Sorry, you need to enable JavaScript to visit this website.

VIDEO ആറു മലയാളികള്‍ ദമാം ജയിലില്‍നിന്ന് നാട്ടിലേക്ക് മടങ്ങി; ശിക്ഷ കഴിഞ്ഞും നിരവധിപേര്‍ ജയിലില്‍

ദമാം ജയിലില്‍ നിന്ന് മടങ്ങുന്നവര്‍ക്കള്ള വസ്ത്രങ്ങളുമായി മണിക്കുട്ടന്‍

ദമാം-നിയമലംഘന കേസ്സുകളില്‍ ശിക്ഷിക്കപ്പെട്ട മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ ദമാം ജയിലില്‍നിന്ന് മോചിതരായി നാട്ടിലേക്ക് മടങ്ങി. ആറു മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്.
ഇതില്‍ ഉത്തര്‍ പ്രദേശ്് സ്വദേശിക്ക് കോടതിയില്‍ നിന്നും ഒരു മാസത്തെ ശിക്ഷയാണ് വിധിച്ചതെങ്കിലും ഒരു വര്‍ഷമായി ദമാം ജയിലില്‍ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ ജയില്‍ വാസത്തെ കുറിച്ച് അറിഞ്ഞ സാമൂഹ്യ പ്രവര്‍ത്തകന്‍ മണിക്കുട്ടന്‍  വിധിപ്പകര്‍പ്പ് ശേഖരിച്ചു ദമാം കോടതിയിലെ ജഡ്ജിയെ സമീപിച്ചതോടെയാണ്  അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുങ്ങിയത്. ഇതിനു സമാനമായി കൊല്ലം സ്വദേശിക്ക് രണ്ടു വര്‍ഷമായിരുന്നു ശിക്ഷ വിധിയെങ്കിലും മൂന്ന് വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ നാടണയാന്‍ സാധിച്ചത്. ഇദ്ദേഹത്തിന്റെ മോചനം കാരണമായത് പേരിലുള്ള വാഹനമായിരുന്നു. കാര്‍ വില്‍ക്കാനും പേരില്‍ നിന്നും അത് മാറ്റിയെടുക്കാനും വേണ്ടി സ്വന്തം സുഹൃത്തിനെ ഏല്‍പിച്ചെങ്കിലും സുഹൃത്ത് ഈ കാര്‍ വില്‍പ്പന നടത്താതെ ഓടിക്കുകയും ഇതിലൂടെ നിരവധി ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ നടത്തുകയും ഭീമമായ തുക പിഴ വരുത്തുകയും ചെയ്തു.  ഇക്കാര്യം ശ്രദ്ധയില്‍ പെട്ട സാമൂഹ്യ പ്രവര്‍തകന്‍ മണിക്കുട്ടന്‍ അധികൃതരുമായി ബന്ധപ്പെട്ടു  ബോധ്യപ്പെടുത്തിയതിന് ശേഷമാണ്  അനുകൂലമായ സാഹചര്യമുണ്ടായത്.
ഇതിനു സമാനമായി നിരവധിയാളുകള്‍ ശിക്ഷാ കാലാവധി കഴിഞ്ഞും ജയിലില്‍ കഴിയുന്നതായി സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. പ്രധാന കാരണമായി പറയുന്നത് ഫയലുകള്‍ വിധിക്ക് ശേഷം കൃത്യമായി ജയിലുകളില്‍ എത്തുന്നില്ല എന്നതാണ്. ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയവരില്‍ ആറു പേര്‍ മലയാളികള്‍ ആണെങ്കിലും ഇവര്‍ക്കെല്ലാം ടിക്കറ്റ് നല്‍കിയത് ലഖ്‌നൗവിലേക്കാണ്. ജയിലില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ടിക്കറ്റിനു 1350 റിയാലാണ് അധികൃതര്‍ ഈടാക്കി കൊണ്ടിരിക്കുന്നതെങ്കിലും മലയാളികളുള്‍പ്പടെയുള്ളവര്‍ക്ക് വടക്കേ ഇന്ത്യയിലെ ഏതെങ്കിലും എയര്‍പോര്‍ട്ടുകളിലേക്ക് അയക്കുന്നതിലൂടെ ഏറെ പ്രയാസങ്ങള്‍ നേരിടുന്നതായി സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. കൂടാതെ ടിക്കറ്റിനു തുഛമായ നിരക്ക് ഉള്ള സമയത്തും ഈ തുക ഈടാക്കുന്നത്്് പലപ്പോഴും സാമൂഹ്യ പ്രവര്‍ത്തകരുടെ മേല്‍ തെറ്റിധാരണ ഉണ്ടാക്കുന്നതായും ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെ അടിയന്തിര ഇടപെടല്‍ അനിവാര്യമാണെന്നും സാമൂഹ്യ പ്രവര്‍ത്തകന്‍ മണിക്കുട്ടന്‍ പറയുന്നു. വളരെ വൈകിയാണെങ്കിലും തടവുകാര്‍ക്ക് ശിക്ഷ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുമ്പോള്‍ അത്യാവശ്യത്തിനുള്ള വസ്ത്രങ്ങളും മറ്റും നല്‍കാന്‍ അനുമതി ലഭിച്ചത് കൊണ്ട് അവരുടെ മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചു യാത്ര ചെയ്യുന്ന ദുരവസ്ഥയില്‍നിന്ന് ഒഴിവായി കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Latest News