കാസര്‍കോട്: സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന തലത്തില്‍ കലോത്സവം സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ഏകീകൃത കലോത്സവം മുമ്പ് നടന്നിരുന്നെങ്കിലും തുടര്‍ച്ചയുണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. മുന്നാട് പീപ്പിള്‍സ് കോളേജില്‍ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവം സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
അപര വിദ്വേഷം പ്രചരിപ്പിക്കുന്ന കാലത്ത് അതിനെതിരെ കലോത്സവങ്ങള്‍ പ്രതിരോധം തീര്‍ക്കുകയാണ്. മണിപ്പൂരില്‍ അതിക്രമം നേരിട്ട കുട്ടികള്‍ക്ക് കണ്ണൂര്‍ സര്‍വകലാശാല വാതില്‍ തുറന്നു. ഈ കലോത്സവത്തില്‍ അവിടെ നിന്നെത്തിയ കുട്ടികള്‍ മത്സരത്തില്‍ വിജയം നേടി. ഗാന്ധിയെ ഇല്ലാതാക്കിയ മനുഷ്യനെ മഹത്വവത്ക്കരിക്കുന്ന അധ്യാപികമാര്‍ പോലും ഉണ്ടാകുന്ന കാലത്ത് ഇതിനൊക്കെ എതിരെ സംവദിക്കാനുള്ള വേദി കലോത്സവം നല്‍കുന്നതായും മന്ത്രി പറഞ്ഞു.
യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ടി. പി. അഖില അധ്യക്ഷത വഹിച്ചു. നടി ഗായത്രി വര്‍ഷ, സംവിധായകന്‍ ആമിര്‍ പള്ളിക്കാല്‍ എന്നിവര്‍ മുഖ്യാതിഥികളായി.
വിദ്യാര്‍ഥികള്‍ക്ക് സിന്‍ഡിക്കറ്റംഗങ്ങളായ എന്‍. സുകന്യ, ഡോ. ടി. പി. നഫീസ ബേബി, പ്രൊഫ. ജോബി കെ. ജോസ്, ഡോ. എ. അശോകന്‍, കെ. ചന്ദ്രമോഹന്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. വി. വി. രമേശന്‍, ഇ. പത്മാവതി, എം. അനന്തന്‍, സി. രാമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി, ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. കെ. ലൂക്കോസ്, അനന്യ ചന്ദ്രന്‍, മുഹമ്മദ് ഫവാസ്, കെ. പ്രജിന, കെ. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ബിപിന്‍ രാജ് പായം സ്വാഗതവും വിഷ്ണു ചേരിപ്പാടി നന്ദിയും പറഞ്ഞു.