കൊച്ചി- കേരളത്തില്‍ വേനല്‍ക്കാലം മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെയാണെങ്കിലും വടക്കുകിഴക്കന്‍ മണ്‍സൂണ്‍ അഥവാ തുലാവര്‍ഷം കടന്നു പോയതിന് പിന്നാലെ സംസ്ഥാനത്തെമ്പാടും വേനലിന് സമാനമായ കാലാവസ്ഥയാണ്. തുലാവര്‍ഷം ജനുവരി വരെ പെയ്ത് കടന്നു പോയതിന്റെ ഫലമായി 27 ശതമാനത്തിലധികം അധികമഴ ലഭിക്കുകയുണ്ടായി. എന്നാല്‍ മഴ പിന്‍മാറുന്നതിന് മുമ്പ് തന്നെ കനത്ത ചൂടില്‍ കേരളം വെന്തുരുകാന്‍ തുടങ്ങി. വരും ദിനങ്ങളില്‍ കേരളം കൊടുംചൂടിന്റെ പിടിയിലാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ജനുവരിയില്‍ കേരളത്തില്‍ കനത്ത മഴ പെയ്തുകൊണ്ടാണ് തുലാവര്‍ഷം പിന്‍മാറിയത്. അതേസമയം ജനുവരിയുടെ തുടക്കത്തില്‍ തന്നെ കേരളത്തില്‍ താപനില കുതിച്ചുയര്‍ന്നു. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ് കേരളത്തിലായിരുന്നു. കണ്ണൂരില്‍ ജനുവരി 5ന് 34.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ജനുവരി പകുതിയാകുംമുന്‍പ് കേരളത്തിന്റെ മധ്യ-വടക്കന്‍ ജില്ലകളിലാണ് ചൂട് ക്രമാതീതമായി വര്‍ധിച്ചു. മധ്യകേരളം മുതല്‍ വടക്കോട്ട് പലയിടങ്ങളിലും 35 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇത് 37.7 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു. ഇപ്പോള്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് നീങ്ങുകയാണ്.
ലോകമെമ്പാടും ഇത്തരത്തില്‍ ചൂട് കൂടുന്നതിന് നിരവധി പ്രതിഭാസങ്ങള്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 11 വര്‍ഷത്തെ സോളാര്‍ സൈക്കിളിലെ സോളാര്‍ മാക്‌സിമം എന്ന ഘട്ടത്തിലാണിപ്പോള്‍ സൂര്യന്‍. ഇതിന്റെ ഫലമായി കഴിഞ്ഞ മാസം ഭൗമകാന്തിക കൊടുങ്കാറ്റുണ്ടായി. സോളാര്‍ കോറോണയിലുണ്ടാകുന്ന പൊട്ടിത്തെറികളിലൂടെ അള്‍ട്രാ വയലറ്റ് രശ്മികളുടെ വലിയ തോതിലുള്ള വികിരണം അന്തരീക്ഷത്തിലുണ്ടാകുന്നുണ്ട്.സോളാർ മാക്സിമം മൂന്നു മാസം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകനായ ഡോ. രാജഗോപാൽ കമ്മത്ത് പറയുന്നു.
19 കാരി ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കുറ്റം സമ്മതിച്ചു, കാരണം അയാള്‍ക്ക് മാത്രമേ അറിയൂ
സോളാര്‍ മാക്‌സിമത്തിന്റെ നേര്‍വിപരീത ഘട്ടമായ സോളാര്‍ മിനിമത്തിലാണ് കേരളത്തിലടക്കം ഭൂമിയിലെമ്പാടും ശക്തമായ മഴയും പ്രളയങ്ങളുമുണ്ടായത്.
സൂര്യതാപം വര്‍ധിച്ചതോടെ രൂപപ്പെടുന്ന എല്‍ നിനോ പ്രതിഭാസവും വരള്‍ച്ചക്ക് കാരണമാകുന്നു. പസഫിക്കിലെ മധ്യഭാഗത്ത് ഭൂമധ്യരേഖയ്ക്കു ചുറ്റുമായി ഒരു നിശ്ചിതപ്രദേശത്ത് സമുദ്രത്തിന്റെ ഉപരിതലത്തില്‍ അസാധാരണ ചൂട് രൂപപ്പെടുകയും. ഭൂമിയുടെ പടിഞ്ഞാറുവശത്തേക്കു സഞ്ചരിക്കുന്ന വായുപ്രവാഹത്തിന്റെ വേഗം കുറയുകയും ചൂടുവെള്ളം കിഴക്കോട്ടു തള്ളിമാറ്റപ്പെടുകയും ചെയ്യുന്നതാണ് എല്‍ നിനോയ്ക്കു കാരണം. ഇതിന്റെ ഫലമായി മധ്യരേഖാ പസഫിക്കിലെ സമുദ്രോപരിതല താപനില ശരാശരിയെക്കാള്‍ കൂടുതലാകും. ഭൂമിയില്‍ സാധാരണഗതിയില്‍ ലഭ്യമാകുന്ന മഴയുടെയും ചൂടിന്റെയും കാറ്റിന്റെയുമൊക്കെ ദിശയും സമയക്രമവും മാറ്റാന്‍ ഈ പ്രതിഭാസത്തിനു കഴിയും. എല്‍ നിനോ പ്രതിഭാസത്തിനൊപ്പം അറബിക്കടല്‍ ചൂടുപിടിച്ചിട്ടുണ്ട്. അതിനാല്‍ തീരദേശമേഖലകളിലെല്ലാം ഒന്നുമുതല്‍ രണ്ടുഡിഗ്രി സെല്‍ഷ്യസ് വരെ ശരാശരിയെക്കാള്‍ ചൂട് ഉയര്‍ന്നു നില്‍ക്കുകയാണ്.
പ്രവാസികള്‍ പല തീരുമാനങ്ങളുമെടുക്കും; പക്ഷെ പിന്തിരിഞ്ഞു കളയും
വേനല്‍ചൂടില്‍ സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. സൂര്യാഘാതവും നിര്‍ജലീകരണവും മരണത്തിന് വരെ വഴിവെക്കാം. അതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 12 മണിക്കും 2 മണിക്കുമിടയില്‍ നേരിട്ട് വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് പ്രധാനം. ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെ വിശ്രമം ലഭിക്കുന്ന രീതിയില്‍ ജോലിസമയം ക്രമീകരിക്കണം. പുറത്തിറങ്ങുമ്പോള്‍ കുട ചൂടുക, നിര്‍ജലീകരണം ഒഴിവാക്കാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുക, പോളിസ്റ്റര്‍ പോലെ ചൂട് കൂടുതലുള്ള വസ്ത്രങ്ങള്‍ക്ക് പകരം കോട്ടണ്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, ശരീരത്തില്‍ ചൂട് വര്‍ധിപ്പിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക എന്നിവ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളാണ്.
VIDEO വൈറല്‍ വീഡിയോ; വാഹനം ഓടിക്കുന്ന നിങ്ങളും കാണണം
മാര്‍ച്ച് മാസത്തോടെ ചൂട് അതിന്റെ പാരമ്യത്തിലായിരിക്കും. ഇക്കുറി കൊടുംവരള്‍ച്ചയെയാണ് കേരളം അഭിമുഖീകരിക്കേണ്ടി വരിക. ഇപ്പോള്‍ തന്നെ പല ജില്ലകളിലും നദികളുടെ കൈവഴികള്‍ ശോഷിക്കുകയും ഒഴുക്ക് ഇടമുറിയുകയും ചെയ്തിട്ടുണ്ട്. വരള്‍ച്ച രൂക്ഷമാകുന്നതോടെ സംസ്ഥാനം കടുത്ത ജലദൗര്‍ലഭ്യത്തിലേക്കാണ് നീങ്ങുന്നത്. ജലസംരക്ഷണത്തിനും ദുരുപയോഗം നിയന്ത്രിക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ആവിഷ്‌കരിച്ചുവരുന്നുണ്ട്. കര്‍ഷകരും കടുത്ത ആശങ്കയോടെയാണ് ഈ വേനലിനെ ഉറ്റുനോക്കുന്നത്. വന്യമൃഗങ്ങൾ ആവാസ വ്യവസ്ഥ വിട്ട് നാട്ടിലേക്കിറങ്ങാനുള്ള പ്രവണത ഈ കാലയളവിൽ ശക്തമാകുമെന്നതും തലവേദന സൃഷ്ടിക്കും.