കൊച്ചി - സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തി ലാഭം നോടാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഏറ്റവും നല്ല അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. കേവലം നാല് ദിവസത്തേക്ക് മാത്രമാണ് ഈ അവസരം ലഭിക്കുക. ആഭരണങ്ങളായല്ല, മറിച്ച് സര്‍ക്കാര്‍ ഗ്യാരന്റിയുള്ള ബോണ്ടുകളായാണ് സ്വര്‍ണ്ണം ലഭിക്കുക. കേന്ദ്ര സര്‍ക്കാറിന് വേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ അടുത്ത ഘട്ടത്തിലേക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഫെബ്രുവരി 16 വരെയാണ് സ്‌കീമില്‍ അംഗമാവാനുള്ള അവസരമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നിക്ഷേപമായി സ്വര്‍ണ്ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആഭരണങ്ങളോ മറ്റോ വാങ്ങുന്നതിനേക്കാള്‍ മികച്ച അവസരമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ നല്‍കുന്നത്. 999 പരിശുദ്ധിയുള്ള 24 ക്യാരറ്റ് സ്വര്‍ണ്ണം വാങ്ങുന്നതിന് പകരമായി ഇത് ഉപയോഗിക്കാം.
24 ക്യാരറ്റ് സ്വര്‍ണ്ണം ഒരു ഗ്രാമിന് 6,263 രൂപ എന്ന നിരക്കിലാണ് ഇന്നു മുതല്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 999 പരിശുദ്ധിയുള്ള സ്വര്‍ണ്ണത്തിന്റെ കഴിഞ്ഞ മൂന്ന് ദിവസത്തെ വില കണക്കാക്കിയാണ് ഇത് നിജപ്പെടുത്തുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ നാലാമത്തെ സീരിസാണ് ഇന്ന് ആരംഭിക്കുന്നത്. ബോണ്ടുകള്‍ക്കായി ഓണ്‍ലൈനായി അപേക്ഷിക്കുകയും ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ പണം അടയ്ക്കുകയും ചെയ്യുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. ഇത് കൂടി ഉള്‍പ്പെടുമ്പോള്‍ ഗ്രാമിന് 6213 രൂപ നിരക്കില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാനാവുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ രീതികള്‍ക്ക് പുറമെ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എന്നിവ വഴിയും സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാനാവും.
എട്ട് വര്‍ഷമാണ് ഗോള്‍ഡ് ബോണ്ടുകളുടെ കാലാവധി. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ വേണമെങ്കില്‍ പണമാക്കി മാറ്റാനുള്ള അവസരവുമുണ്ട്. അന്നത്തെ വിപണി വിലയ്ക്ക് പുറമെ നിശ്ചിത നിരക്കിലുള്ള പലിശയും സര്‍ക്കാര്‍ ഇതിന് നല്‍കും. വാര്‍ഷിക അടിസ്ഥാനത്തില്‍ 2.50 ശതമാനമാണ് നിശ്ചയിച്ചിരിക്കുന്ന പലിശ നിരക്ക്. ഇത് പൂര്‍ണമായും നികുതികള്‍ക്ക് വിധേയവുമാണ്. അതേസമയം ബോണ്ടുകള്‍ പണമാക്കി മാറ്റുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന് നികുതി നല്‍കേണ്ടതില്ല. എട്ട് വര്‍ഷം പൂര്‍ത്തിയായ ശേഷമാണെങ്കിലും അതല്ല അഞ്ച് വര്‍ഷത്തിന് ശേഷം പിന്‍വലിക്കുകയാണെങ്കിലും ലാഭത്തിന്മേലുള്ള ഈ നികുതി ഇളവ് ഒരുപോലെ ബാധകമാണ്. ഗോള്‍ഡ് ബോണ്ടുകള്‍ നേരിട്ട് വാങ്ങുകയാണെങ്കിലും അതല്ല പിന്നീട് മറ്റൊരാളില്‍ നിന്ന് വിപണിയിലൂടെ വാങ്ങുകയാണെങ്കിലും ഈ ഇളവ് ലഭിക്കും. എന്നാല്‍ ഇത് വ്യക്തികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാന്‍ അനുവാദമുള്ള മറ്റ് വിഭാഗങ്ങള്‍ക്ക് ലാഭത്തിന്മേലുള്ള നികുതി ഇളവ് ബാധകമല്ല. സര്‍ക്കാര്‍ ഗ്യാരണ്ടിയോടെയുള്ള സെക്യൂരിറ്റികളാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. സ്വര്‍ണ്ണം വാങ്ങി കൈവശം വെയ്ക്കുന്നതിന് പകരമായി, ഇഷ്യു ചെയ്യുന്ന വില കൊടുത്ത് ഇവ വാങ്ങാം. പിന്നീട് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പണമാക്കി മാറ്റുകയും ചെയ്യാം.