ഹായില്‍- ഹായില്‍ ടൊയോട്ട ഇന്റര്‍നാഷണല്‍ റാലിയില്‍ ഏഴാം തവണയും സൗദി താരം യസീദ് അല്‍റാജ്ഹി ചാമ്പ്യനായി. ടൊയോട്ട ഹൈലുക്‌സ് കാറില്‍ തന്റെ ജര്‍മ്മന്‍ നാവിഗേറ്റര്‍ ടിമോ ഗോട്ട്‌സ്ചാല്‍ക്കിനൊപ്പമാണ് അദ്ദേഹം സൗദി മരുഭൂമിയിലൂടെ കുതിച്ചത്.
പോര്‍ച്ചുഗീസ് ഡ്രൈവര്‍ ജോവോ ഫെരേര, അദ്ദേഹത്തിന്റെ പോര്‍ച്ചുഗീസ് നാവിഗേറ്റര്‍ ഫെലിപ്പ് പാല്‍മീറോ എന്നിവര്‍ രണ്ടാം സ്ഥാനവും റോക്കാസ് പത്സുസ്‌ക (ലിത്വാനിയ), അദ്ദേഹത്തിന്റെ നാവിഗേറ്റര്‍ ഓറിയോള്‍ വിഡാല്‍ (സ്‌പെയിന്‍)എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. വിജയികളെ ഹായില്‍ ഗവര്‍ണറും ടൊയോട്ട റാലി സുപ്രിം കൗണ്‍സില്‍ ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സഅദ് കിരീടമണിയിച്ചു. ഡെപ്യൂട്ടി ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഫഹദ് രാജകുമാരന്‍, സൗദി ഓട്ടോമൊബൈല്‍ ആന്‍ഡ് മോട്ടോര്‍സൈക്കിള്‍ ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഖാലിദ് ബിന്‍ സുല്‍താന്‍, വിവിധ വകുപ്പു മേധാവികള്‍, റാലി അതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഒരു മണിക്കൂര്‍ 42 മിനിറ്റ് 55 സെക്കന്‍ഡിനുള്ളില്‍ 164 കിലോമീറ്റര്‍ ദൂരമാണ് അല്‍ റാജ്ഹി പിന്നിട്ടത്. ഫൈനല്‍ സ്റ്റാന്‍ഡിംഗില്‍ 38 സെക്കന്‍ഡിന് പോര്‍ച്ചുഗീസ് ജോവോ ഫെരേരയെക്കാള്‍ അദ്ദേഹം ലീഡ് നിലനിര്‍ത്തി. ലിത്വാനിയക്കാരന്‍ റുക്കാസ് പത്സുസ്‌ക ഒരു മിനിറ്റും 9 സെക്കന്‍ഡും വ്യത്യാസത്തിലാണ് മൂന്നാം സ്ഥാനത്തെത്തിയത്.
യസീദ് അല്‍റാജ്ഹി, നാവിഗേറ്റര്‍ ടിമോ ഗോട്ട്‌സ്ചാല്‍ക്ക് (ജര്‍മ്മനി), ജോവോ ഫെരേര (പോര്‍ച്ചുഗല്‍), നാവിഗേറ്റര്‍ ഫെലിപ്പ് പാല്‍മീറോ (പോര്‍ച്ചുഗല്‍), റോക്കാസ് പാറ്റ്‌സോവ്‌സ്‌ക (ലിത്വാനിയ), നാവിഗേറ്റര്‍ ഓറിയോള്‍ വിഡാല്‍ (സ്‌പെയിന്‍) എന്നിവര്‍ അള്‍ട്ടിമൈറ്റ് കാര്‍ ഇനത്തിലാണ് മത്സരിച്ചത്. ചലഞ്ചര്‍ കാര്‍ ഇനത്തില്‍ സാലിഹ് അബ്ദുല്ല അല്‍സൈഫ് (സൗദി), നാവിഗേറ്റര്‍ നാസിര്‍ അല്‍കുവാരി (ഖത്തര്‍) ഒന്നാം സ്ഥാനവും ജോവോ ഡയസ് (പോര്‍ച്ചുഗല്‍), നാവിഗേറ്റര്‍ ജോവോ മിറാന്‍ഡ (പോര്‍ച്ചുഗല്‍) എന്നിവര്‍ രണ്ടാം സ്ഥാനവും ഡീഗോ മാര്‍ട്ടിനെസ് (അര്‍ജന്റീന), നാവിഗേറ്റര്‍ സെര്‍ജിയോ ലെവന്റെ (ഉറുഗ്വേ) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
സൈഡ് ബൈ സൈഡ് കാര്‍ ഇനത്തില്‍ ഫര്‍ണാണ്ടോ അല്‍വാരസ് (അര്‍ജന്റീന), നാവിഗേറ്റര്‍ ഹാവിയര്‍ പന്‍സേരി (ഫ്രാന്‍സ്) ഒന്നാം സ്ഥാനത്തും അലക്‌സാണ്ടര്‍ ടോറല്‍ ബോക്വി (സ്‌പെയിന്‍), നാവിഗേറ്റര്‍ പെഡ്രോ ലോപ്പസ് (സ്‌പെയിന്‍) രണ്ടാം സ്ഥാനത്തും അഹമ്മദ് അല്‍ കുവാരി (ഖത്തര്‍), നാവിഗേറ്റര്‍ മാനുവല്‍ ലുച്ചെസെ (ഖത്തര്‍) എന്നിവര്‍ മൂന്നാം സ്ഥാനത്തും എത്തി. 450 സിസി ബൈക്കില്‍ ഫിലിപ്പ് ഹോര്‍ലെമാന്‍ (ജര്‍മ്മനി) ഒന്നാമതെത്തി. 450 സിസിക്ക് താഴെ ബൈക്കില്‍ മുഹമ്മദ് അല്‍ബലൂഷി (യുഎഇ), അബ്ദുല്ല അല്‍ശത്തി (കുവൈത്ത്), അബ്ദുല്‍ ഹലീം അല്‍മുഗീറ (സൗദി) എന്നിവര്‍ ഒന്ന്, രണ്ട്, മുന്ന് സ്ഥാനങ്ങള്‍ നേടി.
ക്വാഡ്‌സ് ബൈക്ക് ഇനത്തില്‍ ഹൈതം അല്‍തുവൈജിരി (സൗദി), ഹാനി അല്‍നൗമസി (സൗദി), അബ്ദുല്‍ അസീസ് അല്‍ശൈബാന്‍ (സൗദി) എന്നിവര്‍ വിജയികളായി..