Sorry, you need to enable JavaScript to visit this website.

അതൊരു പ്രിൻസിപ്പലിന്റെ റിപ്പോർട്ട് വായന ആയിരുന്നില്ല;  കർമ്മ ഭൂമിയിൽ വിയർപ്പോടെ മടങ്ങുന്ന ഒരാളുടെ അടയാളമുണ്ടായിരുന്നു

സ്‌കൂൾ വാർഷികാഘോഷത്തിനിടയിൽ ഏവരെയും ദുഖത്തിലാക്കിയാണ് കുറ്റിയാടി ഐഡിയൽ സ്‌കൂൾ പ്രിൻസിപ്പൽ എ.കെ ഹാരിസ് കുഴഞ്ഞുവീണു മരിച്ചത്. മലപ്പുറം വെസ്റ്റ് കോഡൂർ വരിക്കോട് ആനക്കായി സ്വദേശിയായ ഹാരിസ്, സ്‌കൂൾ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. അവസാന നിമിഷം വരെ ഊർജസ്വലനായി നിന്നാണ് ഹാരിസ് ജീവിതത്തിൽനിന്ന് വിടവാങ്ങിയത്. ഹാരിസിന്റെ അവസാന നിമിഷങ്ങളെ പറ്റി സ്‌കൂൾ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്ത മുഹമ്മദ് നജീബ് എഴുതിയ ഹൃദയസ്പർശിയായ എഴുത്ത് വായിക്കാം.


ഒരു സ്‌കൂൾ പ്രിൻസിപ്പലിന്റെ പതിവ് റിപ്പോർട്ട് വായനയായിരുന്നില്ല അത്.  ഒരു മനുഷ്യൻ, താൻ നയിക്കുന്ന സ്ഥാപനത്തിന്റെ സകല നേട്ടങ്ങളും മനസ്സിലേക്കും ശരീരത്തിലേക്കും ഒരുപോലെ ആവാഹിച്ച് തന്റെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുന്നിൽ നടത്തിയ ഒരസാമാന്യ പ്രകടനമായിരുന്നു. 
മരണത്തിന് ഏതാനും മിനിറ്റ് മുമ്പ് കുറ്റിയാടി ഐഡിയൽ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ എ.കെ ഹാരിസ് സാഹിബിന്റെ റിപ്പോർട്ടവതരണം  നടക്കുമ്പോൾ ആ വാർഷികാഘോഷ സദസ്സിൽ ഞാനുമുണ്ടായിരുന്നു. രണ്ട് മക്കൾ പഠിക്കുന്ന സ്‌കൂളായത് കൊണ്ട് ഒരു രക്ഷിതാവെന്ന നിലയിൽ പങ്കെടുത്തതാണ്. ഉദ്ഘാടന പരിപാടിയും അവാർഡ് ദാനച്ചടങ്ങുമൊക്കെ കഴിഞ്ഞ് മഗ്‌രിബിന്റെ ഇടവേളയിലായിരുന്നു എല്ലാവരും. നമസ്‌കാരം കഴിഞ്ഞ് മെസ്സ് ഹാളിനടുത്ത് ട്രാൻസ്‌പോർട്ട് സ്റ്റാഫുകൾക്കൊപ്പം ഫോട്ടോ എടുക്കവെയാണ് ഹാരിസ് സർ കുഴഞ്ഞു വീണത്. 

മിനിറ്റുകൾക്കുള്ളിൽ അദ്ദേഹത്തെ തൊട്ടടുത്ത് തന്നെയുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു. യാദൃശ്ചികമായി അന്നേരം സ്‌പെഷലിസ്റ്റ് ഡോക്ടറുടെ സേവനവും ലഭ്യമായിരുന്നു. പക്ഷെ അല്ലാഹുവിന്റെ വിധി അലംഘനീയമാണല്ലോ. അദ്ദേഹത്തിന്റെ ചലനമറ്റ ശരീരത്തിൽ സ്‌കൂൾ ഐഡന്റിറ്റി കാർഡ് അപ്പോഴും തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു, കർമ്മ ഭൂമിയിൽ വിയർപ്പോടെ മടങ്ങുന്ന ഒരാളുടെ അടയാളമെന്ന പോലെ. 
ഹാരിസ് സാഹിബുമായി എസ്.ഐ. ഒ സംസ്ഥാന സമിതിയംഗം എന്ന നിലയിൽ തുടങ്ങിയ ദീർഘകാലത്തെ സൗഹൃദമുണ്ട്.  അദ്ദേഹം വന്നതിന് ശേഷം സ്‌കൂളിന് വലിയ വളർച്ച കൈവരിക്കാൻ സാധിച്ചിരുന്നു. ഇന്നവതരിപ്പിച്ച റിപ്പോർട്ടിൽ അത് പ്രതിഫലിക്കുകയും ചെയ്തിരുന്നു. 
പ്രവർത്തന മികവിന് അദ്ദേഹം അഭിനന്ദനങ്ങൾ അർഹിച്ചിരുന്നു. അവിടെ കൂടിയ സദസ്സിന് പക്ഷെ അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കാനുള്ള വിധിയാണുണ്ടായത്. അതദ്ദേഹത്തിന് നഷ്ടമാവില്ല. പഠിപ്പിച്ച കുഞ്ഞുങ്ങളുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകൾ അദ്ദേഹത്തിന്റെ പരലോകത്തിൽ വെളിച്ചം നിറക്കാതിരിക്കില്ല. അദ്ദേഹത്തെ ഇഷ്ടപ്പെട്ട അനേകം മനുഷ്യരും അവിടെയുണ്ടായിരുന്നല്ലോ. 
ആകസ്മിക വിയോഗങ്ങൾ ബാക്കിയാക്കുന്ന ശൂന്യതകൾ വേദനാജനകമാണ്. പക്ഷെ നാഥനിലേക്കുള്ള മടക്കയാത്ര അനിവാര്യമാണല്ലോ. ഹൃദ്യതയും പുഞ്ചിരിയും നിറഞ്ഞ അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ സ്വർഗ്ഗത്തിലും ഉജ്വലമായിരിക്കട്ടെ. നാഥൻ സ്വീകരിക്കുന്നതാകട്ടെ. കുടുംബത്തിന് പടച്ചവൻ ആശ്വാസം നൽകട്ടെ.


 

Latest News