മൂത്താപ്പ ബൈക്കിൽ കയറാൻ പറഞ്ഞപ്പോൾ ഒരു മടിയുമില്ലാതെയാകണം ഷഹീൻ ബൈക്കിൽ കേറിയത്. കാരണം ബൈക്ക് സവാരി അവന് അത്രമാത്രം ഇഷ്ടമായിരുന്നു. ചാറ്റൽ മഴ തലയിൽ വീഴേണ്ടെന്ന് പറഞ്ഞ് മൂത്താപ്പ സ്വന്തം ഹെൽമറ്റ് അവനെ ധരിപ്പിച്ചു. ബൈക്ക് നല്ല വേഗതയിൽ കുതിച്ചു പാഞ്ഞു. അവൻ വഴിയോര കാഴ്ചകൾ ആസ്വദിക്കവേ മൂത്താപ്പ പറഞ്ഞു. നമുക്കൊരു സിനിമ കാണാമെന്ന്. അവൻ മൂളി. കാരണം സിനിമയും അവനിഷ്ടമായിരുന്നു. തിയേറ്ററിൽ സിനിമ തുടങ്ങിയപ്പോഴാണ് അവനറിഞ്ഞത് തമിഴ് സിനിമയാണെന്ന്. ഒന്നും മനസ്സിലാകുന്നില്ല. അതോടെ ഷഹീന് സിനിമയോടുള്ള മൂഡ് പോയി. തിയേറ്ററിൽ അവൻ ഏറിയ സമയവും തല കുനിച്ചിരിക്കുകയായിരുന്നു. സി.സി.ടി.വി ആ ദൃശ്യങ്ങൾ വിളിച്ചുപറയുന്നു. സിനിമ തീർന്ന് തിയേറ്റർ വിട്ടതോടെ അവന് ആശ്വാസമാണ് തോന്നിയത്. വീണ്ടും മൂത്താപ്പയോടൊന്നിച്ചുള്ള ബൈക്ക് യാത്ര. നമുക്ക് ഏതെങ്കിലും ഹോട്ടലിൽ കേറി ഭക്ഷണം കഴിക്കാമെന്ന് മൂത്താപ്പ പറഞ്ഞു. അതിനവൻ തല കുലുക്കി. കാരണം നല്ല വിശപ്പുണ്ടായിരുന്നു. രാവിലെ സ്‌കൂളിലേക്ക് പുറപ്പെടുമ്പോൾ രണ്ട് ദോശയും അൽപ്പം ചായയുമാണ് അവൻ കഴിച്ചിരുന്നത്. ഏതോ പട്ടണത്തിലെ ഹോട്ടലിൽ കേറി മൂത്താപ്പ അവന് കോഴിബിരിയാണി വാങ്ങിച്ചു നൽകി. മൂത്താപ്പയും അവനോടൊപ്പം ഭക്ഷണം കഴിച്ചു. വീണ്ടും ബൈക്ക് യാത്ര. ഏതൊക്കയോ സ്ഥലങ്ങളിലൂടെ അവൻ മൂത്താപ്പയോടൊന്നിച്ച് ബൈക്കിൽ യാത്ര തുടർന്നു. ഇടയ്ക്ക് ഏതോ പട്ടണത്തിലെ വലിയ കടയിൽ നിന്ന് ഒന്നാം തരം ഉടുപ്പും അവന് മൂത്താപ്പ വാങ്ങിക്കൊടുത്തു. സ്‌കൂൾ യൂണിഫോം മാറി അത് ബാഗിലിട്ട് പുതിയ ഷർട്ട് ധരിക്കാനും മൂത്താപ്പ പറഞ്ഞു. അവൻ ഭംഗിയുള്ള ആ ഷർട്ടണിഞ്ഞാണ് പിന്നീട് ബൈക്ക് യാത്ര തുടർന്നത്. മഴച്ചാറൽ ശക്തി പ്രാപിക്കവേ ബൈക്ക് നിർത്തി ചിലയിടത്തെല്ലാം അവനും മൂത്താപ്പയും മഴയേൽക്കാതിരിക്കാൻ കേറി നിന്നിരുന്നു. നേരം ഇരുട്ടി തുടങ്ങി. അല്ല നല്ല പോലെ ഇരുട്ടായിരിക്കുന്നു. 'ഉമ്മച്ചി ന്നെ ചോയിക്ക്ണ്ണ്ടാകും മൂത്താപ്പാ...' അവൻ പറഞ്ഞു.
'ശരി എന്നാ ഇനി വീട്ടിലേക്ക് പോകാം.' മൂത്താപ്പ മറുപടി നൽകി. വീണ്ടും ബൈക്ക് ചീറിപ്പാഞ്ഞു. എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിൽ നിന്നുള്ള പ്രകാശം അവന്റെ കണ്ണിൽ തറച്ചപ്പോൾ ഹെൽമറ്റിന്റെ തുറന്ന് വെച്ച വൈസർ അവൻ അടച്ചിട്ടു. സമയം ഒരു പാട് കടന്ന് പോയിരിക്കുന്നു. ഒരു വലിയ പാലത്തിന്റെ മധ്യത്തിൽ ബൈക്ക് നിർത്തിക്കൊണ്ട് മൂത്താപ്പ പറഞ്ഞു. 'നമുക്ക് പുഴവെള്ളം കാണാമെന്ന്'. കൂരിരുട്ടാണ്. വ്യക്തമായി ഒന്നും കാണുന്നില്ല. പാലത്തിന് മുട്ടിയുരുമ്മിയാണ് പുഴ വെള്ളം കൂലം കുത്തിയൊഴുകുന്നത്. ഒഴുക്കിന്റേയും, വട്ടം കറങ്ങുന്ന വെള്ളച്ചുഴിയുടേയും, ആഞ്ഞ് വീശുന്ന തണുത്ത കാറ്റിന്റേയും ഭീതിദമായ സ്വരം മാത്രം. ഇടയ്ക്ക് പാലത്തിലൂടെ കടന്ന് പോകുന്ന വാഹനങ്ങളുടെ വെട്ടം മിന്നായം പോലെയുണ്ടെങ്കിലും, ഷഹീന് വല്ലാത്ത പേടി തോന്നി. നേരിയ വിറയലുമായി അവൻ പറഞ്ഞു. 'മൂത്താപ്പാ പേടിയാകുന്നു... നമുക്ക് വീട്ടിലേക്ക് പോകാം'. 'എന്നാ ശരി പോകാം'. മൂത്താപ്പയും പറഞ്ഞു. പാലത്തിന്റെ സിമന്റ് കൈവരിയോട് ചാരി നിർത്തിയിരുന്ന ബൈക്കിന്റെ പെട്രാൾടാങ്കിന് മുകളിലേക്ക് കേറ്റി ഇരുത്താനായി മൂത്താപ്പ അവനെയെടുത്ത് പൊക്കി. പക്ഷേ, ഞൊടിയിടയിൽ താഴെ പുഴ വെള്ളത്തിലേക്ക് അവൻ എടുത്തെറിയപ്പെടുകയായിരുന്നു.
അവൻ അലറിവിളിച്ചിട്ടുണ്ടാകും. ആര് കേൾക്കാൻ. വെള്ളത്തിലേക്ക് ആണ്ട് പോയ ഷഹീൻ മൂന്നാല് തവണ പൊങ്ങിയും, താഴ്ന്നും അതിവേഗ ഒഴുക്കിനോപ്പം മുന്നോട്ട് നീങ്ങി. അപ്പോഴെല്ലാം അവൻ മൂത്താപ്പാനെ അലറി വിളിച്ചിരുന്നിരിക്കണം. ശ്വാസമെടുക്കാൻ ആയാസപ്പെട്ട അവൻ വെള്ളം ഒരുപാട് കുടിച്ച് വയർ വീർത്തു. ഒടുവിൽ പുഴയുടെ അടിത്തട്ടിലേക്ക് ഷഹീൻ എന്ന 9 വയസ്സുകാരൻ താഴ്ന്നു പോകുമ്പോൾ... അപ്പോൾ മാത്രം അവൻ കരുതിയിരുന്നിരിക്കണം 'മരണം എന്നത് ഇങ്ങനെയായിരിക്കുമെന്ന്'.
ഷഹീന്റെ തിരോധാനം
മലപ്പുറം പുള്ളിലങ്ങാടി സ്വദേശി മങ്കരത്തൊടി വീട്ടിൽ മുഹമ്മദ് സലീം-ഹസീന ദമ്പതിമാരുടെ ഒൻപത് വയസ്സുള്ള മുഹമ്മദ് ഷഹീൻ ഓഗസ്റ്റ് 13-ന് കാലത്ത് 10 മണിയോടെ സ്‌കൂളിലേക്ക് പുറപ്പെട്ടതായിരുന്നു. എടയാറ്റൂർ പ്രദേശത്താണ് ഷഹീന്റെ കുടുംബം താമസിച്ചിരുന്നത്. ഷഹീൻ സ്‌കൂളിലെത്തിയില്ലെന്നും, കുട്ടിയെ കാണാതായെന്നും പറഞ്ഞ് പിതാവ് മുഹമ്മദ് സലീം മേലാറ്റൂർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ അജ്ഞാതനായ ഒരാൾ ഷഹീനെ ബൈക്കിൽ കേറ്റിക്കൊണ്ട് പോയതായി വിവരം ലഭിച്ചു. തുടർന്ന് പോലീസ് ആറ് സംഘമായി തിരിഞ്ഞാണ് അന്വേഷണം മുന്നോട്ട് നീക്കിയത്. എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറി. ഗൂഗിൾ, വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങി ഏതെണ്ടെല്ലാ നവ മാധ്യമങ്ങളിലും പോലീസ് കുട്ടിയുടെ ഫോട്ടോ സഹിതം അറിയിപ്പ് നൽകി. സംഭവ സ്ഥലത്തേയും പരിസരങ്ങളിലേയും എല്ലാ മൊബൈൽ ഫോൺ വരിക്കാരുടേയും കാളുകൾ പരിശോധന നടത്തിയെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. പോലീസിലെ മറ്റൊരു സംഘം വിവിധ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ, മത സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ 150-ഓളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചതിൽ ഷഹീനെ ബൈക്കിൽ കയറ്റി യാത്ര ചെയ്യുന്ന ഒരാളുടെ ദൃശ്യം ലഭിച്ചു. എന്നാൽ ബൈക്കിന്റെ രജിസ്‌ട്രേഷൻ നമ്പരും ഓടിക്കുന്ന വ്യക്തിയുടെ മുഖവും ദൃശ്യത്തിൽ വ്യക്തമല്ലായിരുന്നു. ദൃശ്യത്തിൽ വ്യക്തമായ ബൈക്കിന്റെ മോഡലിലുള്ള ബൈക്കുകളുടെ ആർ.സി ഉടമകളുടെ വിവരം ശേഖരിച്ചാണ് പിന്നീട് പോലീസന്വേഷണം മുന്നോട്ട് നീങ്ങിയത്. ഈ വേളയിൽ കനത്ത മഴയെത്തുടർന്നുള്ള പ്രകൃതി ദുരന്തങ്ങളെ തുടർന്ന് പോലീസിന് പിടിപ്പത് മറ്റ് ജോലികളുമുണ്ടായിരുന്നു. അതേസമയം പോലീസന്വേഷണം തൃപ്തികരല്ലാത്തതിനാൽ ഷഹീന്റെ മൂത്താപ്പ (പിതൃസഹോദരൻ) മുഹമ്മദിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്ത് വന്നു. അവർ മേലാറ്റൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മഞ്ഞളാംകുഴി അലി എം.എൽ.എ, പി ഉബൈദുള്ള എം.എൽ.എ എന്നിവരെയെല്ലാം സമീപിച്ച് പോലീസിന്റെ അനാസ്ഥയെക്കുറിച്ച് മുഹമ്മദ് പരാതിപ്പെടുകയും ചെയ്തു. ഇവരെല്ലാം തന്നെ വിഷയത്തിൽ സജീവമായി ഇടപെടുകയും പോലീസുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. ഇരുമ്പുലക്ക വിഴുങ്ങിയ അവസ്ഥയിലായിരുന്നു പോലീസ്. വ്യക്തമായ സൂചനകളൊന്നും ലഭിക്കാത്തതിൽ പോലീസും നിരാശയിലായിരുന്നു. ഒരു വേള ഷഹീന്റെ മൂത്താപ്പ പെരിന്തൽമണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രനെ ഫോണിൽ വിളിച്ചു കയർക്കുക പോലും ചെയ്തു.
പ്രതി പിടിയിൽ
കുട്ടിയെ കടത്തിക്കൊണ്ട് പോയ ബൈക്കിന്റെ മോഡലുകളുടെ ആർ.സി ഉടമകളുടെ വിവരം ശേഖരിച്ചതോടെ പോലീസിന് പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭ്യമായി. പോലീസിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയിരുന്ന ഷഹീന്റെ മൂത്താപ്പയെ ഇതോടെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഓഗസ്റ്റ് 23-ന് പോലീസ് മുഹമ്മദിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പിടിച്ച് നിൽക്കാൻ കഴിയാതെ താൻ നടത്തിയ സംഭവങ്ങൾ ഒന്നൊന്നായി മുഹമ്മദ് പോലീസ് മുമ്പാകെ വിവരിച്ചു. ഷഹീന്റെ പിതാവും, തന്റെ ഇളയ സഹോദരനുമായ അബ്ദുൽസലീമിൽനിന്ന് ആസൂത്രിതമായി പണം തട്ടുന്നതിനായാണ് മുഹമ്മദ് കുട്ടിയെ തട്ടിക്കൊണ്ട് പോകൽ പദ്ധതി പ്ലാനിട്ടത്.
എന്തായിരുന്നു ലക്ഷ്യം
കൊടുവള്ളിയിലെ ചില സ്വർണ്ണക്കടത്ത് ലോബിയുമായി മുഹമ്മദിന്റെ അനിയൻ അബ്ദുൽസലീമിന് ദുരൂഹ ഇടപാടുകളുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗൾഫിൽനിന്ന് സ്വർണ്ണക്കടത്തിന്റെ കരിയറായി പ്രവർത്തിച്ചിരുന്ന അബ്ദുൽസലീമിന്റെ പേരിൽ കൊഫേപോസ പ്രകാരം കേസുകളുമുണ്ട്. ഏറ്റവും ഒടുവിലായി സ്വർണ്ണക്കടത്ത് ലോബി ഏൽപ്പിച്ച സ്വർണക്കട്ടി, കസ്റ്റംസ് പിടികൂടിയെന്ന വ്യാജ കഥ മെനഞ്ഞ് ഉടമസ്ഥരെ കബളിപ്പിച്ച് അബ്ദുൽസലീം സ്വന്തമാക്കിയതായി പറയുന്നു. ഇതിന്റെ ഭാഗമായി കൊടുവള്ളിക്കാർ അബ്ദുൽസലീമിന്റെ വീട്ടിലെത്തി കശപിശ ഉണ്ടാക്കിയതോടെ അന്ന് മുഹമ്മദും സഹായികളും ചേർന്നാണ് അവരെ നേരിട്ടത്. ഗുണ്ടായിസത്തിലൂടെ നഷ്ടപ്പെട്ട തങ്ങളുടെ സ്വർണം വീണ്ടെടുക്കാനുള്ള കൊടുവള്ളി ലോബിയുടെ ശ്രമം അതോടെ പാളുകയും ചെയ്തു. എന്നാൽ ഭീമൻ തുകക്കുള്ള സ്വർണ്ണം സഹോദരൻ അബ്ദുൽസലീമിന്റെ പക്കലുണ്ടെന്ന് മുഹമ്മദ് ഉറപ്പിച്ചിരുന്നു.
15 വർഷമായി മഞ്ചേരിക്കടുത്ത് രാമൻകുളം പ്രദേശത്തെ വാടക ക്വാർട്ടേഴിലാണ് പെയിന്റിംഗ് തൊഴിലാളിയായ മുഹമ്മദ് താമസിച്ചിരുന്നത്. പ്രാദേശിക പള്ളിക്കമ്മറ്റിയിലും മറ്റും സജീവ സാന്നിദ്ധ്യമായിരുന്ന മുഹമ്മദിന് നാട്ടുകാർക്കിടയിൽ നല്ല മതിപ്പുമായിരുന്നു. നാട്ടുകാർക്കിടയിൽ തികഞ്ഞ മാന്യനുമായിരുന്ന മുഹമ്മദിന് ആറ് മാസത്തെ വീട്ട് വാടക കുടിശികയായും മറ്റും രണ്ട് ലക്ഷത്തോളം രൂപയുടെ കട ബാധ്യതയുണ്ടായിരുന്നു. ഈ ബാധ്യത തീർക്കുന്നതിനായി സഹോദരൻ അബ്ദുൽസലീമിനോട് രൂപ ആവശ്യപ്പെട്ടെങ്കിലും പതിനായിരം രൂപയാണ് അബ്ദുൽസലീം നൽകിയത്. സ്വർണം തട്ടിയെടുത്ത ഇനത്തിൽ ഭീമമായ തുകയുണ്ടായിട്ടും ചെറിയ സംഖ്യ മാത്രം നൽകിയതിൽ സഹോദരൻ അബ്ദുൽസലീമിനോട് മുഹമ്മദിന് അകമേ നീരസവുമുണ്ടായിരുന്നു. എങ്കിലും അത് പുറത്ത് പ്രകടമാക്കിയിരുന്നില്ല. സഹോദരന്റെ മകൻ ഷഹീനെ തട്ടിക്കൊണ്ട് പോയി ഒളിവിൽ പാർപ്പിച്ച് കൊടുവള്ളിയിലെ സ്വർണലോബി തട്ടിക്കൊണ്ട് പോയതാണെന്ന് വരുത്തുകയും വിഷയത്തിൽ മധ്യവർത്തിയായിനിന്ന് അബ്ദുൽസലീമിൽ നിന്ന് പണം കൈക്കലാക്കാനുമായിരുന്നു മുഹമ്മദ് പദ്ധതിയിട്ടിരുന്നത്. മൂത്താപ്പയെന്ന നിലയിൽ തന്നെ സ്‌നേഹിക്കുന്ന ഷഹീനെ സ്‌കൂളിലേക്ക് പോകും വഴി അനായാസേന കടത്തിക്കൊണ്ട് വരാൻ കഴിയുമെന്നും മുഹമ്മദ് കണക്ക് കൂട്ടി. അപ്രകാരം 'കിഡ്‌നാപ്പിംഗ്' പദ്ധതി വിജയിക്കുകയും ചെയ്തു. ഓഗസ്റ്റ്13-ന് ഷഹീൻ സ്‌കൂളിലേക്ക് പോകും വഴി കുട്ടിയെ ബൈക്കിൽ കേറ്റി മുഹമ്മദ് പെരിന്തൽമണ്ണ, വളാഞ്ചേരി, കൊളത്തൂർ, പടപ്പറമ്പ് വഴി കുറ്റിപ്പുറം, തിരൂർ തുടങ്ങിയ പട്ടണങ്ങളിലൂടെ മണിക്കൂറുകളോളം ബൈക്കുമായി കറങ്ങി. ഇടക്ക് തിയേറ്ററിൽ കയറി സിനിമ കണ്ടു. ഹോട്ടലിൽനിന്ന് ബിരിയാണിയും, ഐസ്‌ക്രീമുമെല്ലാം ഷഹീന് വാങ്ങിച്ച് കൊടുത്തു. പക്ഷേ ഇതിനിടയിൽ ഷഹീന്റെ തിരോധാന വിവരം നവമാധ്യമങ്ങളിലൂടെ ഫോട്ടോ സഹിതം പ്രചരിച്ചിരുന്നു. ഇത് കണ്ട് പരിഭ്രാന്തനായ മുഹമ്മദ് തിരൂരിലെ ഒരു ഷോപ്പിൽ കയറി ഷഹീനെ പുതിയ ഷർട്ട് വാങ്ങി ധരിപ്പിച്ചു. കുട്ടിയെ ആരെങ്കിലും തിരിച്ചറിഞ്ഞ് പിടിയിലാകുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇത്. വണ്ടി ഓടിച്ച സമയമത്രയും കുട്ടിയെ എങ്ങനെ കൊലപ്പെടുത്തുമെന്നാണ് മുഹമ്മദ് പിന്നീട് ചിന്തിച്ച് കൊണ്ടിരുന്നത്. കര കവിഞ്ഞൊഴുകുന്ന കടലുണ്ടിപ്പുഴയിൽ എറിയാമെന്ന തീരുമാനമാണ് ബുദ്ധിയിൽ തെളിഞ്ഞത്. അതിനായി മഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിലുള്ള ആനക്കയം പാലത്തിൽ രാത്രി പത്തോടെ മുഹമ്മദ് കുട്ടിയുമായെത്തി. ഷഹീനെ ബൈക്കിൽ നിന്നിറക്കി പുഴ കാണാം എന്ന് പറഞ്ഞപ്പോഴും ഒരു തരത്തിലുമുള്ള ആശങ്കയോ ഭയമോ ഷഹീനുണ്ടായിരുന്നില്ല. കാരണം ഇടയ്ക്ക് ഷഹീനെ, മുഹമ്മദ് തന്റെ വാടക വീട്ടിൽ കൊണ്ട് വന്ന് പാർപ്പിക്കാറുണ്ടായിരുന്നു.
ചെകുത്താന്റെ മനക്കരുത്ത്
ആലങ്കാരിക ഭാഷയിൽ ചെകുത്താന്റെ മനക്കരുത്താണ് മുഹമ്മദിനുണ്ടായിരുന്നതെന്ന് പറയാനാകും. പാലത്തിന് നടുവിൽ ബൈക്കിൽ നിന്നിറക്കിയ ഷഹീൻ കൂരിരുട്ടിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഉമ്മച്ചി കാത്തിരിക്കുന്നുണ്ടാകും വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ ഷഹീനെ പുറപ്പെടാനെന്ന വ്യാജേന ബൈക്കിന്റെ ടാങ്കിന് മുകളിലേക്ക് കേറ്റുന്നത് പോലെ ഉയർത്തിയെടുത്താണ് മുഹമ്മദ് പുഴയിലേക്കെറിഞ്ഞത്. സെൽഫോണിലെ ടോർച്ചിന്റെ വെട്ടത്തിൽ ഷഹീൻ വെള്ളത്തിൽ മുങ്ങിത്താഴുന്നത് മുഹമ്മദ് നോക്കിനിന്നു. കുട്ടിയുടെ മരണം ഉറപ്പാക്കിയാണ് മുഹമ്മദ് പിന്നീട് ബൈക്കെടുത്തത്. ജഡം പൊങ്ങിയോ എന്നറിയാനായി അടുത്ത ദിവസം പുഴയോരത്ത് ഇയാൾ നിരീക്ഷണവും നടത്തിയിരുന്നു. തന്നെ ആരും സംശയിക്കുന്നില്ലെന്നും താൻ പിടികൂടപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തിലുമായിരുന്നു പ്രതി. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ പോലീസിന്റെ അനാസ്ഥക്കെതിരെയുള്ള പരിദേവനവുമായി ജനപ്രതിനിധികളെ പോയി കാണുകയും ചെയ്തു. അന്വേഷണം പ്രാപ്തമല്ലെന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥരോട് പ്രതി കയർക്കുകയും ചെയ്തിരുന്നു. എന്നാൽ താൻ പോലീസ് നിരീക്ഷണത്തിലാണെന്ന് മുഹമ്മദിന് മനസ്സിലാക്കാനുമായില്ല.
കുട്ടിയുടെ ജഡം കണ്ടെത്താൻ കഴിയുമോ എന്ന ആശങ്കയിലായിരുന്നു പോലീസും നാട്ടുകാരും. അപ്രതീക്ഷിത മഴയും പ്രളയവും കാരണം ശക്തമായ പുഴയൊഴുക്കിൽ ജഡം കടലിൽ ചേർന്നിരിക്കുമെന്നായിരുന്നു പൊതുവിലുണ്ടായിരുന്ന ആശങ്ക. ഷഹീന്റെ ജഡത്തിനായി ആനക്കയം പാലം മുതൽ ചാലിയാർ കടപ്പുറം വരെയുള്ള 50 കിലോമീറ്റർ ദൂരത്തിൽ ഓഗസ്റ്റ് 24 മുതൽ ഫയർഫോഴ്‌സ്, പോലീസ്, മുങ്ങൽ വിദഗ്ധർ, മത്സ്യ തൊഴിലാളികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ട്രോമാ കെയർ പ്രവർത്തകർ എന്നിങ്ങനെ വൻ സംഘം ഊർജ്ജിതമായ തിരച്ചിൽ നടത്തി വരികയായിരുന്നു. കടലുണ്ടിപ്പുഴ ഒഴുകുന്ന വിവിധ പ്രദേശങ്ങളിലെ മുഴുവൻ പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരുൾപ്പെടുന്ന ജനപ്രതിനിധികളും സന്നദ്ധ സംഘടനാ പ്രവർത്തകരും പോലീസുമായി പൂർണ്ണമായും സഹകരിച്ചിരുന്നു. പുഴ കടലുമായി സംഗമിക്കുന്ന ചാലിയം, കാപ്പുറം ഭാഗങ്ങളിലും, പുഴയിലെ തടയണകളിൽ സംശയം തോന്നിപ്പിക്കുന്ന ഭാഗങ്ങളിലും, കുത്തൊഴുക്കുള്ള ഭാഗങ്ങളിലുമെല്ലാം വെള്ളത്തിനടിയിൽ ക്യാമറ ഇറക്കിയാണ് തെരച്ചിൽ നടത്തിയത്.
ഒടുവിൽ ഷഹിനെ പുഴയിലെറിഞ്ഞതിന്റെ പതിനേഴാം ദിവസമാണ് ആ ബാലന്റെ ജഡം കടലുണ്ടിപ്പുഴയിൽനിന്ന് നാട്ടുകാർ കണ്ടെടുക്കുന്നത്. അഴുകിയ നിലയിലായിരുന്ന ജഡത്തിന്റെ ഒരു കൈ നഷ്ടപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ജഡം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് കബറടക്കിയത്. ബന്ധുക്കളെ കാണിച്ച് ജഡം ഷഹീന്റേതെന്ന് പോലീസ് സ്ഥിരീകരിച്ചെങ്കിലും ശാസ്ത്രീയമായ ഉറപ്പ് വരുത്തുന്നതിനായി ഡി.എൻ.എ ടെസ്റ്റിനായി ജഡത്തിന്റെ ആന്തരീകാവയവങ്ങൾ പരിശോധനക്കയച്ചിരിക്കുകയാണ്. മലയാള ഭാഷയുടെ ഉൽപ്പത്തി മുതൽ പ്രയോഗിക്കുന്നതായിരുന്നിരിക്കണം 'കൊലച്ചതി' എന്ന പദം. എല്ലാ നിലയിലും ഈ പദം അന്വർത്ഥമാകുന്ന ഹീന കർമ്മമാണ് പ്രതി മുഹമ്മദ് നടത്തിയതും. പണത്തോട് പുലർത്തിയ അത്യാർത്തിയാണ് തന്റെ ദാരുണ അന്ത്യത്തിന് വഴി വെച്ചതെന്ന് പാവം ഷഹീന്റെ ബുദ്ധിയിലുണ്ടാകില്ലല്ലോ.
പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഈ കേസ്സിന് തുമ്പുണ്ടാക്കിയത്.