മക്ക - ഈ വർഷത്തെ ഹജ് സീസണിൽ മക്ക പോലീസ് ക്രിമിനൽ കേസ് പ്രതികളും കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരും അടക്കം 2,326 പേരെ പിടികൂടി. ദുൽഖഅ്ദ 20 മുതൽ ദുൽഹജ് 15 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും കുറ്റവാളികളെ മക്ക പോലീസ് പിടികൂടിയത്. 25 ദിവസത്തിനിടെ 458 ക്രിമിനൽ കേസുകൾ മക്ക പോലീസ് കൈകാര്യം ചെയ്തു. വിവിധ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട 5,850 കേസുകളിലും മക്ക പോലീസ് നടപടികൾ സ്വീകരിച്ചു. നിയമ വിരുദ്ധമായ നിലക്ക് കൂളിംഗ് ഫിലിം ഒട്ടിച്ചവയും സംശയിക്കപ്പെടുന്നവയും അടക്കം 137 കാറുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. 195 യാചകരെ പിടികൂടി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. നിയമ ലംഘനങ്ങൾക്ക് 1,414 ബൈക്കുകളും മക്ക പോലീസ് കസ്റ്റഡിയിലെടുത്തു. ഹജ് സീസണിൽ ആകെ 10,380 സുരക്ഷാ കേസുകളാണ് മക്ക പോലീസ് കൈകാര്യം ചെയ്തത്.
ഇക്കാലയളവിൽ നാലു കോടിയിലേറെ പേർ ബസ് ഷട്ടിൽ സർവീസുകളിൽ താമസസ്ഥലങ്ങളിൽ നിന്ന് ഹറമിലേക്കും തിരിച്ചും യാത്ര ചെയ്തു. ബാബ് അലി ബസ് സ്റ്റേഷൻ വഴി 80 ലക്ഷം പേരും അജ്‌യാദ് ബസ് സ്റ്റേഷൻ വഴി 70 ലക്ഷത്തോളം പേരും ശഅബ് ആമിർ ബസ് സ്റ്റേഷൻ വഴി ഒരു കോടിയിലേറെ പേരും രീഅ് ബഖ്ശ് ബസ് സ്റ്റേഷൻ വഴി 35 ലക്ഷത്തോളം പേരും ജർവൽ ബസ് സ്റ്റേഷൻ വഴി 40 ലക്ഷത്തോളം പേരും യാത്ര ചെയ്തു.