കൊച്ചി- പ്രളയ ബാധിതർക്ക് വിതരണം ചെയ്യാനെത്തിച്ച വസ്ത്രങ്ങൾ വീട്ടിലേക്ക് കൊണ്ടുപോയ സംഭവത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ആരോപണ വിധേയരായ മുഴുവൻ വനിതാ പോലീസുകാരെയും ജോലി ചെയ്യുന്ന പോലീസ് സ്റ്റേഷനിൽ നിന്നു സ്ഥലം മാറ്റി. സിറ്റി പോലീസ് കമ്മീഷണറുടേതാണ് ഉത്തരവ്.
എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ 12 വനിതാ പോലീസുകാരെയാണു ശിക്ഷാ നടപടിയുടെ ഭാഗമായി മാറ്റിയത്. സ്റ്റേഷനിൽ അറ്റാച്ച് ചെയ്ത പിങ്ക് പോലീസിലെ വനിതാ പോലീസുകാരും ഇതിൽപ്പെടും. പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്കു നൽകാൻ എറണാകുളം സിറ്റി അസിസ്റ്റന്റ് കമ്മീഷണർ കെ.ലാൽജിയുടെ നേതൃത്വത്തിൽ പോലീസ് സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികളിൽ നിന്നാണു സാരിയുൾപ്പെടെ തുണിത്തരങ്ങൾ വനിതാ പോലീസ് അടിച്ചു മാറ്റിയത്. കോയമ്പത്തൂരിൽ നിന്നെത്തിയ ബണ്ടിലിലുള്ള തുണിത്തരങ്ങൾ തരം തിരിക്കാൻ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാർക്കായിരുന്നു ചുമതല. ഇതിനിടെയാണു വസ്ത്രങ്ങളുമായി ചില വനിതാ പോലീസുകാർ വീടുകളിലേക്കു പോയത്. സ്റ്റേഷനിലെ മറ്റു ചില വനിതാ പോലീസുകാർ തന്നെയാണു വിവരം പുറത്തു വിട്ടത്. സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറകളിൽ വസ്ത്രങ്ങളുമായി പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞതായി കണ്ടെത്തിയതോടെ ആരോപണം നിഷേധിക്കാൻ സാധിച്ചില്ല. സെൻട്രൽ സി.ഐ അനന്തലാൽ നൽകിയ റിപ്പോർട്ടിൻ അടിസ്ഥാനത്തിലാണ് 12 വനിതാ പോലീസുകാരെയും സ്ഥലം മാറ്റിയത്.
അതേസമയം എവിടെ വിതരണം ചെയ്യണമെന്ന മാർഗനിർദേശം ലഭിക്കാത്തതിനാൽ സ്വന്തം സ്ഥലങ്ങളിലെ ക്യാമ്പുകളിൽ വിതരണം ചെയ്യുന്നതിനാണ് വസ്ത്രങ്ങൾ കൊണ്ടുപോയതെന്നും സെന്റ് ആൽബർട്‌സ് കോളേജിലെ ക്യാമ്പിലടക്കം കൈമാറിയിരുന്നതായും വനിതാ പോലീസുകാർ പറയുന്നു. പരാതി ഉയർന്നതിനെ തുടർന്ന് വിതരണത്തിനു കൊണ്ടുപോകാനെടുത്ത സാധനങ്ങൾ തിരിച്ചെത്തിച്ചതായും അവർ പറയുന്നു. മൊബൈൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും വാട്‌സാപ്പിലൂടെ അപകീർത്തിപ്പെടുത്തിയെന്നും പരാതിയുണ്ട്. നേരത്തെ ഒരു വനിതാ പോലീസ് നൽകിയ പരാതിയിൽ നടപടിക്ക് വിധേയനായ മുൻ അസോസിയേഷൻ പ്രസിഡന്റ് ആ വനിതാ പോലീസിനെ കുടുക്കാൻ ഇത് വിവാദമാക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.