന്ന് തീരുമാനിക്കുന്നത് പാർലമെന്ററി പാർട്ടിയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
പ്രസ്‌ക്ലബിന്റെ പ്രളയാനന്തര കേരളം സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കോടിയേരി. ദുരന്തബാധിത മേഖലകളായ ചെങ്ങന്നൂർ, റാന്നി, മാനന്തവാടി എം.എൽ.എമാരെ നിയമസഭാ സമ്മേളനത്തിൽ സി.പി.എം പ്രസംഗിക്കാൻ അനുവദിച്ചില്ലെന്ന ആക്ഷേപത്തെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം. ഏതെങ്കിലും മണ്ഡലത്തിന്റെ പ്രതിനിധികളായല്ല അവിടെ അംഗങ്ങൾ സംസാരിക്കുന്നത്. സി.പി.എമ്മിന്റെ പ്രതിനിധികളായാണ്. ഏതെങ്കിലും മണ്ഡലത്തിലെ പ്രളയമല്ല നിയമസഭ ചർച്ച ചെയ്തത്. കേരളത്തിലെ പ്രളയമാണ്. പ്രത്യേക പ്രദേശത്തെ പ്രശ്‌നമാണെങ്കിൽ അവിടെയുള്ള പ്രതിനിധികളെ പ്രസംഗിക്കാൻ നിയോഗിക്കും. കാസർകോട് ഒഴികെ 13 ജില്ലകളിലും പ്രളയമുണ്ടായി. നിരവധി മണ്ഡലങ്ങൾ അതിൽ പെടും. എല്ലാവരെയും പ്രസംഗിപ്പിക്കാൻ സമയക്കുറവുണ്ടാകും. അതുകൊണ്ടാണ് കുറച്ച് സഖാക്കളെ ഇതിനായി നിയോഗിച്ചത്. അവസരം കിട്ടാത്തതിന് ആ സഖാക്കൾക്ക് ആക്ഷേപമില്ല. അവർക്ക് സംസാരിക്കണമെന്നുണ്ടെങ്കിൽ അത് പറയാനുള്ള നാക്കും ബുദ്ധിയും അവർക്കുണ്ട്. മാധ്യമങ്ങളെ കൂട്ടു പിടിക്കേണ്ടതില്ല. പ്രളയം വരുമ്പോൾ ആശങ്കയുണ്ടാവും. അതാണ് അംഗങ്ങൾ നേരത്തേ പ്രകടിപ്പിച്ചത്. കാര്യങ്ങൾ മനസിലാക്കിയപ്പോൾ രാജു എബ്രഹാം ശരിയായി കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. 
ഡാമുകൾ തുറന്നു വിട്ടതല്ല പ്രളയത്തിന് കാരണം. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം നടത്തുന്ന പ്രചാരണമാണിത്. വിഷമതയിൽ പെട്ടവരെ സഹായിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യം അതല്ലാത്തത് കൊണ്ട് പുകമറ സൃഷ്ടിക്കുന്നു. ഡാമുകളുടെ പ്രശ്‌നമല്ലെങ്കിലും പുതിയ ഡാമുകൾ എവിടെയെങ്കിലും വേണ്ടതുണ്ടോയെന്ന് പുതിയ സാഹചര്യത്തിൽ പരിശോധിക്കപ്പെടണം. കർഷകരെടുത്ത എല്ലാ വായ്പകൾക്കും ആശ്വാസം നൽകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക കണ്ടെത്തണം. എഴുതിത്തള്ളാ നാവുമെങ്കിൽ അത് ചെയ്യണം. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള നവകേരളമാണ് പുനഃസൃഷ്ടിക്കേണ്ടത്. പ്രളയക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടവർ അവിടെ തന്നെ വീട് നിർമിച്ച് താമസിക്കാനാണ് ആഗ്രഹിക്കുക. എന്നാൽ തുടർച്ചയായി മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുന്ന സ്ഥലത്ത് ഇനിയും നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് പുനഃപരിശോധിക്കണം. ഇത്തരം സ്ഥലങ്ങളിൽ വീട് നഷ്ടപ്പെട്ടവെര ഇവിടങ്ങളിൽ നിന്ന് മാറ്റി സുരക്ഷിതമായി പുനരധിവസിപ്പിക്കണം. അതിനായി ഭൂമി കണ്ടെത്തണം. സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി കേരളത്തിൽ വാസയോഗ്യമായ സ്ഥലങ്ങൾ, വാസയോഗ്യമല്ലാത്ത സ്ഥലങ്ങൾ എന്നിവ കണ്ടെത്തുക. ശേഷം വാസയോഗ്യമായ സ്ഥലത്ത് മാത്രം അനുമതി കൊടുക്കുക. ഈ സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി പഠനവും ചർച്ചയും വേണം. 
ജനപങ്കാളിത്തത്തോടെയുള്ള പുനർനിർമാണമാണ് സാധ്യമാക്കേണ്ടത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് അവരുടെ മേൽനോട്ടത്തിൽ പുനർനിർമാണം സാധ്യമാക്കണം. കൂടുതൽ സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടെത്തി കൂടുതൽ ആളുകളെ പുനരധിവസിപ്പിക്കണം. ഇവിടെ വീടുകൾ, ഫഌറ്റുകൾ എന്നിവയുണ്ടാക്കി കൂടുതൽ ആളുകൾക്ക് താമസ യോഗ്യമാക്കണം. തകർന്ന വീടുകൾ, റോഡുകൾ, പാലങ്ങൾ മറ്റ് സംവിധാനങ്ങൾ എന്നിവ പുനർ നിർമിക്കാൻ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത പ്രധാന പ്രശ്‌നമായി ഉയർന്ന് വരും. ഈയൊരു സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള പുനർ നിർമാണമാണ് സാധ്യമാക്കേണ്ടത്. പദ്ധതി വിഹിതത്തേക്കാൾ വലിയ നഷ്ടമാണ് സംസ്ഥാനം ഇപ്പോൾ നേരിട്ടിരിക്കുന്നത്. കൂട്ടായ ഇടപെടലുകൾ നടത്തി വ്യത്യസ്ത വഴികളിലൂടെ സമ്പത്ത് കണ്ടെത്താം. മറ്റ് രാജ്യങ്ങളിൽ നിന്നും സഹായം സ്വീകരിക്കണം. ഇതിനായി കേന്ദ്ര സർക്കാർ ചട്ടങ്ങൾ മാറ്റണം. സംസ്ഥാനത്തെ സഹായിക്കണമെന്ന കൂട്ടായ പരിശ്രമം ഉണ്ടാകാണം. പ്രവാസികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണം. ലോക കേരള സഭയുടെ സഹായത്തോടെ മറ്റ് പല രാജ്യത്തുള്ളവരുടെ സഹായം, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ സഹായവും ലഭ്യമാക്കണം. പ്രാദേശികമായി ഫണ്ട് ലഭ്യമാക്കുന്നതിന് നല്ല പ്രതികരണമാണ് ലഭിച്ചത്. സി.പി.എം 25 കോടിയിലധികം രൂപ സംഭരിച്ചു. എല്ലാ മലയാളികളും ഒരു മാസത്തെ ശമ്പളം നൽകിയാൽ അത് കേരളം ലോകത്തിന് കാണിക്കുന്ന വലിയ മാതൃകയാ വുമെന്നും കോടിയേരി പറഞ്ഞു. 

Latest News