കണ്ണൂര്‍- എന്‍.കെ പ്രേമചന്ദ്രനെതിരെ വിവാദമുണ്ടാക്കുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പിണറായിയെ രാഷ്ട്രീയമായി എതിര്‍ക്കുമ്പോഴും മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവും എം.എല്‍.എമാരും പങ്കെടുക്കാറുണ്ട്. അതു പോലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്കും ക്ഷണമുണ്ടായത്. മറ്റൊന്നും പറയാനില്ലാത്തതു കൊണ്ടാണ് സി.പി.എം ഇത് വിവാദമാക്കിയത്.
വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട് തട്ടാന്‍ ബി.ജെ.പി കളിക്കുന്ന അതേ കളിയാണ് കേരളത്തിലെ സി.പി.എമ്മും കളിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിനുള്ള കളി സി.പി.എം കൈയില്‍ വെച്ചാല്‍ മതി. പ്രേമചന്ദ്രന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനും ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ജനപ്രതിനിധിയുമാണ്. അദ്ദേഹം പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതില്‍ എന്ത് വിവാദമാണുള്ളത്? പ്രധാനമന്ത്രിയെ സ്വീകരിക്കാനും യാത്ര അയക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ പോയതില്‍ ഒരു തെറ്റുമില്ല. പക്ഷെ ആ നില്‍പ് സഹിക്കാന്‍ പറ്റില്ലെന്നു മാത്രമെ ഞങ്ങള്‍ പറഞ്ഞിട്ടുള്ളൂ.