ന്യൂദല്‍ഹി - തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കെ ബാബു എം എല്‍ എയ്ക്ക് തിരിച്ചടി. ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സി പി എമ്മിലെ എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വിധിച്ചു. ഹൈക്കോടതി നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി അറിയിച്ചു. മതചിഹ്നങ്ങളുപയോഗിച്ച് വോട്ടുപിടിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവിന് എതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കേരളാ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കെ ബാബു സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. ശബരിമല വിഷയത്തില്‍ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയ്‌തെന്ന ആരോപണങ്ങളടക്കം ഉയര്‍ത്തിയായിരുന്നു എം സ്വരാജിന്റെ ഹര്‍ജി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്നും കൃത്രിമമായി ഉണ്ടാക്കിയ രേഖയാണ് സ്വരാജ് കോടതിയില്‍ സമര്‍പ്പിച്ചതെന്നുമാണ് കെ ബാബുവിന്റെ വാദം. സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടന്ന തൃപ്പൂണിത്തുറയില്‍ 992 വോട്ടുകള്‍ക്കാണ് സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്.