(കുന്ദമംഗലം) കോഴിക്കോട് - രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ച് എഫ്.ബി പോസ്റ്റിട്ട ചാത്തമംഗലം എൻ.ഐ.ടി കോളജിലെ പ്രഫസർ ഷൈജ ആണ്ടവനെ പോലീസ് ചോദ്യം ചെയ്തു. അധ്യാപികയുടെ വീട്ടിലെത്തിയാണ് കുന്ദമംഗലം പോലീസ് ഒരുമണിക്കൂറോളം ചോദ്യം ചെയ്തത്. എന്നാൽ, അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അധ്യാപികയ്‌ക്കെതിരെ കലാപാഹ്വാനത്തിനാണ് കേസെടുതെന്നും ഈ മാസം 13ന് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടതായും പോലീസ് പ്രതികരിച്ചു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പിന്നീട് തീരുമാനിക്കുമെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പോലീസ് പറഞ്ഞു.
ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് പ്രഫസർ ഷൈജ ആണ്ടവൻ വിവാദത്തിനിടയാക്കിയ 'പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോർ സേവിംഗ് ഇന്ത്യ' എന്ന കമന്റിട്ടത്. 'ഹിന്ദു മഹാസഭാ പ്രവർത്തകൻ നഥൂറാം വിനായക് ഗോഡ്‌സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. ഇതിന് താഴെ 'ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയിൽ അഭിമാനം കൊള്ളുന്നുവെന്ന' തന്റെ പ്രതികരണത്തിൽ ഉറച്ചുനിൽക്കുന്നതായും വിവാദങ്ങൾക്കിടയിലും പ്രഫസർ വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നല്കിയ പരാതിയിൽ കുന്ദമംഗലം പോലീസ് ഷൈജക്കെതിരെ കേസെടുക്കുകയായിരുന്നു.
സംഭവത്തിൽ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നതോടെ അധ്യാപിക അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. എൻ.ഐ.ടിയുടെ അഭ്യന്തര അന്വേഷണം നടക്കുകയാണെന്നും പ്രസ്തുത റിപോർട്ടിനു ശേഷം വകുപ്പുതല നടപടികളുണ്ടായേക്കുമെന്നുമാണ് വിവരം.