ദുബായ്- പേമാരി പ്രവചനത്തെ തുടര്‍ന്ന് യുഎഇ അതീവ ജാഗ്രതയില്‍. രാജ്യത്ത് തിങ്കളാഴ്ച കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
രാവിലെ മുതല്‍ രാജ്യത്തെ ഏഴ് എമിറേറ്റുകളില്‍ ആറിടത്തും മഴയുണ്ട്. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലെല്ലാം ഭേദപ്പെട്ട മഴ പെയ്യുന്നുണ്ട്. ഉമ്മുല്‍ഖുവൈനില്‍ മാത്രമാണ് മഴ് അല്‍പം കുറവുള്ളത്. സ്വയ്ഹാന്‍, ദിബ്ബ, അല്‍ ദഫ്റ, അല്‍ ഹംറ, മലീഹ, ജബല്‍ അലി എന്നിവിടങ്ങളിലാണ് മഴ കൂടുതല്‍ ശക്തം.
മഴയും മോശം കാലാവസ്ഥയും മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെഡ്- യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നിരവധിയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും പാര്‍ക്കിംഗ്് കേന്ദ്രങ്ങളിലടക്കം വെള്ളം കയറി. രാത്രിയോടെ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.