കോട്ടയം- അധിക ലോക്സഭാ സീറ്റ് ആവശ്യം ഇടതുമുന്നണി തള്ളിയതിനു പിന്നാലെ രാജ്യസഭാ സീറ്റിനായി പിടിമുറുക്കാന്‍ കേരള കോണ്‍ഗ്രസ് എം. ജൂലൈയില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ രാജ്യസഭാ കാലാവധി അവസാനിക്കുകയാണ്. രാജ്യസഭാ എംപി പദം അതുകൊണ്ടു തന്നെ കേരള കോണ്‍ഗ്രസിന് കൂടിയേ തീരൂ. ലോക്സഭയിലെ കൂടുതല്‍ സീറ്റ് ആവശ്യം നിരാകരിച്ചപ്പോള്‍ ഇത്തരത്തിലുളള ഒരു ധാരണയിലേക്ക് ഇടതു കേന്ദ്രങ്ങള്‍ സൂചിപ്പിച്ചതായാണ് അറിയുന്നത്.
ജൂലൈയില്‍ മൂന്നു രാജ്യസഭാ സീറ്റുകളാണ് ഒഴിവുവരുന്നത്. ജോസ് കെ മാണിയെ കൂടാതെ എളമരം കരീം, ബിനോയ് വിശ്വം എന്നിവരുടെ കാലയളവും പൂര്‍ത്തിയാവുകയാണ്. കേരള നിയമസഭയിലെ നിലവിലുളള അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് രണ്ടും യുഡിഎഫിന് ഒന്നും അംഗങ്ങളെ രാജ്യസഭയിലെത്തിക്കാനാവും.
ഇതില്‍ സിപിഎം, സിപിഐ കക്ഷികള്‍ രാജ്യസഭാ സീറ്റില്‍ മുറുകെ പിടിച്ചാല്‍ കേരള കോണ്‍ഗ്രസ് എം വെട്ടിലാവും. ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറിയായതിനാല്‍ ഇനി രാജ്യസഭയിലേക്ക് പോകാനിടയില്ല. സംഘടനാപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ കേരളത്തില്‍ തന്നെ ചുവടുറപ്പിക്കാനാണ് സാധ്യത. എന്നാല്‍ പകരം ആളെ പാര്‍ട്ടി നിയോഗിക്കും. രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കാനിടയില്ല. സിപിഎമ്മില്‍ ഔദ്യോഗിക വിഭാഗത്തിന്റെ വിശ്വസ്തനായ കരീമിന് ഒരു വട്ടം കൂടി നല്‍കുമെന്നാണ് പൊതുവേ കരുതുന്നത്. ഇവിടെ സിപിഎം സിപിഐ കക്ഷികള്‍ വിട്ടുവീഴ്ച്ച ചെയ്താല്‍ മാത്രമേ കേരള കോണ്‍ഗ്രസിന് വഴി തെളിയൂ.തദ്ദേശ -നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അകലെ അല്ലാത്തതിനാല്‍ മുന്നണിയിലെ മൂന്നാമത്തെ ഘടകക്ഷിയ്ക്കായി സിപിഎം വിട്ടുവീഴ്ച്ച ചെയ്യുമെന്നാണ് കേരള കോണ്‍ഗ്രസ്എം വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ വലിയ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നാണ് നേതൃത്വം കരുതുന്നത്. ക്രൈസ്തവ മേഖലകളില്‍ അടിത്തറയുളള കേരള കോണ്‍ഗ്രസ് എമ്മിനെ ഒപ്പം നിര്‍ത്തി മുന്നോട്ടുപോകുമെന്നു തന്നെയാണ് കരുതുന്നത്. ചെയര്‍മാന്‍ ജോസ് കെ മാണിയും മുഖ്യമന്ത്രിയുമായുളള അടുപ്പവും ഇവിടെ അനൂകൂല ഘടകമാണ്.
2021 നവംബറിലാണ് ഇടതു പിന്തുണയോടെ ജോസ് കെ മാണി രാജ്യസഭയിലെത്തുന്നത്. പാലാ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയശേഷം ജോസ് കെ മാണിക്ക് സംസ്ഥാന തലത്തില്‍ തന്നെ ഉന്നത പദവികള്‍ നല്‍കുമെന്നാണ് കരുതിയത്. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലെത്തിയപ്പോള്‍ അന്ന് ലഭിച്ച രാജ്യസഭാംഗത്വം ജോസ് കെ മാണി രാജിവച്ചിരുന്നു. തുടര്‍ന്നാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഒഴിവു വന്ന സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റേതാണെന്നും പാര്‍ട്ടി തന്നെ മത്സരിക്കട്ടെ എന്നുമായിരുന്നു അന്ന് ഇടതുമുന്നണി നിലപാട്. എന്നാല്‍ ആറു മാസത്തിനശേഷമുളള കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം ഒന്നും ഇല്ലെന്നാണ് കേരള കോണ്‍ഗ്രസ് എം വൃത്തങ്ങള്‍ പറയുന്നത്.