Sorry, you need to enable JavaScript to visit this website.

മോഴയെ നിരീക്ഷിക്കുന്നതിനു ഫ്രീക്വന്‍സി  ലഭ്യമാക്കിയത് അജീഷ് കൊല്ലപ്പെട്ടതിനു ശേഷം

കല്‍പറ്റ-വടക്കേ വയനാട് പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയില്‍ അജീഷ് മോഴ ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ കര്‍ണാടക വനം വകുപ്പിനും ഉത്തരവാദിത്തം. റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയെ നിരീക്ഷിക്കുന്നതിനു'ഫ്രീക്വന്‍സി' കര്‍ണാടക വനം വകുപ്പ് കേരള വനം വകുപ്പിന് ലഭ്യമാക്കിയത് അജീഷ് കൊല്ലപ്പെട്ടതിനുശേഷം.
നിരന്തരം ആവശ്യപ്പെട്ടിട്ടും 'ഫ്രീക്വന്‍സി' ലഭ്യമാക്കുന്നതില്‍ കര്‍ണാടക വനം ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തി. ശനിയാഴ്ച രാവിലെ എട്ടരയ്ക്കാണ് ഫ്രീക്വന്‍സി ലഭ്യമാക്കിയത്. രാവിലെ 7.10നാണ് അജീഷിനെ സമീപവാസിയുടെ വീട്ടുമുറ്റത്ത് കാട്ടാന ആക്രമിച്ചത്.  
റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ച് പരിധിയില്‍ എത്തിയത് ജനുവരി അഞ്ചിനാണ് സംസ്ഥാന വനം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരം കര്‍ണാടക വനം അധികാരികളെ അറിയിക്കുകയും ആനയെ ട്രാക്ക് ചെയ്യുന്നതിന് യൂസര്‍നൈമും പാസ്വേഡും ഉള്‍പ്പെടെ വിവരം ആവശ്യപ്പെടുകയും ചെയ്തു.  യൂസര്‍നൈമും പാസ്വേഡും ലഭിച്ച മുറയ്ക്ക് ജനുവരി ഒമ്പതിന് ആനയെ നിരീക്ഷിക്കാന്‍ തുടങ്ങി. മൂന്നു ദിവസത്തിനുശേഷം ആന ബന്ദിപ്പുര വനത്തിലേക്ക് മടങ്ങിയതായി സ്ഥിരീകരിച്ചു.
സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പാതിരി റിസര്‍വിലുള്ള കുറിച്ചിപ്പറ്റ, വെളുകൊല്ലി ഭാഗത്ത് മോഴ എത്തിയതായി ഫെബ്രുവരി രണ്ടിന്  ആദിവാസികള്‍ മുഖേന വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസം അന്വേഷിച്ചെങ്കിലും ആനയെ കണാനായില്ല. കര്‍ണാടക ലഭ്യമാക്കിയ യൂസര്‍നൈമും പാസ്വേഡും ഉപയോഗിച്ച് ട്രാക്ക് ചെയ്യുമ്പോള്‍ നാലു മുതല്‍ ആറു വരെ മണിക്കൂര്‍ ഇടവേളകളിലാണ് ആനയുടെ ലൊക്കേഷന്‍ ലഭ്യമായിരുന്നത്.
മോഴയെ കണ്ടുപിടിക്കുന്നതിന് കര്‍ണാടക വനം വകുപ്പില്‍നിന്നു റിസീവറും ആന്റിനയും വാങ്ങുന്നതിന് നടപടി ആവശ്യപ്പെട്ട് നോര്‍ത്തേണ്‍ സര്‍ക്കിള്‍ സിസിഎഫ് കേരള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്  ഫെബ്രുവരി അഞ്ചിന് കത്ത് നല്‍കിയിരുന്നു. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അന്നുതന്നെ
കര്‍ണാടക ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കത്ത് നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
തണ്ണീര്‍ക്കൊമ്പന്റെ മരണവുമായി ബന്ധപ്പെട്ട് രൂപീകകരിച്ച അഞ്ചംഗ വിദഗ്ധ സമിതി അന്വേഷണത്തിന്റെ ഭാഗമായി എട്ടിന് ബന്ദിപ്പുരയില്‍ പോയിരുന്നു.  ഇവര്‍ കര്‍ണാടക അഡീഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോട്(പ്രോജക്ട് എലഫന്റ്) റേഡിയോ കോളര്‍ 'ഫ്രീക്വന്‍സി' ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. പരിശീലനം നല്‍കാമെന്നാണ് അറിയിച്ചത്. ഇതേത്തുടര്‍ന്ന് വയനാട്ടില്‍നിന്നുള്ള സംഘം ഒമ്പതിന് കോയമ്പത്തൂരിലെത്തി ഡബ്ല്യുഡബ്ല്യുഎഫ് എന്ന സംഘടനയില്‍നിന്നു റിസീവറും ആന്റിനയും സംഘടിപ്പിച്ചു. അതേദിവസം ഹാസനിലുള്ള ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോട് 'ഫ്രീക്വന്‍സി' ആവശ്യപ്പെട്ടെങ്കിലും നേരത്തേതുപോലെ യൂസര്‍നൈമും പാസ്വേഡും മാത്രമാണ് നല്‍കിയത്. ശനിയാഴ്ച രാവിലെ മോഴയുടെ ആക്രമണത്തില്‍ അജീഷ് കൊല്ലപ്പെട്ടത് അറിയിച്ചതിനു പിന്നാലെയാണ്  കര്‍ണാടക 'ഫ്രീക്വന്‍സി' ലഭ്യമാക്കിയത്.

Latest News