അബുദബി- തൊഴില്‍ തേടിയും സന്ദര്‍ശനത്തിനുമായി ദശലക്ഷക്കണക്കിന് വിദേശികളാണ് യുഎഇയിലെത്തുന്നത്. ഓരോ വര്‍ഷവും യുഎഇ അധികൃതര്‍ക്കു ലഭിക്കുന്ന വീസ അപേക്ഷകളുടെ എണ്ണവും വളരെ ഉയര്‍ന്നതാണ്. ആവശ്യമായ എല്ലാ രേഖകളും സഹിതം തൊഴില്‍/ സന്ദര്‍ശക വീസയ്ക്ക് അപേക്ഷിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. യുഎഇയിലെ സ്‌പോണ്‍സറുടെ ഇന്‍വിറ്റേഷന്‍ ലെറ്റര്‍, ടൂറിസ് വീസയാണെങ്കില്‍ മടക്ക യാത്ര ടിക്കറ്റ്, പാസ്‌പോര്‍ട്ടിന്റെ സ്‌കാന്‍ ചെയ്ത കോപി തുടങ്ങിയ രേഖകളാണ് വേണ്ടത്. എങ്കിലും പലപ്പോഴും വീസ അപേക്ഷ നിരസിക്കാന്‍ ഇടയാക്കുന്ന ചില കാരണങ്ങള്‍ കൂടിയുണ്ട് അവ അറിയാം.
1. യുഎഇയില്‍ നേരത്തെ ഒരു റെസിഡന്‍സി വീസ ഉണ്ടായിരിക്കുകയും അത് കാന്‍സല്‍ ചെയ്യാതെ രാജ്യ വിടുകയും ചെയ്തവരുടെ വീസ അപേക്ഷ തള്ളും. ഇതു ശരിയാക്കണമെങ്കില്‍ കമ്പനി പിആര്‍ഒ ഇമിഗ്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് പഴയ റെസിഡന്‍സി വീസ ക്ലിയര്‍ ചെയ്യണം.
2. കയ്യെഴുത്ത് പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് വീസയ്ക്ക് അപേക്ഷിച്ചാല്‍ അത് സ്വമേധയാ തള്ളപ്പെടും.
3. യുഎഇയില്‍ ക്രിമിനില്‍ കേസുകളിലോ തട്ടിപ്പ്, ദുഷ്‌പെരുമാറ്റം എന്നീ കേസുകളിലോ ഉള്‍പ്പെട്ടവരുടെ അപേക്ഷയും തള്ളും.
4. നേരത്തെ ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുകയും എന്നാല്‍ ആ വീസയില്‍ യുഎഇയിലേക്ക് വരാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ പുതിയ അപേക്ഷ തള്ളും. ഇതു ശരിയാക്കണമെങ്കില്‍ കമ്പനി പിആര്‍ഒ/ ട്രാവല്‍ ഏജന്‍സി/ സ്‌പോണ്‍സര്‍ ഇമിഗ്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് ഇതു ക്ലിയര്‍ ചെയ്യണം.
5. നേരത്തെ തൊഴില്‍ വീസയ്ക്ക് അപേക്ഷിക്കുകയും എന്നാല്‍ ആ വീസയില്‍ യുഎഇയിലേക്ക് വരാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ പുതിയ അപേക്ഷ തള്ളും. ഇതു ശരിയാക്കണമെങ്കില്‍ കമ്പനി പിആര്‍ഒ/ ട്രാവല്‍ ഏജന്‍സി/ സ്‌പോണ്‍സര്‍ ഇമിഗ്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് മുന്‍ തൊഴില്‍ വീസ ക്ലിയര്‍ ചെയ്യണം.
6. വീസ അപേക്ഷയിലെ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, പ്രൊഫഷന്‍ കോഡ് എന്നിവയില്‍ അക്ഷരത്തെറ്റുകള്‍ ടൈപ്പിങ് പിഴവുകളും ഉണ്ടെങ്കില്‍ വീസ ലഭിക്കാന്‍ കാലതാമസമെടുക്കും. അല്ലെങ്കില്‍ നിരസിക്കപ്പെട്ടേക്കാം.
7. യുഎഇ ഇമിഗ്രേഷന്‍ സംവിധാനത്തില്‍ ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ നല്‍കുന്ന പാസ്‌പോര്‍ട്ട് കോപ്പിയിലെ ഫോട്ടോ മങ്ങിയതോ വ്യക്തതയില്ലാത്തതോ ആണെങ്കിലും അനുമതി ലഭിക്കാന്‍ വൈകുകയോ അപേക്ഷ തള്ളപ്പെടുകയോ ചെയ്‌തേക്കാം.
ഇവയാണ് പ്രധാന കാരണങ്ങള്‍. യുഎഇയിലെ വീസ ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വന്നേക്കാം. ഏറ്റവും പുതിയ നിയമങ്ങളും ചട്ടങ്ങളും അറിയാന്‍ ദല്‍ഹിയിലേയും തിരുവനന്തപുരത്തേയും യുഎഇ എംബസിയുമായോ കോണ്‍സുലേറ്റുമായോ ബന്ധപ്പെടാം.
വിവരങ്ങള്‍ക്ക് കടപ്പാട്: ഖലീജ് ടൈംസ്