വര്‍ഷാരംഭത്തില്‍ പ്രവാസികളെടുക്കുന്ന പല തീരുമാനങ്ങളില്‍ നിന്നും പത്താം തിയ്യതിയോടെ തന്നെ പലരും പിന്തിരിയുന്നു. അതിന്റെ കാരണം കൗതുകമാണെങ്കിലും കാര്യം ഗൗരവമാണ്.
എന്നെക്കൊണ്ട് ഇതൊന്നും ആവില്ല...
പ്രത്യക്ഷ്യത്തില്‍ ഈ തീരുമാനം മടിയായി തോന്നുമെങ്കിലും പൊരുള്‍ തേടിയാല്‍ പേടിയാണെന്ന് ബോധ്യപ്പെടും.
വഴിയില്‍ പട്ടിയെ കണ്ട് പിന്തിരിഞ്ഞോടുന്നവനെ ആരെങ്കിലും മടിയെനെന്ന് വിളിക്കുമോ?
അവന്റെ പേരാണ് പേടിത്തൂറി...
വിഷയം ചെറുതല്ല ഗൗരവമേറിയത് തന്നെയാണ്. ആമസോണിന്റെ ഇ ബുക്ക് കിന്‍ഡലില്‍ 'പേടിത്തൂറി 'എന്നൊരു ബുക്ക് തന്നെയുണ്ട്.
നമ്മള്‍ മടിയെന്ന് കരുതുന്ന പലതും പേടികളാണ്. മനുഷ്യസഹജമായ ഒരു വികാരമായി മാത്രം പേടിയെ പരിഗണിക്കുന്നത് അപകടമാണ്.
'മനുഷ്യരുടെ മൂന്ന് ശത്രുക്കളാണ് സങ്കോചം, സംശയം, ഭയം '
(തിങ്ക് ആന്റ് ഗ്രോ റിച്ച്)
ഭയം എത്ര ചെറുതാണെങ്കിലും അത് ശത്രുവാണെന്ന തിരച്ചറിവും അതിനെ നേരിടാനുള്ള കരുത്തുമാണ് പ്രവാസികള്‍ നേടേണ്ടത്.
നിത്യവും രാവിലേയും വൈകുന്നേരവും ഭയത്തില്‍ നിന്ന് അഭയം തേടിയുള്ള പ്രാര്‍ത്ഥന പതിവാക്കാന്‍ മുഹമ്മദ് നബി ( സ ) പറഞ്ഞതിന്റെ പൊരുള്‍ പാരാവാരം പോലെ പരന്നതാണ്.
മടിയായി കരുതുന്ന പേടികള്‍ പലതും വളരെ നിസ്സാരമായിരിക്കാം അത് കണ്ടെത്തിയാല്‍ നിഷ്പ്രയാസം പരിഹരിക്കാനും കഴിയും.
തന്റെ കുതിര അസ്വസ്ഥനാകുന്നത് നിരീക്ഷിച്ച് നിരീക്ഷിച്ച് കെണ്ടേയിരിക്കുകയാണ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തി.
അവസാനം കാരണം പിടികിട്ടി.
കുതിര അതിന്റെ നിഴല്‍ കണ്ടാണ് അസ്വസ്ഥനാകുന്നത്. കുതിരയെ സൂര്യനഭിമുഖമായി കെട്ടിയപ്പോള്‍ കുതിരക്ക് നിഴല്‍ കാണാതെയായി അതോടെ കുതിര ശാന്തനായി.
നിഴല്‍ പോലെ നിസ്സാരമായ കാര്യങ്ങളായിരിക്കാം നമ്മേയും അസ്വസ്ഥരാക്കുന്നത്.
വിജയിക്കണമെങ്കില്‍ ഭീതികള്‍ക്ക് പിടികൊടുക്കാതിരിക്കണം. 'ആശങ്കകള്‍ വലിയ ദ്രേഹമാണ് നമ്മോട് ചെയ്യുന്നത് നേടിയെടുക്കാവുന്ന പലതും ഭീതികാരണം നമ്മള്‍ നഷ്ടപ്പെടുത്തുന്നു'
(ഷേക്‌സ്പിയര്‍)
മനസ്സെന്ന കടലിലെ തിരയാണ് വിചാര വികാരങ്ങള്‍. തിരയടക്കാന്‍ കടല്‍ തന്നെ കരുതണം.