അബുദാബി കെ.എം.സി.സി സംഘടിപ്പിക്കുന്ന കേരള ഫെസ്റ്റിലെ ഒപ്പനയെ പറ്റി എഴുത്തുകാരൻ റഫീഖ് ഉമ്പാച്ചിയുടെ എഴുത്ത്
കണ്ടേൻ ഞാൻ കറുത്ത മണവാട്ടിയേ...
അബൂദബിയിൽ കെ.എം.സി.സിയുടെ (Kmcc Abu Dhabi) കേരള ഫെസ്റ്റ് നടക്കുന്നുണ്ട്. വൈബ് നോക്കിനടക്കുന്ന ചങ്ങാതിമാർക്ക് വേണ്ടത്ര 'വൈഭികത' കിട്ടുന്ന കാർണിവൽ ഒരുക്കിയിട്ടുണ്ട് സംഘാടകർ. കെ.എം.സി.സി ഇതാദ്യമായാണ് ഇങ്ങനെയൊരു മുതിരൽ. ആശയങ്ങൾക്കു മുന്നിൽ കാതുകൂർപ്പിക്കാൻ മാത്രമല്ല, ആളുകൾക്ക് ആർപ്പുവിളിക്കാനും വേദികൾ വേണം, കാലം സങ്കീർണമാകുമ്പോൾ കലക്കം കൂടും. പുറത്തേക്കുള്ള വഴി കലരുക തന്നെയാണ്. സാധാരണ കെ.എം.സി.സി വിളിച്ചാൽ വരുന്നവരല്ല വന്നുനിറയുന്നത് എന്നു കാണുന്നതു തന്നെ സന്തോഷമാണ്. വൻ ജനാവലിയാണ്, കൂട്ടായ്മകളുടെ വിസ്തൃതി വർദ്ധിക്കുന്നതും ആളുകളിങ്ങനെ കൂട്ടംകൂടുന്നതും കാലത്തിന്റെ ആവശ്യമാണ്,
മനുഷ്യർ അതാഗ്രഹിക്കുന്നുമുണ്ട്.
എഴുതാൻ കരുതിയ കാര്യം വേറെയാണ്.
അതിലേക്കുവരാം..
കേരള ഫെസ്റ്റിൽ ഒന്നാം ദിവസം സമീർ ബിൻസിയുടെ സൂഫിപ്പാട്ട് പരിപാടിയുണ്ടായിരുന്നു. അതിനു തൊട്ട് മുമ്പ് ചെറിയ കുട്ടികളുടെ ഒരൊപ്പന. ഒപ്പനയിൽ, നടുക്കിരിക്കുന്നൂ കറുത്തൊരു മണവാട്ടി. കഴിഞ്ഞ മുപ്പതുകൊല്ലത്തിനിടയിൽ മൽസര ഇനമായും അല്ലാതെയും എത്രയോ ഒപ്പനകൾ കണ്ടിട്ടുണ്ട്. അത്രയും കാലത്തിനിടയിൽ കെ.ഇ.എൻ തുടങ്ങി എത്രയോ പേർ കറുപ്പിന്റെ സൗന്ദര്യശാസ്ത്രം പോലുള്ള എത്രയോ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. എത്രയായിട്ടും തൊലിവെളുപ്പാണു സൗന്ദര്യമെന്ന പൊതുബോധത്തിൽ നിന്നും ഏറെയൊന്നും പുറത്തുകടക്കാൻ ഇവിടെയാർക്കുമായിട്ടില്ല.
ഇന്നും ഇപ്പോഴും, ഇത്രയൊക്കെ പൊളിറ്റിക്കൽ കറക്ട്‌നസ് നമ്മുടെ വീണ്ടുവിചാരങ്ങളിൽ വന്നിട്ടും വെളുപ്പിനുള്ള 'കലാമൂല്യം' നമ്മുടെ ദൈനംദിന സംഭാഷണങ്ങളിൽ വരെ കറുപ്പിനു കിട്ടിയിട്ടില്ല. സാമൂഹിക ജീവിതത്തിലും വിപണി മൂല്യത്തിന്റെ കാര്യത്തിലും പിന്നെന്തു പറയാനാണ്. ഈയടുത്തും കറുത്ത മണവാട്ടിമാരില്ലാത്ത ഒപ്പനകളെന്തുകൊണ്ട് എന്ന ചോദ്യം ഉന്നയിക്കപ്പെട്ടതും തുടർന്നു നടന്ന സംവാദവും വായിച്ചതോർക്കുന്നു. വെളുത്ത കുട്ടിയെത്തന്നെ സെലക്റ്റ് ചെയ്തു ഒന്നുകൂടി മേക്കപ്പിട്ടു വെളുപ്പിച്ചാലേ മണവാട്ടിയാവൂ എന്ന ധാരണ നമ്മുടെ ഉള്ളിലുള്ള വർണവിവേചനമാണെന്ന് തിരിച്ചറിയുന്നില്ലെങ്കിൽ നാം തുല്യതയെ നിരാകരിക്കുന്ന രാഷ്ട്രീയ ശരികേടിലാണിപ്പോഴും. അതുകൊണ്ട് സ്‌റ്റേജിൽ കറുത്ത മണവാട്ടിയെ കണ്ട മുഹൂർത്തത്തിൽ തന്നെ അബുദാബി കെ.എം.സി.സിയുടെ കേരള ഫെസ്റ്റ് സാംസ്‌കാരികമായി മാത്രമല്ല രാഷ്ട്രീയമായും ഒരു മുന്നേറ്റമായല്ലോയെന്ന ചിന്തയുണ്ടായി.
ഞങ്ങൾ നാലഞ്ചുപേർ ഒരുമിച്ച് കയ്യടിച്ചു.
കറുത്തവർ കറുത്തവരായതുകൊണ്ട്, സ്ത്രീകൾ സ്ത്രീകളായതുകൊണ്ട്, ദളിതർ ദളിതരായതുകൊണ്ട് മതഭാഷാന്യൂനപക്ഷങ്ങൾ ആ കാരണം കൊണ്ട് അനുഭവിക്കുന്ന അരുക്കാക്കലും വിവേചനങ്ങളും നിലനിൽക്കുന്ന കാലമത്രയും അതിനെതിരായ കലയിലെ അനക്കങ്ങൾക്ക് സവിശേഷമായ ഭംഗിയുണ്ട്. രാഷ്ട്രീയചാരുത എന്നതിനെ വിളിക്കാം. രാഷ്ട്രീയ ചാരുതയുള്ള കലാദൃശ്യം സമ്മാനിച്ച ആ കുഞ്ഞുങ്ങൾക്കും അവരുടെ അണിയറക്കാർക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. നൂറ്റാണ്ടുകൾ പിറകിലെ മനസ്സും 2024ലെ ശരീരവുമുള്ള ഞങ്ങളെ, പ്രിയപ്പെട്ട കുട്ടികളേ, നിങ്ങൾ ഒരൊപ്പനകൊണ്ട് ക്ഷണിച്ചത് കാലിക രാഷ്ട്രീയ പ്രബുദ്ധതയിലേക്കാണ്. അന്നേരമാ സദസ്സിൽ ഉണ്ടാവാൻ കഴിഞ്ഞതിൽ ആഹ്ലാദിക്കുന്നു. കണ്ടേൻ ഞാൻ കറുത്ത മണവാട്ടിയേ..!