തിരുവനന്തപുരം- ഓഷോ രജനീഷുമായി തനിക്ക് ലൈംഗിക ബന്ധം ഇല്ലായിരുന്നെന്നും അദ്ദേഹം മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയതോടെയാണ് ബന്ധം അവസാനിപ്പിച്ചതെന്നും രജനീഷിന്റെ ഉറ്റ ശിഷ്യ മാ ആനന്ദ് ഷീല. പരസ്പരം ആശ്രയിക്കുന്ന ബന്ധമായിരുന്നു ഞങ്ങളുടെത്. പക്ഷേ അതൊരിക്കലും ലൈംഗിക ബന്ധത്തില്‍ എത്തിയിട്ടില്ല. ആര്‍ക്കെങ്കിലും താത്പര്യം ഉണ്ടെങ്കില്‍ അത്തരം ബന്ധവും സാധ്യമായിരുന്നു. എനിക്ക് എന്റെ കാമുകന്‍ ഉണ്ടായിരുന്നു. ഭഗവാന് അദ്ദേഹത്തിന്റെയും- മാ ഷീല പറഞ്ഞു.
എന്നെ സംബന്ധിച്ച് ഒരു നക്ഷത്രത്തെ തളികയില്‍ ലഭിച്ചത് പോലെയുള്ള സാമീപ്യമായിരുന്നു. ഞാന്‍ വിദേശത്തേക്ക് പോയത് 17 വയസുള്ളപ്പോഴാണ്. അച്ഛന്‍ എനിക്ക് വിശദമായ ഉപദേശം തന്നിരുന്നു. ലൈംഗിക വിദ്യാഭ്യാസം പോലും. ഒരാളുമായി അടുപ്പമുണ്ടാക്കുന്നുവെങ്കില്‍ യോജ്യമെന്ന് സ്വയം ബോധ്യപ്പെട്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. അത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് അകല്‍ച്ച തുടങ്ങുന്നത്. ഞാന്‍ മുമ്പ് പറഞ്ഞത് പോലെ അദ്ദേഹം എന്റെ പങ്കാളിയല്ലല്ലോ. എനിക്ക് അതിലും മനോഹരമായ പങ്കാളിയുണ്ടായിരുന്നു. എന്നെ തോളിലെടുത്ത് കൊണ്ടുനടക്കുന്ന ഒരാള്‍. കരുതല്‍, സ്‌നേഹം ഒക്കെ ഞാന്‍ അദ്ദേഹത്തില്‍ നിന്ന് അനുഭവിച്ചിട്ടുണ്ട്.
ഏജന്‍സികള്‍ തന്ന മുന്നറിയിപ്പ് അദ്ദേഹത്തെ അറിയിച്ചു. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ പ്രകടിപ്പിച്ച ആശങ്ക ഉന്നയിച്ചു. പക്ഷേ എന്റെ ഈ ഇടപെടല്‍ അദ്ദേഹത്തിന് ഇഷ്ടമായില്ല. ഞങ്ങള്‍ക്കിടയിലെ വിടവ് ശക്തമായതായും അവര്‍ പറഞ്ഞു.