വെള്ളയില്‍, കോഴിക്കോട്- കോഴിക്കോട് കാമ്പുറം, കോന്നാട് ബീച്ചുകളില്‍ ചിലത് പുകയുന്നു. രാവിലെ മുതല്‍ ഇവിടെയെത്തുന്ന കമിതാക്കളുടെ ലീലാ വിലാസങ്ങളാണ് പ്രശ്‌നമായത്. ഇത് ഇവിടത്തെ മാത്രം കാര്യമല്ലെന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ വരട്ടെ. സരോവരം പാര്‍ക്കിലും തഞ്ചം കിട്ടിയാല്‍ ഞായറാഴ്ചകളില്‍ മാനാഞ്ചിറയിലും പലതും ഒപ്പിക്കുന്നവരുണ്ട്. കോഴിക്കോടിന്റെ നോര്‍ത്ത് ബീച്ച് അടുത്തിടെ മനോഹരമാക്കിയതാണ്. അതിന് ശേഷമാണ് രാവിലെ എട്ട് മുതല്‍ നാട്ടിന്റെ നാനാഭഗത്തു നിന്നും യുവതീയുവാക്കള്‍ ഇവിടെയെത്തുന്നു. ആ ഇരിപ്പ് അങ്ങിനെയങ്ങ് നീളും. ഭക്ഷണം കഴിക്കാന്‍ പോകുന്നത് പോലും കാണാറില്ല. അസ്തമയം കഴിഞ്ഞാലും ഇവിടെ കാണും. സൗത്ത് ബീച്ചിലും ഇത്തരം പ്രവണത തല പൊക്കി തുടങ്ങിയിട്ടുണ്ട്.
റോഡ് ക്രോസ് ചെയ്ത് പ്ലസ് വണ്‍ കാരനും കാമുകിയും കടപ്പുറത്തേക്ക് കടന്നപ്പോള്‍ റോഡിലൂടെ കടന്നു പോയത് പോലീസ് വാഹനം. ഇതെന്താ പോലീസ് ഇടപെടാത്തതെന്ന് തിരക്കിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ പറഞ്ഞത് അവര്‍ക്ക് നിയമത്തെ പേടിയാണെന്നാണ്, സുപ്രീം കോടതി തന്നെ ഇത്തരക്കാരെ ചോദ്യം ചെയ്യരുതെന്ന് പറഞ്ഞിട്ടില്ലേയെന്ന് ഓട്ടോ ചേട്ടന്‍ ഓര്‍മിപ്പിച്ചു.
ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയാണ് കോഴിക്കോട് കടപ്പുറത്ത് സദാചാര വാഴ്ച ഉറപ്പു വരുത്താന്‍ രംഗത്തിറങ്ങിയിട്ടുള്ളത്. പച്ചയ്ക്ക് വര്‍ഗീയതയുമായല്ല വരവെന്നത് ആശ്വാസമാണ്. ബി.ജെ.പി ബീച്ചിലെത്തിയവരെ ചൂലുമായി ഓടിച്ചപ്പോള്‍ ഡി.വൈ.എഫ്.ഐ കമിതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. മനുഷ്യരുടെ സ്വാതന്ത്യത്തില്‍ കൈ കടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് സംഘടന വ്യക്തമാക്കി. കര്‍ണാടകയിലും മറ്റും കണ്ടതുമായി ഇങ്ങോട്ട് വരേണ്ടെന്നാണ് മുന്നറിയിപ്പ്. കോന്നാട് ബീച്ചില്‍ യുവജന സംഘടന പ്രകടനം നടത്തുകയുമുണ്ടായി.
ഇതിനിടെ, കോന്നാട് ബീച്ചില്‍ എത്തിയ കമിതാക്കളെ ചൂലെടുത്ത് അടിച്ച സംഭവത്തില്‍ വിശദീകരണവുമായി ബിജെപി, മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തെത്തി. ബീച്ചിലെത്തുന്ന ആണ്‍പിള്ളേരുടെയും പെണ്‍പിള്ളേരുടെയും മോശം പ്രവര്‍ത്തി കാരണമാണ് ചൂലെടുത്ത് പ്രതിഷേധിച്ചതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഈ ജാതി തോന്ന്യാസമൊന്നും അനുവദിക്കില്ല,
ഇത് ഗോവയല്ല-കോഴിക്കോട് കടപ്പുറമാണ്ആണും പെണ്ണും ഇവിടെ വന്നിരുന്ന് വേണ്ടാത്ത പ്രക്രിയകള്‍ കാണിക്കുകയാണ്. ഇത് പുരുഷന്മാര്‍ ചോദ്യം ചെയ്താല്‍ അവര്‍ക്കെതിരെ കേസെടുക്കുകയാണ്. അതുകൊണ്ടാണ് തങ്ങള്‍ സ്ത്രീകള്‍ ഇറങ്ങി പ്രതിഷേധിച്ചതെന്ന് അവര്‍ പറഞ്ഞു.
ഈ അടുത്ത് ഇങ്ങനെ ഒരു സംഭവം നടന്നപ്പോള്‍ പ്രതികരിച്ച ആണുങ്ങള്‍ക്ക് 3000 രൂപയാണ് പോലീസ് പിഴയിട്ടത്. പിന്നെ എങ്ങനെ ഞങ്ങളുടെ ആണുങ്ങള്‍ക്ക് ഇതിനെതിരെ പ്രതികരിക്കാന്‍ പറ്റും. കഞ്ചാവും, എംഡിഎംഎ, ബ്രൗണ്‍ ഷുഗര്‍ എന്നിവയുമായാണ് ഇവര്‍ ഇവിടെ എത്തുന്നത്. ഇതൊക്കെ ഇല്ലാതെ അവര്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമോ. അത്രയും വൃത്തികേടാണ് കുട്ടികള്‍ ഇവിടെ വന്ന് കാണിക്കുന്നത്'.
ഇതൊക്കെ കണ്ടാല്‍ നമുക്ക് തന്നെ സങ്കടം വരും, അയ്യോ നമ്മുടെ കുട്ടികളെ പോലുള്ള മക്കളാണല്ലോ എന്നുള്ള വിഷമമാണ്. ആ വിഷമം കൊണ്ടാണ് ഞങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങുന്നത്. ഞങ്ങള്‍ ഈ തീരദേശത്തുള്ളവര്‍ ഒന്ന് രണ്ട് സെന്റില്‍ താമസിക്കുന്നവരാണ്. ഞങ്ങളുടെ കുട്ടികളൊക്കെ അവിടെ പോയാണ് കളിക്കുന്നത്. കുടുംബവുമായി അവിടെ പോയാണ് കുറച്ച് കാറ്റൊക്കെ കൊള്ളുന്നത്. ആ സ്ഥലത്ത് വച്ചാണ് ഈ കുട്ടികള്‍ ഈ രീതിയിലുള്ള പെരുമാറ്റം നടത്തുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ പ്രതികരിച്ചത്'. കുട്ടികള്‍ വന്നോട്ടെ, അവര്‍ വന്നിരുന്നോട്ടേ, പക്ഷേ, വൃത്തികേട് എന്തിനാണ് ഇവിടെ കാണിക്കുന്നത്. ഞങ്ങളുടെ മക്കള്‍ ഇതൊക്കെ കണ്ടാണ് വളരുന്നത്. ഞങ്ങള്‍ പ്രതികരിക്കാന്‍ വൈകിപ്പോയി. പൊള്ളുന്ന വെയിലത്താണ് ഞങ്ങള്‍ ഇറങ്ങി പ്രതിഷേധിച്ചത്. ഇവിടെയുള്ള കുറ്റിക്കാട്ടിലൊക്കെ വന്നിരുന്ന് കഞ്ചാവും മറ്റ് സാധനങ്ങളൊക്കെ വലിക്കുകയാണ്. ആ കുറ്റിക്കാട് ഞങ്ങള്‍ വെട്ടി നിരപ്പാക്കി. മീഡിയക്കാര്‍ വിളിക്കുമ്പോള്‍ സരോവരത്തുള്ള പോലെയാണോ ചേച്ചീ എന്നാണ് ചോദിക്കാറുള്ളത്. അവിടെ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. കണ്ടപ്പോഴാണ് ഞങ്ങള്‍ അറിയുന്നത്, ഇതാണ് സരോവരം എന്നത്'- മഹിളകള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. അന്താരാഷ്ട്ര സാഹിത്യ നഗര പദവിയിലേക്ക് ഉയര്‍ന്ന കോഴിക്കോടിനെ ഒറ്റയടിക്ക് ക്ലീനാക്കാന്‍ കാമ്പുറം ബീച്ചിലെ സദാചാരവാദികള്‍ക്കാവുമോ എന്നു കണ്ടറിയാം.